ലോർഡ്‌സിൽ ഇന്ത്യൻ ചരിത്രം 🏏 ഇത് ടീം വിജയം

എല്ലാവരുടെയും പ്രവചനങ്ങൾക്കും ഒപ്പം നിരീക്ഷണങ്ങൾക്കും ഒടുവിലായി രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ എക്കാലത്തെയും ഒരു ചരിത്ര ജയം സ്വന്തമാക്കി കോഹ്ലിയും സംഘവും. അഞ്ചാം ദിനം എല്ലാവരും ഇന്ത്യൻ തോൽവി പ്രവചിച്ചപ്പോൾ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യൻ ടീം 151 റൺസിന്റെ ജയവുമായി 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ന് മുൻപിൽ. ലോർഡ്‌സിലെ മണ്ണിൽ ഇംഗ്ലണ്ടിനെയും ബൗളിംഗ് കരുത്തിൽ വീഴ്ത്തിയാണ് ഇന്ത്യൻ ടീം ഐതിഹാസിക നേട്ടത്തിലേക്ക് എത്തിയത്.അഞ്ചാം ദിനം ബാറ്റിങ് മികവിൽ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ മികച്ച ലീഡ് സമ്മാനിച്ച മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ എന്നിവർ നൽകിയ ജയമാണിത്.

അഞ്ചാം ദിനം 90ആം ഓവറിൽ ഇഷാന്ത് ശർമ്മ പുറത്തായതോടെ എട്ട് വിക്കറ്റിന് 209 എന്നൊരു സ്കോറിൽ ഇന്ത്യൻ ടീം വീണു. ഇതോടെ വൈകാതെ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കാം എന്നും ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും സംഘവും സ്വപ്നം കാണുവാൻ തുടങ്ങി. എന്നാൽ പിന്നീടാണ് ഇംഗ്ലണ്ടിന് കനത്ത വെല്ലുവിളിയായി ഷമി :ബുംറ സഖ്യം അവരുടെ ബാറ്റിങ് വിരുന്നിന് ലോർഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വൻ തുടക്കം കുറിച്ചത്. ഷമി ആക്രമണം ശൈലിയിൽ കളിച്ചപ്പോൾ കരുതലോടെയാണ് ബുംറ കളിച്ചത്.മുഹമ്മദ്‌ ഷമി 56 റൺസാണ് നേടിയത് എങ്കിൽ ബുംറ 34 റൺസാണ് നേടിയത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്.

അതേസമയം മറുപടി ബാറ്റിങ്ങിൽ 272 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ടീമിൽ ആർക്കും തന്നെ മികച്ച ബാറ്റിങ് പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത് എന്നതും ശ്രദ്ധേയം. റൂട്ട് 33 റൺസ് നേടിയപ്പോൾ ബട്ട്ലർ 25 റൺസ് നേടി. പക്ഷേ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ മുഹമ്മദ്‌ സിറാജ് നാലും ജസ്‌പ്രീത് ബുംറ മൂന്നും ഇഷാന്ത്‌ ശർമ രണ്ടും മുഹമ്മദ്‌ ഷമി ഒരു വിക്കറ്റും വീഴ്ത്തി.ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് കളിയിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.