❛❛തകർപ്പൻ ബാറ്റിങ്ങുമായി സൂര്യകുമാർ , മൂന്നാം ടി 20 യിൽ വിജയവുമായി ഇന്ത്യ❜❜

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയം പിടിച്ച് ഇന്ത്യ. വിന്‍ഡിസ് മുന്‍പില്‍ വെച്ച 165 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് ട്വന്റി20യുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്‍പിലെത്തി. സൂര്യകുമാര്‍ യാദവിന്റെ (76) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. റിഷഭ് പന്തും (33*) അവസരത്തിനൊത്തുയര്‍ന്നു.

165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടിയായിരുന്നു ഫലം. 11 റൺസെടുത്ത രോഹിത് ശര്‍മ്മ ഒരു ഫോറും ഒരു സിക്സും നേടി മികച്ച ഫോമിൽ കളിക്കുമ്പോളാണ് താരത്തിനെ പുറം വേദന അലട്ടുവാന്‍ തുടങ്ങിയത്. തുടര്‍ന്ന് താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ സൂര്യകുമാറിനൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ശേഷം പുറത്തായി. ശ്രേയസ് 27 പന്തിൽ 24 റൺസ് നേടി. 44 പന്തിൽ 76 റൺസുമായി സൂര്യകുമാർ പുറത്തായപ്പോൾ ഋഷഭ് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിൻഡീസിനായി അകേൽ ഹൊസൈൻ, ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രേക്സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 164 റൺസെടുത്തു. ഓപ്പണർ കെയ്ൽ മെയേഴ്‌സ് അർധസെഞ്ചുറി(50 പന്തിൽ 73) നേടി. റോവ്മാൻ പവൽ 14 പന്തിൽ 23 റൺസ് നേടിയപ്പോൾ നിക്കോളാസ് പൂരൻ 22 റൺസുമായി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ടും, ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.