‘തന്റെ കാലയളവിൽ ഇന്ത്യയെ ഭയപ്പെടുത്തിയ ഒരു പാക്കിസ്ഥാൻ ടീമിനെ നിർമ്മിക്കാനായി’ : റമീസ് രാജ
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ആദ്യ പ്രതികരണവുമായി റമീസ് രാജ രംഗത്തെത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് റമീസ് രാജ എത്തിയതിനു ശേഷം, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം, ഐസിസിക്ക് മുൻപാകെ തങ്ങളുടെ പല ആവശ്യങ്ങളും നേടിയെടുക്കാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആയിരുന്നു. ഇന്ത്യക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു റമീസ് രാജ.
സ്വന്തം നാട്ടിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പാക്കിസ്ഥാന്റെ നാണംകെട്ട പരാജയമാണ് റമീസ് രാജയുടെ സ്ഥാനം തെറിപ്പിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് റമീസ് രാജയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തു നിന്ന് നീക്കം ചെയ്തിരിക്കുന്നത്. എന്നാൽ, തന്നെ പുറത്താക്കിയതിന്റെ വിശദീകരണം നൽകുന്ന വേളയിലും ഇന്ത്യയെ കടന്നാക്രമിക്കാനാണ് റമീസ് രാജ സമയം കണ്ടെത്തിയത്. തന്റെ കാലയളവിൽ ഇന്ത്യയെ ഭയപ്പെടുത്തിയ ഒരു പാക്കിസ്ഥാൻ ടീമിനെ നിർമ്മിക്കാനായി എന്ന് റമീസ് രാജ അവകാശപ്പെട്ടു.

“പാകിസ്ഥാൻ ടീമിന്റെ പ്രകടനം ഇന്ത്യക്ക് ദഹിക്കാൻ ആയിരുന്നില്ല. ടി20 ലോകകപ്പിന്റെ ഫൈനൽ ഞങ്ങൾ കളിച്ചു. ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ എന്ത് നേട്ടം ഉണ്ടാക്കി. പാക്കിസ്ഥാന്റെ പ്രകടനം കണ്ട്, അത് ഒട്ടും ദഹിക്കാനാകാതെ വന്നതോടെയാണ് ചീഫ് സെലക്ടറെ ഉൾപ്പെടെ സെലക്ഷൻ കമ്മിറ്റിയെ തന്നെ ബിസിസിഐ പിരിച്ചുവിട്ടത്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ട ടീമാണ് ഇന്ത്യ. അവർ ഞങ്ങളുടെ പ്രകടനത്തിൽ പലപ്പോഴും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്,” റമീസ് രാജ പറഞ്ഞു.
തന്നെ പുറത്താക്കിയതിന്റെ കാരണം, 2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസ് ടീമിന്റെ ഭാരവാഹികളെ പുറത്താക്കിയതുമായി ആണ് റമീസ് രാജ താരതമ്യം ചെയ്തത്. “ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസ് ടീം, അവരുടെ അസോസിയേഷൻ ഭാരവാഹികളെ പിരിച്ചുവിട്ടിരുന്നു. അത്തരത്തിലൊരു നടപടിയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്,” റമീസ് രാജ പറഞ്ഞു. നേരത്തെ, പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ, അടുത്തവർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ വിട്ടുനിൽക്കും എന്ന കടുത്ത തീരുമാനം റമീസ് രാജ സ്വീകരിച്ചിരുന്നു.