പാണ്ട്യയും കോലിയും മുന്നിൽ നിന്നും നയിച്ചു ,ഇംഗ്ലണ്ടിന് മുന്നിൽ 169 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ, ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്, ഓപ്പണർ കെഎൽ രാഹുൽ അതിവേഗം പുറത്തായത് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി പ്രകടനം നടത്തിയ രാഹുൽ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആകെ 5 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.

എന്നിരുന്നാലും, ക്യാപ്റ്റൻ രോഹിത് ശർമ്മ (27) വിരാട് കോഹ്‌ലിക്കൊപ്പം ഭേദപ്പെട്ട സംഭാവന നടത്തിയത് ഇന്ത്യക്ക് ആശ്വാസമായി. എന്നാൽ, നാലാമനായി ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്  (14) വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായത് ഇന്ത്യക്ക് കനത്ത നിരാശ സമ്മാനിച്ചു. പക്ഷെ, അഞ്ചാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് ഇന്ത്യയുടെ ടോട്ടൽ ഉയർത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി. കോഹ്‌ലി 40 പന്തിൽ നിന്ന് 4 ഫോറും ഒരു സിക്സും സഹിതം 125.00 സ്ട്രൈക്ക് റേറ്റിൽ 50 റൺസ് എടുത്തപ്പോൾ, 33 പന്തിൽ 4 ഫോറും 5 സിക്സും സഹിതം 190.91 സ്ട്രൈക്ക് റേറ്റിൽ 63 റൺസ് ആണ് ഹാർദിക് പാണ്ഡ്യ സ്കോർ ചെയ്തത്. ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ ടോട്ടൽ 168-ൽ എത്തിച്ചത്.

എന്നാൽ, സെമി ഫൈനൽ മത്സരത്തിൽ ദിനേശ് കാർത്തിക്കിന് പകരം ഫിനിഷറുടെ റോളിൽ ടീമിൽ ഇടം നേടിയ ഋഷഭ് പന്ത് നിരാശപ്പെടുത്തി. 4 ബോളിൽ 6 റൺസ് മാത്രമാണ് പന്ത് സ്കോർ ചെയ്തത്. ഇംഗ്ലണ്ടിനായി ഫാസ്റ്റ് ബൗളർ ക്രിസ് ജോർദാൻ 3 വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ്, ആദിൽ റാഷിദ്‌ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

Rate this post