❝സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ ? പരമ്പര തൂത്തുവാരാൻ മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുന്നു ❞

വെസ്റ്റ് ഇൻഡീസ് -ഇന്ത്യ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിൽ നടക്കും. ഇന്നത്തെ മത്സരവും വിജയിച്ച് പരമ്പര തൂത്തു വരാനുളള ഒരുക്കത്തിലാണ് ഇന്ത്യയുടെ യുവ നിര.സ്ക്വാഡിലെ മറ്റ് കുറച്ച് കളിക്കാർക്ക് അവസരം നൽകാനും ബെഞ്ച് ശക്തി കൂടുതൽ പരിശോധിക്കാനുള്ള അവസരമായാണ് ഇന്ത്യ ഈ മത്സരത്തെ കാണുന്നത്.

ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം ജയിക്കേണ്ടത് വലിയൊരു കാത്തിരിപ്പിന് വിരാമമിടാനുള്ള അവസരം കൂടിയാണ്. 39 വര്‍ഷത്തിന് ശേഷം വിന്‍ഡീസില്‍ മൂന്നോ അതില്‍ കൂടുതലോ ഉള്ള ഏകദിന പരമ്പര തൂത്തുവാരാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കപില്‍ ദേവിനും സൗരവ് ഗാംഗുലിക്കും എംഎസ് ധോണിക്കും വിരാട് കോലിക്കും വിന്‍ഡീസില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ വലിയ നേട്ടമാണ് ക്യാപ്റ്റന്‍ ധവാനെ കാത്തിരിക്കുന്നത്.1983ലെ ആദ്യ ദ്വിരാഷ്ട്ര പരമ്പര കളിച്ചതു മുതല്‍ ഇന്ത്യക്ക് ഇതുവരെ വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരാനായിട്ടില്ല.

ഈ പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും വെസ്റ്റ് ഇൻഡീസ് മികച്ച ക്രിക്കറ്റ് കളിച്ചു. T20I പരമ്പരയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവർ ആശ്വാസ ജയം തേടുകയാണ്.മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും‍ ഇന്ത്യന്‍ കുപ്പായം അണിയുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. കരിയറില്‍ ഒരിക്കലും സഞ്ജുവിന് ടി20യിലായാലും ഏകദിനലിലായാലും രണ്ട് മത്സരത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല.ആദ്യ മത്സരത്തിലെ നിര്‍ണായക സേവും രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ചുറിയും സ‍ഞ്ജുവിന് വീണ്ടും അവസരം ഒരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യ (സാധ്യത ഇലവൻ ): 1 ശിഖർ ധവാൻ (ക്യാപ്റ്റൻ), 2 ശുഭ്മാൻ ഗിൽ, 3 ശ്രേയസ് അയ്യർ, 4 സൂര്യകുമാർ യാദവ്, 5 സഞ്ജു സാംസൺ (വിക്കറ്റ്), 6 ദീപക് ഹൂഡ, 7 അക്സർ പട്ടേൽ/രവീന്ദ്ര ജഡേജ, 8 ഷാർദുൽ താക്കൂർ, 9 മുഹമ്മദ് സിറാജ്. 10 യുസ്വേന്ദ്ര ചാഹൽ, 11 അവേഷ് ഖാൻ/പ്രസിദ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ് (സാധ്യത): 1 ഷായ് ഹോപ്പ് (വിക്കറ്റ്), 2 കെയ്ൽ മേയേഴ്‌സ്, 3 ഷമർ ബ്രൂക്ക്‌സ്/കീസി കാർട്ടി, 4 ബ്രാൻഡൻ കിംഗ്, 5 നിക്കോളാസ് പൂരൻ (ക്യാപ്റ്റൻ), 6 റോവ്‌മാൻ പവൽ, 7 അകേൽ ഹൊസൈൻ, 8 റൊമാരിയോ ഷെപ്പേർഡ്/ജെയ്‌സൺ ഹോൾഡർ, 9 അൽസാരി ജോസഫ്, 10 ജെയ്ഡൻ സീൽസ്/കീമോ പോൾ, 11 ഹെയ്ഡൻ വാൽഷ്.