❝ ഇന്ത്യൻ 🇮🇳⚽ ഫുട്ബോളിൽ നിന്നും ഇഷ്ടിക
കളത്തിലേക്ക് 😞🤦‍♂️ വാർത്ത വൈറലായതോടെ
സർക്കാർ ഇടപെട്ടു ❞

വിശപ്പടക്കാൻ ഇഷ്ടികക്കളത്തിൽ ജോലിക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ജാർഖണ്ഡിന്റെ സം​ഗീത സോറനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിൽ കഠിനാധ്വാനത്തിന് ഇറങ്ങേണ്ടി വന്നത്.സം​ഗീതയുമായി സംസാരിച്ചതായും ഇന്ത്യൻ കായിക താരങ്ങൾക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നതെന്നും സം​ഗീതയ്ക്ക് വേണ്ട സമ്പത്തിക സഹായങ്ങൾ നൽകുമെന്നും കേന്ദ്ര കായിക മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ധൻബാദിലെ ബസമുദി ​ഗ്രാമത്തിൽ നിന്നാണ് സം​ഗീത വരുന്നത്. ഇഷ്ടിക കളത്തിലെ ജോലിക്കിടയിലും ഫുട്ബോൾ പരിശീലനം സം​ഗീത മുടക്കുന്നില്ല. ജോലി സ്ഥലത്തിന് അടുത്തുള്ള ഫുട്ബോൾ ​ഗ്രൗണ്ടിൽ രാവിലെ പരിശീലനം. പിന്നാലെ ഇഷ്ടിക കളത്തിലേക്ക്. ലോക്കഡോൺ സമയത്ത് സഹായം തേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കഴിഞ്ഞ വർഷം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സംഗീത സോറന് സഹായം വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ സർക്കാരിൽ നിന്നുള്ള പ്രതീക്ഷകൾ ഉപേക്ഷിച്ച് സംഗീത കുടുംബത്തെ സഹായിക്കാൻ ഇഷ്ടിക കളത്തിലേക്ക് ജോലിക്ക് ഇറങ്ങുകയായിരുന്നു താരം.

2018-19ൽ ഭൂട്ടാനും തായ്ലാൻഡും വേദിയായ അണ്ടർ 17 ലോകകപ്പോടെയാണ് സം​ഗീതയുടെ വരവ്. പിന്നാലെ ഇന്ത്യയുടെ ദേശിയ സീനിയർ ടീമിലേക്കും പട്ടിണിക്കിടയിലും പന്ത് നെഞ്ചോട് ചേർത്ത് പൊരുതിയതിന്റെ ഫലമെന്നോണം വിളിയെത്തി. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സം​ഗീതയുടെ കുടുംബം. അച്ഛന് കാഴ്ച ശക്തി കുറവാണ്. സഹോദരനായിരുന്നു ഏക വരുമാനം മാർ​ഗം. കോവിഡ് വന്നതോടെ ഇതും ഇല്ലാതായി. ഇതോടെ ഇഷ്ടിക കളത്തിലേക്ക് ജോലിക്ക് ഇറങ്ങുകയായിരുന്നു സം​ഗീത.


സംഗീത തന്റെ സ്വപ്നം ഉപേക്ഷിച്ചിട്ടില്ല, പക്ഷേ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിനായി തുടർന്നും പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും, എല്ലാ പ്രഭാതത്തിലും അടുത്തുള്ള ഒരു വയലിൽ പരിശീലനം നേടാൻ സമയം കണ്ടെത്തുന്നുണ്ട് സംഗീത. സംസ്ഥാന സർക്കാരിൽ നിന്ന് ശരിയായ അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് കളിക്കാർ പലപ്പോഴും ജാർഖണ്ഡിൽ നിന്ന് മറ്റ് സംസ്ഥാനങ്ങൾക്കായി കളിക്കാറുണ്ടെന്ന് സംഗീത പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ ഇടപെടൽ മൂലം നാഷണൽ കമ്മീഷൻ ഫോർ വിമൻ (എൻ‌സി‌ഡബ്ല്യു) ചെയർപേഴ്‌സൺ രേഖ ശർമ ജാർഖണ്ഡ് സർക്കാരിന് കത്തെഴുതി. സംസ്ഥാനത്തെ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരന് സഹായവും പിന്തുണയും നൽകണമെന്ന് ആവശ്യപ്പെട്ടു. എൻ‌സി‌ഡബ്ല്യു കത്തിന്റെ പകർപ്പ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ്) പ്രസിഡന്റ് പ്രഫുൽ പട്ടേലിനും അയച്ചിട്ടുണ്ട്.

സംഗീത സോറന്റെ അവസ്ഥയെകുറിച്ചറിഞ്ഞ ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ച് ബി‌ഡി‌ഒ ബാഗ്മാര സംഗീതയുടെ വീട് സന്ദർശിച്ച് അടിയന്തര സാമ്പത്തിക സഹായവും റേഷനും നൽകിയാതായി മുഖ്യമന്ത്രിയുടെഓഫീസ് റിപ്പോർട്ട് ചെയ്തു. കായിക തലത്തിൽ മുന്നോട്ട് പോകുന്നതിനായി സംസ്ഥാന സ്‌പോർട്‌സ് പേഴ്‌സൺ വെൽഫെയർ ഫണ്ടിന്റെ കീഴിൽ ഒരു ലക്ഷം രൂപ ഉടൻ നൽകാനും തീരുമാനമായി എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.