
❝ഇന്ത്യയെ കണ്ടാൽ അയാൾക്ക് കലിപ്പാണ്, മറന്നോ ഈ പാക് ഇതിഹാസത്തെ❞ |Saeed Anwar
എഴുത്ത് :പ്രണവ് തെക്കേടത്ത്;എന്റെ കുട്ടിക്കാലത്തെ ക്രിക്കറ്റ് ഓർമകളിലേക്ക് മടങ്ങുമ്പോൾ അവിടെയൊരു ഇടതു കയ്യനുണ്ട് സൗന്ദര്യാത്മകമായ നിമിഷങ്ങൾ ആ ഇടതുകൈയുടെ സഹായത്താൽ അയാൾ ഗ്രൗണ്ടിൽ വരച്ചു കാട്ടിയപ്പോഴൊന്നും ആ നിമിഷങ്ങൾ ഞാൻ ആസ്വദിച്ചിരുന്നില്ല.
വൈകാരികമായി മാത്രം ക്രിക്കറ്റിനെ സമീപിച്ചിരുന്ന നാളുകളിൽ അയാളോട് വെറുപ്പായിരുന്നു, ആ ബാറ്റിംഗ് കഴിവുകൾ എന്നും പതിമടങ് ശക്തിയോടെ ഇന്ത്യക്കെതിരെ അയാൾ തുറന്നു വിടുമ്പോൾ അയാളോട് പേടിയായിരുന്നു.ആ വിക്കറ്റൊന്ന് പെട്ടെന്ന് വീഴാൻ വേണ്ടി പ്രാര്ഥിച്ചിരുന്ന ആ നാളുകളിൽ ഒരിക്കൽ പോലും അയാളെ പ്രകീർത്തിച്ചിരുന്നില്ല.1999ലെ വേൾഡ് കപ്പിലെ സെമിയിൽ പുറത്താവാതെ അയാൾ നേടിയ സെഞ്ചുറി ഇന്നുമുണ്ടീ ഓർമ്മകളിൽ, ആ ദിനം ഓഫ് സൈഡിലെ ബൗണ്ടറി റോപ്പുകളെ ചുംബിച്ചു കടന്നു പോയ ബോളുകൾ ക്രിക്കറ്റിലെ എക്കാലത്തെയും മനോഹാരിതയായിരുന്നു…

2003 വേൾഡ് കപ്പിൽ അതു വരെ ഫോമിൽ അല്ലാതിരുന്നിട്ടും തന്റെ ഇഷ്ട വിഭവമായ ഇന്ത്യൻ ബോളേഴ്‌സ് മുന്നിലേക്കെത്തിയപ്പോൾ അദ്ദേഹം അവിടെയും ശതകം സ്വന്തമാക്കിയിരുന്നു, മികച്ച ആവേറെജോടെ തൊണ്ണൂറുകളിൽ ബാറ്റ് വീശിയ അപൂർവം ഓപ്പണർമാരിലൊരാൾ.ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്കോർ ഒരു വ്യാഴവട്ടകാലത്തോളം സ്വന്തം പേരിലാക്കിയവൻ.. 1999ലെ വേൾഡ് കപ്പിലെ തുടർച്ചയായ ശതകത്തിലൂടെ സച്ചിനുമായുള്ള സെഞ്ചുറിയുടെ അകലം പോലും കുറച്ചിരുന്ന ഒരു കാലം.

പിന്നീടെപ്പോഴൊക്കെയോ കളിയിൽ നിന്ന് വിട്ടു നിന്നപ്പോൾ പത്രത്തിൽ മകൾ മരിച്ച വിഷാദത്തിൽ താടി നീട്ടിയിരുന്ന ആ രൂപം എന്നെ വിഷമിപ്പിച്ചിരുന്നു,ഇഷ്ടപ്പെട്ടിരുന്നു ആ കഴിവുകളെയെന്ന് മനസ്സോർമ്മിപ്പിച്ച നിമിഷങ്ങൾ.എന്നും ഇന്ത്യക്ക് വിലങ്ങു തടിയായിരുന്ന 5 മാൻ ഓഫ് ദി മാച്ചുകൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയ ആ ഇടതുകയ്യനെ ആരാണ് മറക്കുക