❝ ക്വാർട്ടർ ഫൈനലിന് മുൻപ് സൂപ്പർ താരങ്ങളുടെ പരിക്ക് ബെൽജിയത്തിന് തിരിച്ചടിയാവുമോ? ❞

യൂറോ കപ്പിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ പോർചുഗലിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ബെൽജിയം മുന്നിലെത്തിരിക്കുകയാണ്. എന്നാൽ ആവേശവിജയത്തിനിടയിലും ബെൽജിയത്തെ കുഴക്കുന്നത് സൂപ്പർ താരങ്ങളുടെ പരിക്കാണ്.പോർച്ചു​ഗലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പർ താരം ഈഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനെയും ഇറ്റലിക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും സ്കാനിം​ഗിന് വിധേയരാക്കിയശേഷമെ പരിക്കിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാവു എന്ന് ബെൽജിയം ടീം മാനേജ്മെന്റ് വ്യക്തമാക്കി.

ക്വാർട്ടറിൽ കരുത്തരായ ഇറ്റലിയെ നേരിടാനൊരുകുമ്പോൾ ഇവരുടെ അഭാവം ടീമിനെ നല്ല രീതിയിൽ തന്നെ ബാധിക്കുമെന്നുറപ്പാണ്.പോർചുഗലിനെതിരെയുള്ള പോരാട്ടത്തിൽ രണ്ടാം പുകുതിയുടെ തുടക്കത്തിൽ 48-ാ മിനുറ്റിലാണ് ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയത്. പോർച്ചു​ഗൽ മിഡ്ഫീൽഡർ ജോവാ പാൽഹിനയുടെ ടാക്ലിം​ഗിൽ വീണുപോയ ഡിബ്രുയിനെയുടെ ഇടതു കാൽക്കുഴക്കാണ് പരിക്കേറ്റത്. ഉടൻ പകരക്കാരനെ ആവശ്യപ്പെട്ട ഡിബ്രൂയിനെ ​ഗ്രൗണ്ട് വിട്ടു. ഡ്രൈസ് മെർട്ടൻസാണ് പിന്നീട് ഡിബ്രൂയിനെയുടെ പകരക്കാരനായി കളിച്ചത്.ചാമ്പ്യൻസ് ലീ​ഗ് ഫൈനലിനിടെ മുഖത്തേറ്റ പരിക്കിനെത്തുടർന്ന് ഡിബ്രൂയിനെക്ക് ​ഗ്രൂപ്പ് ഘട്ടത്തിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ ഡെൻമാർക്കിനെതിരായ രണ്ടാം മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയിനെ ആണ് ടീമിന്റെ വിജയ​ഗോൾ നേടിയത്.മത്സരത്തിന്റെ അവസാനമാണ് ഹസാർഡ് പേശിവലിവിനെത്തുടർന്ന് കളം വിട്ടത്. 87-ാം മിനിറ്റിൽ മടങ്ങിയ ഹസാർഡിന് പകരം യാനിക് കരാസ്കോ ആണ് ​ഗ്രൗണ്ടിലിറങ്ങിയത്.

റയൽ മാഡ്രിഡിൽ പരിക്കുമൂലം സീസണിലെ ഭൂരിഭാ​ഗം മത്സരങ്ങളിലും പുറത്തിരുന്ന ഹസാർ യൂറോയിലാണ് വീണ്ടും സജീവമായത്. 30 കാരൻ 2019 ൽ ചെൽസിയിൽ നിന്നും മാഡ്രിഡിലേക്ക് മാറിയതുമുതൽ പരിക്കുകളുമായി മല്ലിട്ടാണ് താരം മുന്നേറുന്നത്.