❝ സിറ്റി പുതിയ ✍️ചാലഞ്ച് ഏറ്റെടുക്കുന്നു,
ഇറ്റാലിയൻ ലീഗിൽ നിന്നും ⚽🔥 അയാളേം
കൂടി ഇങ്ങെത്തിച്ചാൽ സിറ്റിയുടെ ഗോൾ
വേട്ടക്ക് ആക്കം കൂടും ❞

ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുന്ന അർജന്റിനെ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്കും ഫോമില്ലാത്തത്‌ മൂലം വലയുന്ന ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനും പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ പേരുകൾ ഇതിലേക്ക് ഉയർന്നു വരുന്നുണ്ടെങ്കിലും പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഭാഗത്തു നിന്നും അഭിപ്രായങ്ങൾ ഒന്നും ഉയർന്നു വന്നിട്ടില്ല.റിയാദ് മഹ്രെസും കെവിൻ ഡി ബ്രൂയിനും ഫാൾസ് 9 പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവക്കുന്നത് മൂലം ഒരു ക്ലിനിക്കൽ സ്‌ട്രൈക്കറുടെ അഭാവം സിറ്റി നിരയിൽ ഉണ്ടാകാറില്ല. എന്നാലും ആക്രമണത്തിനുള്ള അവരുടെ ഓപ്ഷനുകളിൽ സിറ്റി തൃപ്തരല്ലെന്ന് വ്യക്തമാണ്.

അടുത്ത സീസണിൽ മികച്ചൊരു സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ കണ്ണ് പതിച്ചിരിക്കുന്നത് ഇന്റർ മിലാൻറെ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകുവിലാണ്. പത്തു വർഷത്തിന് ശേഷം ഇന്റർ മിലാൻറെ സിരി എ കിരീട ധാരണത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ്. വരുന്ന സീസണിൽ സ്‌ട്രൈക്കറെ ഒപ്പിടാനുള്ള ശ്രമത്തിലാണ് സിറ്റി.ഇറ്റാലിയൻ ബ്രോഡ്‌കാസ്റ്റർ മീഡിയാസെറ്റ് റിപ്പോർട്ട് അനുസരിച്ച് ഇന്റർ മിലാനിലെ ഉടമസ്ഥാവകാശത്തിലെ ചില പ്രശ്നങ്ങൾ മൂലം അവരുടെ ചില കളിക്കാരെ സമ്മർ വിൻഡോയിൽ വിൽക്കാനായി ശ്രമങ്ങൾ നടക്കുന്നുണ്ട്.


വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് പോകാൻ ബെൽജിയം ഇന്റർനാഷണൽ തയ്യാറാകുമോയെന്ന് അറിയാൻ ലുകാകുവിന്റെ ഏജന്റുമായി ഇതിനകം തന്നെ സിറ്റി അധികൃതർ ബന്ധപെട്ടു കഴിഞ്ഞു.സാൻ സിറോയിൽ തുടരാൻ താരം താല്പര്യപെടുന്നുണ്ടെങ്കിലും ക്ലബിലെ നിലവിലെ സാമ്പത്തിക സ്ഥിതി അദ്ദേഹത്തിന്റെ ഭാവിയെ നിർണ്ണയിക്കും. ട്രാൻസ്ഫർ മാർക്കറ്റിൽ ഏകദേശം 81 മില്യൺ ഡോളർ വിലമതിക്കുന്ന താരമാണ് ബെൽജിയൻ. 2020/21 സീസണിൽ ഇന്റർ ആക്രമണത്തിന്റെ കുന്തമുന ആയിരുന്നു 27 കാരൻ. അർജന്റീനിയൻ സ്‌ട്രൈക്കർ മാർട്ടിനെസിനൊപ്പം മികച്ചൊരു കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്.

സിരി എ യിൽ ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (27) മാത്രമാണ് ലുകാകുവിനെക്കാൾ കൂടുതൽ ഗോളുകൾ നേടിയത്.ഒൻപത് അസിസ്റ്റുകളും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്വന്തം പേരിൽ കുറിച്ചു. തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ലുകാകുവിന് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നതിലൂടെ ഗോൾ സ്കോറിന് നിലനിർത്താനാവുമോ എന്നാണ് ഉറ്റുനോക്കുന്നത്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്റ്റ് ബ്രോം ,ചെൽസി ,എവർട്ടൺ , മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്ക് ജേഴ്സിയണിഞ്ഞ ലുകാകു പ്രീമിയർ ലീഗിൽ 96 ഗോളുകൾ നേടിയിട്ടുണ്ട്.