രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും, എതിരാളികൾ സൂപ്പർ കിങ്‌സ്

ഐപിഎൽ 2020 ലെ നാലാം ദിനമായ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർകിങ്സിനെ നേരിടും.ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം ജയം ലക്ഷ്യമിടുമ്പോള്‍ 13ാം സീസണിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാനിറങ്ങുന്നത്. സ്മിത്തിന്റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ ആദ്യ സീസണിൽ ജേതാക്കളായിരുന്നു എന്നാൽ ആ പ്രകടനം പിന്നീട് ആവർത്തിക്കാൻ അവർക്കായില്ല. ഇന്ത്യൻ ടൈം രാത്രി 7 .30 ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

സ്പിന്നര്മാരെ തുണയ്ക്കുന്ന ഷാർജ പിച്ചിൽ ശരാശരി ആദ്യ ഇന്നിഗ്‌സിലെ സ്കോർ 149 ആണ്.ഇതുവരെ 22 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. എട്ട് തവണ രാജസ്ഥാനും വിജയിച്ചിട്ടുണ്ട്. യുഎഇയില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു.വയസന്‍ പടയുടെ കരുത്ത് എന്തെന്ന് ആദ്യ മത്സരത്തില്‍ത്തന്നെ സിഎസ്‌കെ തെളിയിച്ചു. . ഓപ്പണിങ് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഷെയ്ന്‍ വാട്‌സണൊപ്പം ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മുരളി വിജയ് ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും വലിയ പരാജയമായിരുന്നു. മൂന്നാം നമ്പറില്‍ റെയ്‌നയുടെ അഭാവത്തില്‍ ഫഫ് ഡുപ്ലെസിസിനെയാണ് സിഎസ്‌കെ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത്.

ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ഡുപ്ലെസിസ് കരുത്തുകാട്ടിയിരുന്നു. അമ്പാട്ടി റായിഡുവിന്റെ പ്രകടനവും ടീമിന്റെ ശക്തിയാണ്. എന്നാല്‍ പരിക്ക് ഭേദമാവാത്ത ഡ്വെയ്ന്‍ ബ്രാവോ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നാണ് പരിശീലകന്‍ ഫ്‌ളമിങ് വ്യക്തമാക്കിയത്. എന്നാല്‍ സ്പിന്‍ നിരയിലേക്ക് ഇമ്രാന്‍ താഹിര്‍ ഇന്ന് എത്തിയേക്കും. മധ്യനിരയില്‍ ധോണി,കേദാര്‍ ജാദവ്,രവീന്ദ്ര ജഡേജ എന്നിവര്‍ മികവ് കാട്ടേണ്ടതും ടീമിന് അത്യാവശ്യമാണ്. മുംബൈയ്‌ക്കെതിരേ തിളങ്ങിയ സാം കറാനും ഇന്ന് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ന് രാജസ്ഥാന്‍ നിരയിലുണ്ടാവുമെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ഇന്ന് ടീമിലുണ്ടാകില്ല. ഇത് രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ പ്രകടമായേക്കും. സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ,മനാന്‍ വോറ,റിയാന്‍ പരാഗ്,യശ്വസി ജയ്‌സ്വാള്‍,ഡേവിഡ് മില്ലര്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷകള്‍. ജോഫ്ര ആര്‍ച്ചര്‍,ഒഷ്വെയ്ന്‍ തോമസ്,വരുണ്‍ ആരോണ്‍,ടോം കറാന്‍,ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് പേസ് ബൗളിങ് കരുത്ത്. സ്പിന്‍ നിരയില്‍ മുന്‍ മുംബൈ താരം മായങ്ക് മാര്‍ക്കണ്ഡെയ്‌ക്കൊപ്പം ശ്രേയസ് ഗോപാലും ടീമിന് ശക്തിപകരും. ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ പകരക്കാരനാവാന്‍ ഒരു മിന്നും ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്.