ഐപിഎൽ 2020 : സൂപ്പർ കിങ്സിന് വിജയ തുടക്കം

2013 മുതല്‍ തുടര്‍ന്ന് വരുന്ന ഉദ്ഘാടന മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങുകയെന്ന മുംബൈയുടെ പതിവ് ഇത്തവണയും തെറ്റിയില്ല. ഇന്ന് ചെന്നൈ നേടിയ 5 വിക്കറ്റ് ജയം തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് മുംബൈയുടെ ഉദ്ഘാടന മത്സരം തോല്‍വിയില്‍ അവസാനിക്കുക എന്ന നാണക്കേടിലേക്ക് ചെന്നെത്തിയിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ ആറിനു രണ്ടു വിക്കറ്റെന്ന നിലയില്‍ സിഎസ്‌കെ പതറിയെങ്കിലും മൂന്നാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് അവര്‍ക്കു മിന്നുന്ന വിജയം സമ്മാനിച്ചു. 19.2 ഓവറില്‍ അഞ്ചു വിക്കറ്റിന് സിഎസ്‌കെ ലക്ഷ്യത്തിലെത്തി. മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡു-ഫാഫ് ഡുപ്ലെസി സഖ്യം ചേര്‍ന്ന് നേടിയത് 115 റണ്‍സാണ്. ടീം സ്‌കോര്‍ 121ലായിരുന്നു ജോടി വേര്‍പിരിഞ്ഞത്. 48 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റായുഡുവിന്റെ (71) ഇന്നിങ്‌സ്. ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ ഫിഫ്റ്റി കൂടിയാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.ഡുപ്ലെസി 58 റണ്‍സുമായി പുറത്താവാതെ നിന്നു. 44 പന്തില്‍ ആറു ബൗണ്ടറികള്‍ ഡുപ്ലെസിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

വിജയം പൂര്‍ത്തിയാക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ധോണിയായിരുന്നു ഡുപ്ലെസിക്കൊപ്പം ക്രീസില്‍. മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സന്‍ (4), രവീന്ദ്ര ജഡേജ (10), സാം കറെന്‍ (18) എന്നിരാണ് പുറത്തായ മറ്റുള്ളവര്‍.ടീമിലെ എല്ലാവര്‍ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അവരെ ഇതു വലിയ സ്‌കോറാക്കി മാറ്റാന്‍ ധോണി അനുവദിച്ചില്ല. ബൗളിങ് ചേഞ്ചുകളിലൂടെയും മികച്ച ഫീല്‍ഡിങിലൂടെയും സിഎസ്‌കെ മുംബൈയ്ക്കു മൂക്കുകയറിട്ടു. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയുടെ രണ്ടു കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുതകള്‍ കളിയിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളായി മാറി. തിവാരിയെയും ഹാര്‍ദിക് പാണ്ഡ്യയെയുമാണ് ഡുപ്ലെസി രണ്ടു തകര്‍പ്പന്‍ ക്യാച്ചുകളിലൂടെ മടക്കിയത്. രണ്ടും രവീന്ദ്ര ജഡേജയുടെ ഓവറിലായിരുന്നു. സിക്‌സറാവേണ്ടിയിരുന്ന രണ്ടു ഷോട്ടുകളാണ് ഡുപ്ലെസിയുടെ മികവില്‍ സിഎസ്‌കെ വിക്കറ്റാക്കി മാറ്റിയെടുത്തത്. ബൗണ്ടറി ലൈനനിന് ഇഞ്ചുകള്‍ വ്യത്യാസത്തിലായിരുന്നു ഡുപ്ലെസിയുടെ സാഹസിക പ്രകടനം.

തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിതും ഡികോക്കും ചേര്‍ന്നു മുംബൈക്കു നല്‍കിയത്. ദീപക് ചഹറിന്റെ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ കവറിനും പോയിന്റിനും ഇടയിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണ് രോഹിത് മുംബൈയുടെ അക്കൗണ്ട് തുറന്നത്. മറുഭാഗത്ത് ഡികോക്കും മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ഓവറില്‍ ഇരുവരും ചേര്‍ന്ന് 12 റണ്‍സെടുത്തു. നാലോവര്‍ കഴിയുമ്പോള്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സുണ്ടായിരുന്നു. സിഎസ്‌കെയുടെ കൈയില്‍ നിന്നും കളി കൈവിട്ടുപോവുമോയെന്നു തോന്നിയ നിമിഷങ്ങള്‍. അപ്പോഴാണ് ധോണി തന്ത്രത്തില്‍ മാറ്റം വരുത്തിയത്. അഞ്ചാം ഓവറില്‍ തന്നെ പിയൂഷ് ചൗളയെ അദ്ദേഹം അവതരിപ്പിച്ചു. നീക്കം പാളിയില്ല. നാലാമത്തെ പന്തില്‍ രോഹിത്ത് വീണു. ഫീല്‍ഡര്‍ക്കു മുകളിലൂടെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ പന്ത് മിഡ് ഓഫില്‍ നിന്ന സാം കറെന്റെ കൈക്കുമ്പിളിലൊതുങ്ങി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ കറെന്റെ ഓഫ് കട്ടറില്‍ ഡികോക്കും വീണു. മിഡ് വിക്കറ്റില്‍ വാട്‌സന് അനായാസ ക്യാച്ച് നല്‍കി താരം ക്രീസ് വിട്ടു. രണ്ട് ഓപ്പണര്‍മാരും മടങ്ങിയതോടെ മുംബൈയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. ജഡേജയെ പിന്നീട് മുംബൈ ടാര്‍ജറ്റ് ചെയ്യുന്നതാണ് കണ്ടത്. ജഡേജയെറിഞ്ഞ ഒമ്പതാം ഓവറില്‍ ഹാര്‍ദിക്കും തിവാരിയും ചേര്‍ന്നെടുത്തത് 15 റണ്‍സാണ്.മുംബൈ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി കടക്കാതിരുന്ന മല്‍സരത്തില്‍ സൗരഭ് തിവാരിയായിരുന്നു (42) ടോപ്‌സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍.

മൂന്നു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് സിഎസ്‌കെ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ദീപക് ചഹറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ അരങ്ങേക്കാരായ പിയൂഷ് ചൗളയും സാം കറെനും ഓരോ വിക്കറ്റ് വീതമെടുത്തു. നായകന്‍ രോഹിത് ശര്‍മ (12), സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് (14), ക്രുനാല്‍ പാണ്ഡ്യ (3) എന്നിവരെല്ലാം ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി.