അബുദാബിയിലെ ഹിറ്റ്മാൻ ഷോ

ആദ്യ കളിയിൽ `ചെന്നൈക്കെതിരെ നേരിട്ട പരാജയത്തിന്റെ കണക്കു പലിശയടക്കം തീർക്കുന്ന പ്രകടനമായിരുന്നു ഇന്നലെ നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ പുറത്തെടുത്തത്. ആദ്യ കളിയിൽ സ്കോർ കണ്ടെത്താൻ വിഷമിച്ച രോഹിത് ശർമ ഇന്നലെ വിശ്വരൂപം പുറത്തെടുത്തു.കളിയില്‍ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ 54 പന്തിലാണ് ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയത്. സഹ ഓപ്പണർ ഡി കൊക്കിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ സൂര്യ കുമാർ യാദവിനൊപ്പം കെകെഎർ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു മുംബൈ ക്യാപ്റ്റൻ.

കെകെആറിനെതിരേ ആറു സിക്‌സറുകള്‍ പായിച്ചതോടെ ഐപിഎല്ലില്‍ രോഹിത് സിക്‌സറുകളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ഈ മല്‍സരത്തിനു മുമ്പ് 194 സിക്‌സറുകളായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. ഇതോടെ 200 സിക്സ് ക്ലബ്ബില്‍ അംഗമായ മൂന്നാമത്തെ താരമായി രോഹിത് മാറി. ഒമ്പതു സിക്‌സറുകള്‍ മുന്നിലായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് രോഹിത്തിന് മുന്നിലുള്ളത്. ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡിന് അവകാശി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 326 സിക്‌സറുകളാണ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സാണ് 214 സിക്‌സറുകളുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.


ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്. കെകെആറിനെതിരേ മാത്രം അദ്ദേഹം നേടിയത് 904 റണ്‍സാണ്. മറ്റൊരു താരവും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കെതിരേ ഇത്രയും റണ്‍സ് അടിച്ചെടുത്തിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് രോഹിത് തകര്‍ത്തത്. കെകെആറിനെതിരേ തന്നെ വാര്‍ണര്‍ നേടിയ 829 റണ്‍സെന്ന റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.

മത്സരം തുടങ്ങുന്നതിനു മുൻപ് ഐപിഎൽ ചരിത്രത്തിൽ 5000 റൺസ് നേടുന്ന മൂന്നാമത്തെ താരമാവാൻ 90 റൺസാണ് രോഹിതിന് വേണ്ടി വന്നത്. എന്നാൽ 10 റൺസ് കുറവ് മാത്രമാണ് മുംബൈ താരത്തിന് എടുക്കാൻ സാധിച്ചത്.നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന എന്നിവര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.