ആദ്യ വിജയം തേടി ഹൈദരാബാദും കെകെആറും നേർക്കുനേർ

ഐപിഎല്‍ പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വരുന്നു. അബുദാബിയിലെ ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ കളിയില്‍ ഇരു ടീമുകളും തോറ്റതിനാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനുള്ള പോരാട്ടമായിരിക്കും നടത്തുകയെന്നുറപ്പാണ്.


മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം ഇറങ്ങുന്ന കെകെആറിന് ജയിച്ചേ തീരൂ. വിദേശ കളിക്കാരുടെ ഫോമില്ലായ്മയാണ് ആദ്യ കളിയില്‍ ടീമിന് തിരിച്ചടിയായത്. രണ്ടാം കളിയില്‍ ഇവര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. തുടരെ തോല്‍വി ഏറ്റുവാങ്ങിയാല്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റും. ബൗളര്‍ സന്ദീപ് നായര്‍ക്ക് പകരം ഒരു ബാറ്റ്‌സ്മാനെ അധികമായി ടീമിലെടുക്കാന്‍ തീരുമാനിച്ചാല്‍ റിങ്കു സിങ്ങിനാണ് നറുക്കുവീഴുക.മധ്യനിരയില്‍ ആന്‍ഡ്രെ റസല്‍,ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ ഫോം കണ്ടെത്തിയാല്‍ കെകെആറിനത് കരുത്താകും. ബൗളിങ് നിരയില്‍ 15.5 കോടി കൊടുത്ത് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ട് മുമ്പാണ് അദ്ദേഹം ക്വാറന്റെയ്ന്‍ അവസാനിപ്പിച്ചത്. അതിനാല്‍ത്തന്നെ പിച്ച് മനസിലാക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. ഇന്ന് കമ്മിന്‍സില്‍ നിന്ന് മികച്ച പ്രകടനം തന്നെ ടീം പ്രതീക്ഷിക്കുന്നു.

ആര്‍സിബിയോട് നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ട ഹൈദരാബാദിനും ബാറ്റിങ്ങില്‍ മികച്ച പ്രകടനത്തോടെ തിരിച്ചെത്തണം. പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് തിരിച്ചുപോയതിനാല്‍ പകരക്കാരനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തും. ഡേവിഡ് വാര്‍ണര്‍ ഫോമില്‍ തിരികെയെത്തിയാല്‍ കെകെആറിന് കാര്യങ്ങള്‍ അനുകൂലമാകില്ല. ബൗളിങ്ങില്‍ ഹൈദരാബാദ് ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാവുകയില്ല.ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവരില്‍ ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ അവസാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് നിരയിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. വിജയ് ശങ്കറിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ കളിപ്പിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല.

വില്യംസണ്‍ എത്തിയാല്‍ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കും. പേസ് ബൗളര്‍മാര്‍ തരക്കേടില്ലെങ്കിലും യുഎഇയില്‍ റാഷിദ് ഖാന്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷ കാത്തില്ല. റാഷിദ് ഫോം ഔട്ടായാല്‍ പകരം അവസരം കാത്ത് മുഹമ്മദ് നബി പുറത്തുണ്ട്. രണ്ട് ടീമുകളും നേരത്തെ 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ കൊല്‍ക്കത്തയും 7 തവണ ഹൈദരാബാദും ജയിച്ചു. ഇത്തവണ ഹൈദരാബാദിനാണ് ജയസാധ്യത.