കെകെആറിനെ നിലംപരിശാക്കി മുംബൈയുടെ ഗംഭീര തിരിച്ചുവരവ്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലേക്കു ഗംഭീര വിജയവുമായി തിരിച്ചുവന്നു. ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ട മുംബൈ രണ്ടാമത്തെ കളിയില്‍ തനിനിറം പുറത്തെടുത്തു. വന്‍ താരനിരയുമായെത്തിയ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാണം കെടുത്തിയാണ് മുംബൈയുടെ തകര്‍പ്പന്‍ മടങ്ങിവരവ്. തികച്ചും ഏകപക്ഷീയമായ കളിയില്‍ 49 റണ്‍സിന് രോഹിത് ശര്‍മയുടെ ടീം ദിനേഷ് കാര്‍ത്തികിനെയും സംഘത്തെയും നിഷ്പ്രഭരാക്കി.

196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്‌സ് അനായാസം വിജയം കാണുമെന്നു തോന്നിയെങ്കിലും ഒരു ചെറുത്തുനില്‍പ്പും കൂടാതെ തന്നെ കെകെആര്‍ കീഴടങ്ങി. ഒമ്പതു വിക്കറ്റിന് 146 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. കെകെആര്‍ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. നേരത്തേ ബൗളിങില്‍ നന്നായി തല്ലുവാങ്ങിയ, കഴിഞ്ഞ ലേലത്തിലെ വിലപിടിപ്പുള്ള താരമായി മാറിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു (33) കെകെആറിന്റെ ടോപ്‌സ്‌കോറര്‍. ബൗളിങിലെ ദയനീയ പ്രകടനത്തിന് ബാറ്റിങില്‍ താരം പ്രായശ്ചിത്തം ചെയ്തു. വെറും 11 പന്തിലാണ് മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം കമ്മിന്‍സ് 33 റണ്‍സ് വാരിക്കൂട്ടിയത്. നായകന്‍ ദിനേഷ് കാര്‍ത്തികാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. ഇയോന്‍ മോര്‍ഗന്‍ (16), ആന്ദ്രെ റസ്സല്‍ (11), ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9), നിഖില്‍ നായിക്ക് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിസണ്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്മയുടെയും സൂര്യ കുമാർ യാദവിന്റെയും മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ 20 ഓവറിൽ 195 റണ്‍സ് നേടി . തുടക്കത്തിലേ ഡി കൊക്കിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിത് ശര്‍മ്മ – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയിയെ കരകയറ്റിയത്3 ഫോറും ആറു സിക്സും54 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ശിവം മാവിയാണ് പുറത്താക്കിയത്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

സ്പിന്നര്‍മാരായ സുനില്‍ നരൈനും കുല്‍ദീപ് യാദവും ഏതാനും ഓവറുകള്‍ റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞുവെങ്കിലും വിക്കറ്റ് നേടുവാന്‍ ഇരുവര്‍ക്കുമായില്ല. നരൈന്‍ എറിഞ്ഞ 11ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ മുംബൈയ്ക്ക് തങ്ങളുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 28 പന്തില്‍ നിന്ന് 47 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. സ്പിന്നര്‍മാരുടെ വരവോട് കൂടി റണ്‍സ് കണ്ടെത്തുവാന്‍ രോഹിത്തും ബുദ്ധിമുട്ടിയെങ്കിലും താരം 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

കുല്‍ദീപ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രോഹിത് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് മുംബൈ 17 റണ്‍സാണ് നേടിയത്. തന്റെ ആദ്യ ഓവറില്‍ കണക്കറ്റ് തല്ലുമേടിച്ച പാറ്റ് കമ്മിന്‍സ് രണ്ടാം ഓവര്‍ എറിയുവാനെത്തിയപ്പോള്‍ സൗരവ് തിവാരി സിക്സും ഫോറും നേടുന്നതാണ് കണ്ടത്. ഓവറില്‍ നിന്ന് 15 റണ്‍സ് മുംബൈ നേടി.അടുത്ത ഓവറില്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ സൗരഭ് തിവാരിയെ സുനില്‍ നരൈന്‍ പുറത്താക്കി. നരൈന്‍ 4 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റാണ് നേടിയത്. രോഹിത് ശര്‍മ്മ പുറത്തായ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ ഹിറ്റ് വിക്കറ്റ് ആയി ആന്‍ഡ്രേ റസ്സലിന് വിക്കറ്റ് നല്‍കി മടങ്ങി.

കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ നിന്ന് ശിവം മാവി 13 റണ്‍സ് വിട്ട് കൊടുത്തതോടെ താരത്തിന്റെ സ്പെല്‍ 4 ഓറില്‍ 32 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ അവസാനിച്ചു. 15 കോടിക്ക് ടീമിലെത്തിയ ഓസീസ് താരം പാറ്റ് കമ്മിൻസ് 3 ഓവറിൽ 49 റൺസ് വഴങ്ങി.