പഞ്ചാബിനെതിരെ ബംഗളുരുവിനു നാണംകെട്ട തോൽവി

ഇന്നലെ ദുബായിൽ പഞ്ചാബിനെ നേരിട്ട കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നാണം കെട്ട തോൽവി. 97 റൺസിനാണ് പഞ്ചാബ് ആധികാരിക വിജയം കൈക്കലാക്കിയത്. 207 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിയും കൂട്ടരും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പേര് കേട്ട ബാംഗ്ലൂർ ബാറ്റിംഗ് നിരയിൽ ഒരാൾക്ക് പോലും പിടിച്ചു നിൽക്കാനായില്ല. ഇടവേളകളിൽ തുടർച്ചയായി വിക്കറ്റ് നേടിയ പഞ്ചാബ് സ്പിന്നർമാർമാരാണ് വിജയം എളുപ്പമാക്കിയത്.

കഴിഞ്ഞ കളിയിൽ മികച്ചു നിന്ന മലയാളി താരം ദേവ്ദത്ത ആദ്യ ഓവറിൽ തന്നെ കോട്രാൽ മടക്കി ,രണ്ടാം ഓവറിൽ ജോഷ് ഫിലിപ്പിനെ ഷമിയും പുറത്താക്കിയതോടെ ബാംഗ്ലൂർ വലിയ തകർച്ചയുടെ വക്കിലായി.മൂന്നാം ഓവറിൽ സൂപ്പർ താരം കൊഹ്‌ലിയെ കോട്രാൽ തന്നെ മടക്കിയതോടെ ബാംഗ്ലൂർ 3 വിക്കറ്റിന് നാലു റൺസ് എന്ന നിലയിലായി.അഞ്ചാം വിക്കറ്റിൽ ഫിഞ്ചും ഡി വില്ലിയേഴ്സും സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും സ്കോർ 53 ൽ നിൽക്കെ ഫിഞ്ചിനെ യുവ സ്പിന്നർ ബിഷ്‌ണോയി ക്ലീൻ ബൗൾഡ് ചെയ്തു. അടുത്ത ഓവറിൽ ഡി വില്ലിയേഴ്സിനെ മുരുഗൻ അശ്വിൻ പുറത്താക്കിയതോടെ ബാംഗ്ലൂർ പരാജയം സമ്മതിച്ചു.30 റൺസ് നേടിയ സ്പിന്നർ വാഷിംഗ്‌ടൺ സുന്ദറാണ് ബംഗളുരുവിലെ ടോപ് സ്കോറെർ. 17 ഓവറിൽ 109 റൺസിന്‌ ബാംഗ്ലൂർ ഇന്നിംഗ്സ് അവസാനിച്ചു, 97 റൺസിന്റെ വമ്പൻ തോൽവിയും ഏറ്റുവാങ്ങി. പഞ്ചാബിന് വേണ്ടി സ്പിന്നര്മാരായ മുരുഗൻ അശ്വിനും, ബിഷ്‌ണോയിയും മൂന്നു വിക്കറ്റ് വീതവും ,കോട്രാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ രാഹുലിന്റെ വെടിക്കെട്ടു ബാറ്റിങ്ങിന്റെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നക്ഷതയിൽ 206 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഓപ്പണർമാരായ അഗർവാളും ,രാഹുലും പവർ പ്ലേയിൽ തന്നെ ബാംഗ്ലൂർ ബൗളർമാരെ കടന്നാക്രമിച്ചു.26 റൺസ് നേടി മികച്ച തുടക്കം നൽകിയ അഗർവാളിനെ ചഹാൽ പുറത്താക്കി. എന്നാൽ ഒരറ്റത്തു നിലയുറപ്പിച്ചു ബാംഗ്ലൂർ ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ച രാഹുൽ പഞ്ചാബ് സ്കോർ ഉയർത്തി.ബാംഗ്ലൂർ ഫീൽഡർമാർ അലസമായി ക്യാച്ചുകൾ പാഴാക്കിയപ്പോൾ രാഹുൽ കത്തിക്കയറുകയായിരുന്നു.

69 പന്തുകൾ നേരിട്ട രാഹുൽ 14 ബൗണ്ടറിയും 7 സിക്സുമടക്കം 132 റൺസുമായി പുറത്താവാതെ നിന്നു.പൂരന് 17 ഉം ,കരുൺ നായർ 15 റൺസുമായി രാഹുലിന് പിന്തുണ നൽകി. ബാംഗ്ലൂരിന് വേണ്ടി ശിവം ദുബേ രണ്ടു വിക്കറ്റ് വീഴ്ത്തി ,സ്റ്റെയ്ൻ 4 ഓവറിൽ 57 റൺസാണ് ഇന്നലെ വഴങ്ങിയത്. 4 ഓവറിൽ 25 റൺസ് വഴങ്ങിയ ചഹാലാണ് ഏറ്റവും കുറവ് തല്ലു വാങ്ങിയ ബാംഗ്ലൂർ ബൗളർ.