സൂപ്പർ കിങ്സിനെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്

ഐപിഎല്‍ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയ്ക്ക് എതിരെ 16 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് രാജസ്ഥാന്‍ പിടിച്ചെടുത്തത്. ഫാഫ് ഡുപ്ലെസിയുടെ (37 പന്തിൽ 72) ഒറ്റയാന്‍ പോരാട്ടം ചെന്നൈയെ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 200 റണ്‍സിൽ പോരാട്ടം അവസാനിപ്പിച്ചു. രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നര്‍ രാഹുല്‍ തേവാട്ടിയ മൂന്നു വിക്കറ്റുകള്‍ കണ്ടെത്തി. മറ്റൊരു സ്പിന്നറായ ശ്രേയസ് ഗോപാലിനും ടോം കറനും ഒരോ വിക്കറ്റുണ്ട്.

ഓവറില്‍ 11 റണ്‍സിന് മുകളില്‍ വേണമെന്നിരിക്കെ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു മുന്‍ ചാംപ്യന്‍മാരുടെ തുടക്കം. എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ മുരളി വിജയും ഷെയ്ന്‍ വാട്‌സണും കൂടി രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. ആറാം ഓവറില്‍ ടോം കറനെതിരെ 17 റണ്‍സ് അടിച്ചെടുത്താണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പക്ഷെ ഏഴാം ഓവറില്‍ തേവാട്ടിയ വാട്‌സണിന്റെ (33) സ്റ്റംപ് തെറിപ്പിച്ചു.തൊട്ടടുത്ത ഓവറില്‍ ശ്രേയസ് ഗോപാല്‍ മുരളി വിജയെയും (21) പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സാം കറനെയാണ് നായകന്‍ ധോണി അടുത്തതായി പറഞ്ഞുവിട്ടത്. വരുന്ന പന്തിനെയെല്ലാം അതിര്‍ത്തി കടത്തുക മാത്രമായിരുന്നു സാം കറന്റെ ലക്ഷ്യം. ഒന്‍പതാം ഓവറില്‍ തുടര്‍ച്ചയായി രണ്ടുതവണ തേവാട്ടിയയെ അതിര്‍ത്തി പറപ്പിച്ച താരം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ അഞ്ചാം പന്തില്‍ തേവാട്ടിയ പരീക്ഷിച്ച ഗൂഗ്ലി പഠിച്ചെടുക്കാന്‍ കറന് കഴിഞ്ഞില്ല. ക്രീസില്‍ നിന്നും ഇറങ്ങിയ സാം കറനെ (17) സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്തു.

ആദ്യപന്തില്‍ത്തന്നെ തേവാട്ടിയയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച റിതുരാജ് ഗെയ്ക്‌വാഡാകട്ടെ (0) വന്നതിലും വേഗത്തില്‍ കൂടാരത്തില്‍ തിരിച്ചെത്തി. ഒരറ്റത്ത് ഫാഫ് ഡുപ്ലെസി ഒറ്റയാന്‍ പോരാട്ടം തുടരവെ കേദാര്‍ ജാദവാണ് ശേഷമെത്തിയത്. ശ്രേയസ് ഗോപാലിനെ തുടര്‍ച്ചയായി മൂന്നുതവണ ഫോറടിച്ച് കേദാര്‍ ജാദവ് ചെന്നൈ ക്യാംപിന് പ്രതീക്ഷ നല്‍കിയെങ്കിലും വലിയ ആയുസ്സുണ്ടായില്ല.14 ആം ഓവറില്‍ ടോം കറന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചു നല്‍കി ജാദവ് മടങ്ങുമ്പോള്‍ ചെന്നൈ അഞ്ചിന് 115 റണ്‍സ് എന്ന നിലയിലേക്ക് ഇടറി. ജാദവിന് ശേഷം നായകന്‍ എംഎസ് ധോണിയാണ് ഡുപ്ലെസിക്കൊപ്പം റണ്‍വേട്ടയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ഈ സമയം കൊണ്ട് ആവശ്യമായ റണ്‍നിരക്ക് 17 കടന്നിരുന്നു. ഒരറ്റത്ത് താളം കണ്ടെത്താന്‍ ധോണി വിഷമിച്ചപ്പോള്‍ ആക്രമണം പൂര്‍ണമായി ഡുപ്ലെസി ഏറ്റെടുക്കുന്നതാണ് മത്സരം കണ്ടത്. ഉനദ്ഘട്ട് എറിഞ്ഞ 17 ആം ഓവറില്‍ 3 സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് ഡുപ്ലെസി അടിച്ചെടുത്തത്. 20 ആം ഓവറിൽ ടോം കറനെ തുടർച്ചയായി മൂന്നുതവണ ധോണി (29) സിക്സടിച്ചെങ്കിലും മത്സരം അപ്പോഴേക്കും ചെന്നൈയ്ക്ക് നഷ്ടമായി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. ഓപ്പണർ യശസ്വി ജൈസ്വാളിനെ ആദ്യമേ റോയൽസിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് സഞ്ജു സാംസണ്‍ കൂട്ടുകെട്ട് നേടിയ 121 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ സ്കോറിന്റെ അടിത്തറ.ചെന്നൈ ബൗളർമാരെ കണക്കിന് ശിക്ഷിച്ച സഞ്ജു സാംസണ്‍ 9 സിക്സുകള്‍ അടക്കം 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെയും പിയൂഷ് ചൗളയെയുമാണ് സഞ്ജു സാംസണ്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.12 ആം ഓവറിൽ സ്കോർ 132 ൽ നിൽക്കുമ്പോൾ ൻഗിഡിയുടെ പന്തിൽ ചഹാർ പിടിച്ചു സഞ്ജു പുറത്തായ ശേഷം ഡേവിഡ് മില്ലർ റൺ ഔട്ടാവുകയും 5 റൺസെഉടുത്ത റോബിന്‍ ഉത്തപ്പയെ ചൗള പുറത്താക്കി അതോടെ രാജസ്ഥാൻ 4 വിക്കറ്റിന് 149 എന്ന നിലയിലായി.

സാംസൺ പുറത്തായതോടെ റൺ നിരക്ക് കുറഞ്ഞ രാജസ്ഥാനിൽ മധ്യനിര ബാറ്റ്‌സ്മാന്മാർക്ക് പിടിച്ചേ നിൽക്കാനായില്ല. എന്നാൽ ഒരറ്റത്തു ക്യാപ്റ്റൻ സ്മിത്ത് റൺ കണ്ടെത്തി കൊണ്ടിരുന്നു. അതിനിടയിൽ 10 റൺസെടുത്ത ടെവാട്ടിയെയും പരാഗിനെയും സാംകുറാൻ പുറത്താക്കിയതോടെ ചെന്നൈ സ്കോർ 17 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നഷ്ടത്തിൽ 173 എന്ന നിലയിലായി.ഇതിനിടെ രവീന്ദ്ര ജഡേജയുടെ ഓവറില്‍ സ്മി ത്ത് നല്‍കിയ അവസരം സാം കറന്‍ നഷ്ടപ്പെടുത്തിയതും ചെന്നൈയ്ക്ക് വിനയായി. 19 ആം ഓവറിൽ 47 പന്തില്‍ നിന്ന് സ്മിത്ത് 69 റണ്‍സ് നേടിയ സ്മിത്തിനെ കുറാൻ തന്നെ മടക്കിയപ്പോൾ സ്കോർ 178 /7 . സ്മിത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ ജോഫ്രെ ആർച്ചർ ലുംഗിസാനി ഗിഡിയുടെ അവസാന ഓവറില്‍ 30 റൺസ് അടിച്ചു കൂട്ടി . ജോഫ്ര എട്ട് പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ലുംഗിസാനി ഗിഡി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര നേടിയത്. താരം നോബോളുകള്‍ കൂടി എറിഞ്ഞപ്പോള്‍ ജോഫ്ര 4 സിക്സ് നേടി. എന്നാല്‍ പിന്നീട് ഗിഡി മികച്ച തിരിച്ചുവരവ് നടത്തി 30 റണ്‍സില്‍ ഓവര്‍ ഒതുക്കി. ടോം കറന്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.ചെന്നൈ നിരയില്‍ സാം കറന്‍ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹാറും സാം കറനും മാത്രമാണ് റണ്‍റേറ്റ് കുറച്ച് വിട്ട് കൊടുത്തത്. ചൗള 4 ഓവറിൽ 55 റൺസ് വഴങ്ങിയപ്പോൾ,ൻഗിഡി 4 ഓവറിൽ 56 റൺസും വഴങ്ങി.