ഐപിഎൽ 2020 : ഹൈദ്രാബാദിനെതിരെ ബംഗളുരുവിനു നാടകീയ ജയം

ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സിന്റെ നാടകീയ വിജയം. അനായാസം ജയത്തിലേക്കു നീങ്ങിയ ഹൈദരാബാദിന് നേരിട്ട കൂട്ടത്തകര്‍ച്ചയാണ് ആര്‍സിബിക്കു അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും (56) എബി ഡിവില്ലിയേഴ്‌സിന്റെയും (51) ഫിഫ്റ്റികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചു വിക്കറ്റിനു 163 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഹൈദരാബാദ് രണ്ടു പന്ത് ശേഷിക്കെ 153ന് പുറത്തായി.അവസാന ഓവറില്‍ 18 റണ്‍സ് ജയിക്കാന്‍ നേടേണ്ടിയിരുന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം നേടി.

തുടക്കത്തിൽ തന്നെ ഡേവിഡ് വാര്‍ണറെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പിന്നീട് കണ്ടത് ജോണി ബൈര്‍സ്റ്റോ – മനീഷ് പാണ്ടേ കൂട്ടുകെട്ട് ബാംഗ്ലൂര്‍ ബൗളര്‍മാരെ ആക്രമിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെയാണ് ഇരുവരും കൂടുതലായി തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.തുടക്കത്തില്‍ മനീഷാണ് ആക്രമിച്ച് കളിച്ചതെങ്കിലും അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് ആക്രമോത്സുക ബാറ്റിംഗ് പുറത്തെടുത്തു. പത്തോവറില്‍ സണ്‍റൈസേഴ്സിന് 78 റണ്‍സാണ് നേടാനായത്. പത്താം ഓവറിന് ശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിടുവാന്‍ ചഹാലിനും നവ്ദീപ് സൈനിയ്ക്കും സാധിക്കുകയും ചഹാല്‍ മനീഷ് പാണ്ടേയെ പുറത്താക്കുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും സാധ്യതയുയര്‍ന്നു. 33 പന്തില്‍ നിന്ന് 34 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 30 പന്തില്‍ 43 റണ്‍സായിരുന്നു. ചഹാലെറിഞ്ഞ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ താരം പുറത്താക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറെ പുറത്താക്കി ചഹാല്‍ സണ്‍റൈസേഴ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.നവ്ദീപ് സൈനി എറിഞ്ഞ അടുത്ത ഓവറില്‍ സണ്‍റൈസേഴ്സിന് ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാനെയും നഷ്ടമായി. ലക്ഷ്യത്തിന്10 റണ്‍സ് അകലെ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും നവ്ദീപ് സൈനി, ശിവം ഡുബേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.രണ്ടിന് 120 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഹൈദരാബാദ് 153ന് കൂടാരം കയറിയത്. 32 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്.


ആര്‍സിബി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തുടക്കമായിരുന്നു ദേവ്ദത്തും ഫിഞ്ചും ചേര്‍ന്ന് നല്‍കിയത്. ആര്‍സിബി ജഴ്‌സിയില്‍ ഇരുവരുടെയും കന്നി മല്‍സരം കൂടിയായിരുന്നു ഇത്. ഒരു തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയുമില്ലാത്ത ഇന്നിങ്‌സായിരുന്നു ദേവ്ദത്തിന്റേത്. ഓപ്പണിങ് വിക്കറ്റില്‍ ദേവ്ദത്ത്- ഫിഞ്ച് സഖ്യം ചേര്‍ന്ന് 90 റണ്‍സ് നേടിയിരുന്നു. വിജയ് ശങ്കറാണ് ഈ കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്.ഇരട്ടപ്രഹരമാണ് ആര്‍സിബിക്കു ഹൈദരബാദ് നല്‍കിയത്. 11ാം ഓവറിലെ അവസാന പന്തിലാണ് ദേവ്ദത്ത് ക്രീസ് വിട്ടതെങ്കില്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണായ ഫിഞ്ചും ഡ്രസിങ് റൂമില്‍ മടങ്ങിയെത്തി.

നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ആര്‍സിബി നായകന്‍ കോലിയില്‍ നിന്നും തകര്‍പ്പന്‍ ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശരാവേണ്ടി വന്നു.അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡിവില്ലിയേഴ്സ് ആണ് ആര്‍സിബിയുടെ സ്കോറിംഗിന് വീണ്ടും വേഗത നല്‍കിയത്. 29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി എബി ഡി വില്ലിയേഴ്സ് എന്നാല്‍ തൊട്ടടുത്ത പന്തില്‍ റണ്ണൗട്ടായതോടു കൂടി 175 റണ്‍സെന്ന ലക്ഷ്യം ടീമിന് ഏറെക്കുറെ അപ്രാപ്യമായി മാറി. 51 റണ്‍സ് നേടിയ താരം രണ്ട് സിക്സ് നേടി.