മരുഭൂമിയിൽ സിക്സർ മഴ വർഷിച്ച് സഞ്ജു സാംസൺ

യുഎയിലെ ചുട്ടു പൊള്ളുന്ന ചൂടിൽ ക്രിക്കറ്റ് ആരാധകർക്ക് കുളിരായി സഞ്ജു സാംസന്റെ സിക്സർ മഴ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഷാർജയിൽ നടന്ന മത്സരത്തിൽ എണ്ണം പറഞ്ഞ 9 കൂറ്റൻ സിക്സുകളാണ് സ്റ്റേഡിയത്തിന്റെ വിവിധ കോണുകളിലേക്ക് സഞ്ജു വർഷിച്ചത്‌. ചെന്നൈ ബൗളർമാരെ കണക്കിന് ശിക്ഷിച്ച സാംസൺ സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന്തോന്നിയെങ്കിലും 12 ആം ഓവറിൽ പുറത്തായി.

ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായതിന് ശേഷം മൂന്നാമതായി സാംസൺ ബാറ്റിങ്ങിനെത്തുമ്പോൾ സ്കോർബോർഡ് 2.2 ഓവറിൽ 11/1.ക്യാപ്റ്റൻ സ്മിത്തിനെയും കൂട്ടുപിടിച്ചു ആക്രമിച്ചു കളിച്ച സഞ്ജു രാജസ്ഥാൻ റൺ റേറ്റ് 10 റൺസിന്‌ മുകളിൽ കൊണ്ട് പോയി.ലെഗ് സ്പിന്നർ പീയൂഷ് ചൗളയെ മൂന്ന് സിക്‌സറുകൾ പറത്തി. രവീന്ദ്ര ജഡേജയുടെ രണ്ടും കൂടി ദീപക് ചഹാർ, സാം കുറാൻ എന്നിവർക്കെതിരെ ഓരോ സിക്‌സും നേടി.
2013 മുതൽ ഐ‌പി‌എല്ലിന്റെ ഭാഗമായ സാംസണിന് രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്.ഐപിഎല്ലിൽ റോയൽസിനായി ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറി നേടിയവരിൽ രണ്ടാം സ്ഥാനം സഞ്ജു കരസ്ഥമാക്കി.2012 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഷാ 19 പന്തിൽ 50 ഉം 2019 ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബട്ലർ18 പന്തിൽ അർധസെഞ്ച്വറിയും നേടി.


രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും സാംസണും 121 റൺസ് കൂട്ടിച്ചേർത്തു സ്മിത്ത് 47 പന്തിൽ നിന്നും 4 സിക്‌സും 4 ബൗണ്ടറിയും അടക്കം 69 റൺസ് നേടിയപ്പോൾ,സാംസൺ 32 പന്തിൽ നിന്നും 9സിക്‌സും ഒരു ബൗണ്ടറിയുമടക്കം 74 റൺസ് നേടി. കഴിഞ്ഞ ദിവസം ഹൈദ്രാബാദിനെതിരെ മലയാളിയായ ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു.