ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയതായി രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 2022 മുതൽ ഇത് പത്ത് ടീമുകളായി മാറും. അഹമ്മദാബാദിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന ഐസിസിയുടെ ആവശ്യത്തെ പിന്തുണയ്ക്കാനും ബിസിസിഐ തീരുമാനിച്ചു. ടി20 ഫോർമാറ്റിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് വെക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുന്നിൽ ഈ നിർദ്ദേശം വെച്ചിട്ടുണ്ട്.2021 ഐപിഎല്ലിൽ തന്നെ 2 ടീമുകളെ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഒരു വർഷം കൂടി കഴിഞ്ഞേ ഇത് സാധ്യമാവൂ എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് 19 പ്രതിസന്ധിക്കാലത്ത് ബുദ്ധിമുട്ടിലായ എല്ലാ ഫസ്റ്റ് ക്ലാസ് താരങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകും. വനിതാ – പുരുഷ താരങ്ങൾക്ക് ഇത് ലഭ്യമാവും.

ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിന് 2021 ജനുവരിയിൽ തുടക്കമാവും. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ഇത് വരെ ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് ജനുവരിയിൽ നടക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയെ ബിസിസിഐ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കുകയും ചെയ്തു.