“ധോണി സിഎസ്കെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, ഇനി ജഡേജ നയിക്കും” | IPL 2022 |CSK | MSD

എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്‌ സൂപ്പർ കിംഗ്‌സിന്റെ പുതിയ ക്യാപ്റ്റൻ. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ മാറ്റം ആരാധകർ പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും, പെട്ടെന്നുള്ള ഈ തീരുമാനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം സിഎസ്‌കെയുടെ ക്യാപ്റ്റനാകുന്ന മൂന്നാമത്തെ താരമാണ് ജഡേജ.

2012 ൽ ഫ്രാഞ്ചൈസിയിൽ ചേർന്നതിനുശേഷം ധോണിയുടെ ക്യാപ്റ്റൻസിയിൽ ജഡേജ തന്റെ കഴിവുകൾ മെച്ചപ്പെടുത്തി, നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ. ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുന്നതോടെയാവും, ജഡേജ സിഎസ്കെ ക്യാപ്റ്റൻ സ്ഥാനമേൽക്കുക എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ധോണിയുടെ മേൽനോട്ടത്തിൽ തന്നെ പുതിയ ക്യാപ്റ്റനെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ധോണി തന്നെ മുൻകൈ എടുത്ത തീരുമാനമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായിരുന്ന ധോണി, 204 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. ഇതിൽ, 121 വിജയങ്ങളും, 82 പരാജയങ്ങളും ഉൾപ്പെടുന്നു. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 4 തവണ ഐപിഎൽ ജേതാക്കളും, രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സിഎസ്കെയുടെ പുതിയ ക്യാപ്റ്റനായി ജഡേജയെ നിയമിച്ചതോടെ, ഐപിഎൽ 15-ാം പതിപ്പിലെ മൂന്നാമത്തെ പുതുമുഖ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ. ആർസിബി നായകനായ ഫാഫ് ഡ്യൂപ്ലസിസ്, ഗുജറാത്ത്‌ ടൈറ്റൻസ്‌ നായകനായ ഹാർദിക് പാണ്ഡ്യ എന്നിവരണ് മറ്റു രണ്ട് പേർ.

Rate this post