“ലാസ്റ്റ് ഓവർ ത്രില്ലറിൽ ഗുജറാത്ത് ലയൺസിനെ കീഴടക്കി മുംബൈ “|IPL 2022

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഗുജറാത്തിനെ കീഴടക്കി മുംബൈ . അവസാന ഓവറിൽ ജയിക്കുവാന്‍ 9 റൺസ് വേണ്ടപ്പോള്‍ ഓവറിൽ നിന്ന് 3 റൺസ് മാത്രം നേടിയ ഗുജറാത്തിനെതിരെ 5 റൺസ് ജയം ആണ് മുംബൈ നേടിയത്. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന പ്രതീക്ഷയോടെയിറങ്ങി ഗുജറാത്ത് ടൈറ്റന്‍സ് ജയത്തിനരികെ കാലിടറി വീഴുകയായിരുന്നു.

അവസാന ഓവര്‍ എറിഞ്ഞ ഡാനിയേൽ സാംസ് തകര്‍പ്പന്‍ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. 178 റൺസ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ 106/0 എന്ന നിലയിലായിരുന്ന ടീം അനായാസം വിജയം നേടുമെന്നാണ് ഏവരും കരുതിയത്. ഓപ്പണർമാരായ സാഹയും ഗില്ലും മികച്ച തുടക്കമാണ് നൽകിയത്.ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 106 റൺസാണ് നേടിയത്.ഗില്ലിനെയും സാഹയെയും ഒരേ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മുരുഗന്‍ അശ്വിന്‍ വീഴ്ത്തുമ്പോള്‍ 106/0 എന്ന നിലയിൽ നിന്ന് 111/2 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു.

ഗിൽ 36 പന്തിൽ 52 റൺസും സാഹ 40 പന്തിൽ 55 റൺസുമാണ് നേടിയത്. സായി സുദര്‍ശന്‍(14) ഹിറ്റ് വിക്കറ്റ് കൂടി ആയപ്പോള്‍ അവസാന നാലോവറിൽ 40 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.ലക്ഷ്യം മൂന്നോവറിൽ 29 റൺസായി മാറി. ഹാര്‍ദ്ദിക് പാണ്ഡ്യ റൈലി മെറിഡിത്ത് എറിഞ്ഞ 18ാം ഓവറിൽ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. 14 പന്തിൽ 24 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന.ജസ്പ്രീത് ബുംറ 19ാം ഓവര്‍ എറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തിൽ വെറും നാല് റൺസാണ് ഗുജറാത്തിന് നേടാനായത്.

എന്നാൽ അഞ്ചാം പന്ത് സിക്സര്‍ പറത്തി മില്ലര്‍ ബുംറയുടെ മികച്ച ഓവറിനെ ഇല്ലാതാക്കി. ഓവറിൽ നിന്ന് 11 റൺസ് വന്നപ്പോള്‍ അവസാന ഓവറിൽ 9 റൺസ് മതിയായിരുന്നു ഗുജറാത്തിന് ജയിക്കുവാന്‍.അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം നേടിയ ഗുജറാത്തിന് തെവാത്തിയയെ റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ ലക്ഷ്യം പന്തിൽ ഏഴ് റൺസായിരുന്നു. റഷീദ് ഖാന്‍ നാലാം പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ അവസാന രണ്ട് പന്തിൽ ഒരു റൺസ് പോലും നേടുവാന്‍ മില്ലര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ മുംബൈ 5 റൺസ് വിജയം നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (45), ടിം ഡേവിഡ് (44*), രോഹിത് ശര്‍മ (43) എന്നിവരുടെ പ്രകടനമാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.രണ്ട് ഫോറും നാല് സിക്സും ഉള്‍പ്പെടെയായിരുന്നു ഡേവിഡിന്റെ വെടിക്കെട്ട്. 209.52 സ്ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഇത്തവണ മുംബൈ പകുതിയോളം മത്സരങ്ങളില്‍ ഡേവിഡിനെ പുറത്തിരുത്തുകയാണ് ചെയ്തത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടും അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സാങ്വാന്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മുംബൈ ഇന്ത്യന്‍സിനായി 200 സിക്സുകളെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനായി. മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 257 സിക്‌സുകളുമായി മധ്യനിര താരവും ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഐപിഎല്ലിലെ സിക്സര്‍ വേട്ടക്കാരില്‍ 234 സിക്സുകളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ.