“അടുത്ത ഐപിഎല്ലിൽ ഞാൻ കളിക്കും : വമ്പൻ പ്രഖ്യാപനവുമായി ശ്രീശാന്ത്”

ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളം സംഭാവന ചെയ്ത കളിക്കാരിൽ ഒരാളാണ് എസ് ശ്രീശാന്ത്‌. തന്റെ പ്രതാപകാലത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായിരുന്ന ശ്രീശാന്ത്, 2007-ൽ ഇന്ത്യയുടെ ഐസിസി ടി20 ലോകകപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോഴും, ശ്രീശാന്ത് ടീമിന്റെ ഭാഗമായിരുന്നു.

പിന്നീട്, 2013 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ സ്‌പോട്ട് ഫിക്‌സിംഗിൽ ഉൾപ്പെട്ടതിനെ തുടർന്ന് ബിസിസിഐ ശ്രീശാന്തിനെ ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം 2019-ൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന്, ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കുകയും, താരം ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി തിരിച്ചെത്തുകയും ചെയ്തു.

ഒരിക്കൽ കൂടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കണമെന്നാണ് ശ്രീശാന്തിന്റെ ആഗ്രഹം. ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള ലേലത്തിൽ വെറ്ററൻ താരം, തന്റെ പേര് നൽകിയിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. എന്നാൽ, ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീശാന്ത് ഇപ്പോൾ. 2022 സീസണിൽ ലഖ്നൗ, അഹ്‌മദാബാദ് തുടങ്ങിയ പുതിയ രണ്ട് ഫ്രാഞ്ചൈസികൾ കൂടി വരുന്നതോടെ, തന്റെ ഐപിഎല്ലിലേക്ക് തിരിച്ചുവരാനുള്ള മോഹം സാക്ഷത്കരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.ഒരു സമയത്ത് താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നതായി ശ്രീശാന്ത് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ, ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സമീപകാല റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച രീതിയിൽ പന്തെറിയാൻ കഴിഞ്ഞതോടെ, വിരമിക്കൽ ഉടൻ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ആരംഭിക്കാനിരിക്കുന്ന രഞ്ജി ട്രോഫിയുടെ പുതിയ സീസണിനുള്ള കേരള ടീമിന്റെ ഭാഗമായ ശ്രീശാന്ത്, നിലവിൽ കേരളാ ടീമിനോടൊപ്പം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയാണ്.