സച്ചിനെ മുൻപെങ്ങും ഇതുപോലെ കണ്ടിട്ടില്ല; ചെന്നൈയോട് തോറ്റ നിരാശയിൽ ബാറ്റ് ആഞ്ഞടിച്ച്; ആരാധകർ മറക്കാത്ത മത്സരം.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് അതി ശക്തരുടെ പോരാട്ടത്തിനായിരുന്നു 2010ലെ ഫൈനൽ മത്സരം സാക്ഷ്യം വഹിച്ചത്. മുംബൈയിലെ ഡി വൈ പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമായിരുന്നു ഏറ്റുമുട്ടിയത്.

എം‌എസ് ധോണിയുടെ ചെന്നെയാണ് അന്ന് കിരീടം ഉയർത്തിയത്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ അന്ന് ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തത്. 20 ഓവറിൽ 168/5 എന്ന മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. സുരേഷ് റെയ്‌ന 37 പന്തിൽ നിന്ന് 57 റൺസ് നേടി പുറത്താകാതെ നിന്നു. സൂപ്പർ കിംഗ്സിന്റെ കൂട്ടായ ബൗളിംഗ് പ്രതിരോധത്തിനു മുന്നിൽ മുംബൈയ്ക്ക് 20 ഓവറിൽ വെറും 146/9 റൺസ് എന്ന നിലയിലെത്താൻ മാത്രമാണ് കഴിഞ്ഞത്.

ആദ്യ ഓവറിൽ തന്നെ ആർ അശ്വിൻ മെയ്ഡൻ ഓവർ നൽകിയതിലൂടെ ചെന്നൈയുടെ ബൗളിങ്ങ് പ്രതിരോധം ആരംഭിച്ചു. തുടർന്നുള്ള ഓവറിൽ ഡൗഗ് ബോളിംഗർ ശിഖർ ധവാനെ പുറത്താക്കി. തു അന്ന് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച അഭിഷേക് നായർ ആണ് അടുത്തതായി മുംബൈക്ക് വേണ്ടി ഇറങ്ങിയത്. ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം അഭിഷേക് കൂടെ ചേർന്നതോടെ മുംബൈക്ക് സ്കോർബോർഡ് ഉയർത്താനായി. 11 ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ 67/1 എന്ന നിലയിലെത്തി.
കൈത്തണ്ടയിലെ പരിക്കിനെത്തുടർന്ന് അധിക മത്സരങ്ങളിലും കളിക്കാൻ പറ്റാതിരുന്ന അഭിഷേകിന്റെ സീസണിലെ മൂന്നാം മത്സരമായിരുന്നു ചെന്നൈക്കെതിരായ ഫൈനൽ. സാധാരണ ലോവർ ഓർഡറിലേക്ക് പരിഗണിച്ചിരുന്ന ഓൾറൗണ്ടർ അഭിഷേകിന് മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.

മൂന്നാമതിറങ്ങിയ അഭിഷേകിന് സച്ചിനൊപ്പം ഭേദപ്പെട്ട ഇന്നിങ്സ് കൂട്ടുകെട്ടൊരുക്കാനും കഴിഞ്ഞു. 11ാം ഓവറിൽ ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്നയാണ് ബോളിങ്ങിനിറങ്ങിയത്. റെയ്നയുടെ പന്തിൽ നിന്നുള്ള ഷോട്ടിൽ അഭിഷേക് സിംഗിൾ എടുക്കാനായി ഓടിയെങ്കിലും ചെന്നൈ വിക്കറ്റ് കീപ്പറായിരുന്ന ധോണിക്ക് ക്ലോസ് റെയ്ഞ്ചിലേക്ക് നീങ്ങിയ പന്ത് എടുക്കാൻ കഴിഞ്ഞു. സിംഗിളിനായുള്ള ഓട്ടം പാതിയിൽ നിർത്തി അഭിഷേക് തിരികേ ഓടിയെങ്കിലും ധോണിയുടെ ഡയരക്ട് ഹിറ്റിൽ അഭിഷേക് പുറത്തായി.
ധോണിയുടെ നീക്കം മനസ്സിലാക്കിയ സച്ചിൻ ഓടാൻ വിസമ്മതിച്ചിരുന്നു. ഒപ്പം അഭിഷേതിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ അസ്വസ്ഥതയോടെ സച്ചിൻ പ്രതികരിക്കുകയും ചെയ്തു. നിരാശയോടെ ബാറ്റ് വീശി ഗ്രൗണ്ടിൽ അടിക്കുകയായിരുന്നു സച്ചിൻ ചെയ്തത്. സച്ചിനെ മുൻപെങ്ങും ഇതുപോലെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം അന്ന് തന്റെ നിരാശ പ്രകടിപ്പിച്ചതിനെക്കുറിച്ച് ആരാധകർ പറഞ്ഞത്.
മത്സരത്തിൽ ചെന്നൈക്ക് വേണ്ടി ഷാദാബ് ജകതി രണ്ട് വിക്കറ്റും മുത്തയ്യ മുരളീധരൻ, ഡഗ് ബൊളിംഗർ, ആൽബി മോർക്കൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയകോടെ 22 റൺസ് അകലെ ലക്ഷ്യം തികയ്ക്കാനാവാതെ മുംബൈ പരാജയപ്പെട്ടു.

ആ ഫൈനലിനു ശേഷവും ഐപിഎൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അന്നത്തെ ചെയർമാനും കമ്മീഷണറുമായിരുന്ന ലളിത് മോദിയെ ആ സ്ഥാനത്ത് നീക്കിയത് 2010 സീസണിലായിരുന്നു, ബിസിസിഐയിൽ നിന്ന് ലളിത് മോദിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.