❝സഞ്ജു സാംസൺ ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ❞ ; കാരണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

ഐപിഎൽ 15-ാം സീസൺ അതിന്റെ അവസാന റൗണ്ട് മത്സരത്തിലേക്ക് കടക്കുകയാണ്.  എല്ലാ ടീമുകളും 14 ലീഗ് മത്സരങ്ങളിൽ 13 മത്സരങ്ങൾ പൂർത്തിയാക്കി. ചില ടീമുകൾ ഇതിനകം പ്ലേഓഫിൽ നിന്ന് പുറത്തായപ്പോൾ മറ്റു ചിലർ പ്ലേഓഫിന്റെ വക്കിലാണ്. ഇതിൽ, സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്

ഈ സീസണിൽ 13 കളികളിൽ 8 ജയം സ്വന്തമാക്കിയ റോയൽസ്, നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. റോയൽസിന്റെ മിക്ക മത്സരങ്ങളും അവസാന ഓവർ വരെ നീണ്ടുനിന്നെങ്കിലും മികച്ച ബൗളിംഗും ഫീൽഡിങ്ങും ടീമിന് തുണയായി. മുംബൈയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ടൂർണമെന്റിൽ വിജയസാധ്യത കൂടുതലായിരുന്നു.  എങ്കിലും ആദ്യം ബാറ്റ് ചെയ്ത് വിജയിക്കുന്നത് സഞ്ജുവും സംഘവും ശീലമാക്കി.

ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ടീമിന്റെ പ്രകടനം മികച്ചതായതോടെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ അംഗീകരിച്ച് ചില മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഐപിഎൽ ക്രിക്കറ്റ് വിദഗ്ധനും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ ഇർഫാൻ പത്താന്റെ നിരീക്ഷണത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റൻ സഞ്ജുവാണ്. ഇതിന് ആധാരമായി ടീമിന്റെ പ്രകടനം ഇർഫാൻ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയും, ആ സ്‌കോർ പ്രതിരോധിച്ച് ജയം നേടുകയും ചെയ്ത രീതിയാണ് ഇർഫാനിൽ മതിപ്പുളവാക്കിയത്.

സ്‌കോർ പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന്റെ യഥാർത്ഥ മികവ് കാണാൻ കഴിയുന്നതെന്ന് ഇർഫാൻ പറയുന്നു. ടൂർണമെന്റിൽ ഏറ്റവുമധികം മത്സരങ്ങൾ ജയിച്ച ആദ്യം ബാറ്റ് ചെയ്ത ടീമാണ് രാജസ്ഥാൻ റോയൽസ്. തുടക്കം മുതലേ ടോസ് ദൗർഭാഗ്യകരമായി നഷ്ടമായെങ്കിലും മികച്ച ടോട്ടലുകൾ നേടുകയും കുറച്ച് ടോട്ടലുകൾ പ്രതിരോധിക്കുകയും ചെയ്ത് റോയൽസ് ആരാധകരെ ആരാധകരെ അമ്പരപ്പിച്ചു. “സഞ്ജു സാംസൺ ഈ സീസണിലെ മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളാണ്. സ്കോർ പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന്റെ മികവ് കൂടുതലായും വെളിപ്പെടുക, രാജസ്ഥാൻ റോയൽസ് അത് തുടർച്ചയായി ചെയ്തുക്കൊണ്ടേയിരുന്നു,” ഇർഫാൻ പത്താൻ ട്വീറ്റ്‌ ചെയ്തു.