
തകർത്തടിച്ച് ഇഷാനും സൂര്യയും , പഞ്ചാബിനെ കീഴടക്കി മുംബൈ
പഞ്ചാബ് കിങ്സിനെതിരെ റെക്കോർഡ് വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് മുംബൈ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 214 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. ശേഷം മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. മുംബൈ നിരയിൽ സൂര്യകുമാർ യാദവിന്റെയും, ഇഷാൻ കിഷന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് വിജയത്തിൽ അടിത്തറയായത്. മുംബൈയുടെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. മോഹാലിയിലെ പിച്ച് അങ്ങേയറ്റം ബാറ്റിംഗിനെ അനുകൂലിക്കുന്നത് തന്നെയായിരുന്നു. എന്നാൽ തങ്ങളുടെ ഓപ്പണർ പ്രഭസിമ്രാനെ പഞ്ചാബിന് തുടക്കം തന്നെ നഷ്ടമായി. പിന്നീട് ധവാനും(30) മാത്യു ഷോർട്ടും(27) ചേർന്ന് പഞ്ചാബിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവർക്കും ശേഷം ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിന്റെ നട്ടെല്ലായി മാറിയത്. നേരിട്ട ആദ്യ ബോൾ മുതൽ സംഹാരമാടാൻ ലിവിങ്സ്റ്റണ് സാധിച്ചു. മത്സരത്തിൽ 42 പന്തുകളിൽ 82 റൺസായിരുന്നു ലിവിങ്സ്റ്റന്റെ സമ്പാദ്യം. ഇന്നിങ്സിൽ ഉൾപ്പെട്ടത് 7 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളുമാണ്. ലിവിങ്സ്റ്റനൊപ്പം അവസാന ഓവറുകളിൽ ജിതേഷ് ശർമയും നിറഞ്ഞാടുകയുണ്ടായി. 27 പന്തുകളിൽ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 49 റൺസാണ് ജിതേഷ് നേടിയത്. ഇതോടെ പഞ്ചാബിന്റെ സ്കോർ കുതിക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 214 എന്ന വമ്പൻ സ്കോറിൽ ഇങ്ങനെ പഞ്ചാബ് എത്തി.

മറുപടി ബാറ്റിംഗിനീറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. ശേഷം രണ്ടാം വിക്കറ്റിൽ ക്യാമറോൺ ഗ്രീനും(23) ഇഷാൻ കിഷനും ചേർന്ന് കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. ശേഷം നതാൻ എലിസിന്റെ പന്തിൽ ക്യാമറോൺ ഗ്രീൻ പുറത്തായി. പിന്നീടെത്തിയ സൂര്യകുമാർ യാദവും ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഇങ്ങനെ ഇന്നിങ്സിന്റെ പാതിവഴിയിൽ എത്തിയപ്പോൾ സമ്മർദ്ദം പൂർണമായും പഞ്ചാബിലേക്ക് കുതറി മാറുകയായിരുന്നു.
പിന്നീട് മൊഹാലിയിൽ കണ്ടത് സൂര്യകുമാർ യാദവും ഇഷാനും പഞ്ചാബ് ബോളിങ്ങിനെ തല്ലി തകർക്കുന്നത് ആയിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇതോടെ പഞ്ചാബിന്റെ കയ്യിൽ നിന്നും മത്സരം വഴുതി പോവുകയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ 31 പന്തുകളിൽ 66 റൺസ് നേടിയപ്പോൾ, ഇഷാൻ കിഷൻ മത്സരത്തിൽ 41 പന്തുകളിൽ 75 റൺസ് നേടി. ഇരുവരെയും തുടർച്ചയായ ഓവറുകളിൽ പുറത്താക്കി പിന്നീട് പഞ്ചാബ് മത്സരത്തിലേക്ക് തിരികെയെത്തി. എന്നാൽ അവസാന ഓവറുകളിൽ ടീം ഡേവിഡും(19) തിലക് വർമയും(26) ആക്രമണം അഴിച്ചുവിട്ടതോടെ മുംബൈ വിജയത്തിൽ എത്തുകയായിരുന്നു.