‘ഇതിഹാസങ്ങൾക്കല്ലേ ഇതിഹാസങ്ങളുടെ വേദന അറിയൂ’ : കായിക ലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ പൂര്‍ണത

“ഇതിഹാസങ്ങൾക്കല്ലേ ഇതിഹാസങ്ങളുടെ വേദന അറിയൂ” കേൾക്കുമ്പോൾ ചിലർക്ക് തമാശ തോന്നുന്ന വാചകം ആയിരിക്കാം ഇത്. എന്നാൽ, ഈ വാചകത്തിന്റെ പൊരുൾ വെളിപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, 2022 ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായി പങ്കുവെച്ച ട്വീറ്റ്‌. ക്രിക്കറ്റിൽ റെക്കോർഡുകൾ ഒരു ശീലമാക്കിയ കളിക്കാരനായിരുന്നു സച്ചിൻ ടെണ്ടുൽക്കർ, അതുപോലെതന്നെ ഫുട്ബോളിൽ ലയണൽ മെസ്സിയും റെക്കോർഡുകളുടെ തോഴനായിരുന്നു.

എന്നാൽ, ക്രിക്കറ്റും ഫുട്ബോളും ഒന്നും തന്നെ വ്യക്തിഗത കായിക ഇനങ്ങൾ അല്ല എന്നതുകൊണ്ട് തന്നെ, എത്ര വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചാലും, ലോകകപ്പ് ടൂർണമെന്റിൽ തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധിക്കാത്ത കളിക്കാരുടെ എല്ലാം കരിയറുകൾ പരിപൂർണ്ണമാണെന്ന് പറയാൻ സാധിക്കില്ല. സച്ചിൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ കളിക്കാരനാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ, ഒരുപക്ഷേ 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയില്ലായിരുന്നുവെങ്കിൽ, ഒരു ഏകദിന ലോകകപ്പ് എന്നത് സച്ചിന്റെ ക്രിക്കറ്റ് കരിയറിലെ പൂർത്തിയാക്കാൻ ആകാത്ത വിടവായി ഇന്നും അവശേഷിച്ചേനെ. സമാനമായ സാഹചര്യത്തിലൂടെയാണ് അർജന്റീന ഫുട്ബോളർ ലയണൽ മെസ്സിയും കടന്നുപോയത്.

ഒരു ഫുട്ബോളർ എന്ന നിലയിൽ ലയണൽ മെസ്സി സാധ്യമായ വ്യക്തിഗത നേട്ടങ്ങൾ എല്ലാം കൈവരിച്ചെങ്കിലും, ഫിഫ ലോകകപ്പ് എന്ന വിടവ് അദ്ദേഹത്തിന്റെ കരിയറിൽ അവശേഷിച്ചിരുന്നുവെങ്കിൽ, അത് ആ മഹാനായ ഫുട്ബോളറുടെ കരിയറിലെ കുഴിച്ചുമൂടാൻ പറ്റാത്ത ഒരു ദ്വാരമായി നിന്നേനെ. ഖത്തർ ലോകകപ്പിന്റെ ഫൈനലിനു മുന്നേ സച്ചിൻ ഇങ്ങനെ കുറിക്കുകയുണ്ടായി, “2011-ൽ ഇന്ത്യ ലോക ചാമ്പ്യന്മാരായി. 2022-ൽ അത് ആരായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്.” ക്രിക്ട്രാക്കർ പങ്കുവെച്ച സച്ചിനും മെസ്സിയും തമ്മിലുള്ള ചില സാമ്യതകൾ അടയാളപ്പെടുത്തിയായിരുന്നു സച്ചിന്റെ ട്വീറ്റ്. 2003 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്, എട്ട് വർഷങ്ങൾക്ക് ശേഷം സച്ചിനുവേണ്ടി ഇന്ത്യ ഒന്നായി പോരാടി ലോകകപ്പ് ഉയർത്തുകയുണ്ടായി.

2014-ൽ സച്ചിൻ കടന്നുപോയ അതേ അവസ്ഥയിലൂടെ കടന്നുപോയ കളിക്കാരനാണ് ലയണൽ മെസ്സിയും. കൃത്യം എട്ടു വർഷങ്ങൾക്കു ശേഷം, ലയണൽ മെസ്സിയും ലോകത്തിന്റെ നെറുകയിൽ എത്തി. സച്ചിന്റെയും മെസ്സിയുടെയും കരിയർ അതിന്റെ പരിപൂർണ്ണതയിൽ തന്നെ അവസാനിച്ചിരിക്കുന്നു. ഒരുപക്ഷേ ലോക കിരീടത്തിനായിയുള്ള അതിയായ ആഗ്രഹമായിരിക്കും ഈ രണ്ടു കളിക്കാർക്കും അവരുടെ കരിയറിൽ ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള ശേഷി നൽകിക്കൊടുത്തത്. അതുകൊണ്ടുതന്നെയായിരിക്കണം ദൈവം ലോകകപ്പ് എന്ന നേട്ടം ഇരുവരുടെയും കരിയറിലെ അവസാനത്തിലേക്ക് മാറ്റിവെച്ചത്.

Rate this post