❝ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ 🙆‍♂️🗣
രൂക്ഷ വിമർശനവുമായി 🇮🇹🎙 ഇറ്റാലിയൻ മാധ്യമങ്ങൾ ❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. തന്റെ 36 ആം വയസ്സിൽ താരം പുറത്തെടുക്കുന്ന പ്രകടനം ഫുട്ബോൾ ആരാധകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. നിലവിൽ 25 ഗോളുമായി ഇറ്റാലിയൻ സിരി എ യിൽ ടോപ് സ്‌കോറർ ആണെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ആരാധകരെ അല്പം നിരാശപ്പെടുത്തുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി അടുത്തിടെ നടത്തിയ പ്രകടങ്ങളുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ മാധ്യമങ്ങൾ ശക്തമായ വിമർശനമാണ് അഴിച്ചു വിട്ടിരിക്കുന്നത്.ഏപ്രിൽ 7 ന് നാപോളിക്കെതിരെ ഗോൾ നേടിയ ശേഷം യുവന്റസിനായി കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ട റൊണാൾഡോ ഈ മത്സരങ്ങളിലെല്ലാം അല്പം അസ്വസ്ഥനായാണ് മൈതാനത്ത് കാണപ്പെട്ടത്.ഗോൾ നേടാനാവാത്തതും, പ്രതീക്ഷിച്ച മികവിൽ കളിക്കാനാവാത്തതും റോണോയെപ്പോലൊരു താരത്തെ അസ്വസ്ഥനാക്കുന്നത് സ്വാഭാവികം മാത്രം. ഇത് ചൂണ്ടിക്കാട്ടി, താരത്തിന്റെ പെരുമാറ്റത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ പല‌ യുവന്റസ് താരങ്ങളും രംഗത്തെത്തിയിരുന്നു.


ഇറ്റാലിയൻ പത്രം കൊറിയർ ഡെല്ലാ സെറ രൂക്ഷമായാണ് റൊണാൾഡൊയെ വിമർശിച്ചത്., “ടീം നിരാശരാണ്, ഒരു സ്റ്റൈലില്ലാതെ, ആത്മാവില്ലാതെ, ക്രിസ്റ്റ്യാനോ പിച്ചിലെ ഒരു പ്രേതത്തെപ്പോലെയാണ്.” എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. “ക്രിസ്റ്റ്യാനോ, നിങ്ങൾ അവിടെ ഉണ്ടോ?” എന്ന തലകെട്ടോടു കൂടിയാണ് മറ്റൊരു ഇറ്റാലിയൻ പ്രസിദ്ധീകരണമായ ലാ ഗാസെറ്റ ഡെല്ലോ സ്പോർട്ട് ഒന്നാം പേജ് ലേഖനംപ്രസിദ്ധീകരിച്ചത്.അതേസമയം, അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് ലീഗ് സ്ഥാനം നഷ്ടമായാൽ റൊണാൾഡോയുടെ ഭാവി സംശയത്തിലാകുമെന്ന് ട്യൂട്ടോസ്പോർട്ട് റിപ്പോർട്ട് ചെയ്തു.

“യുവന്റസ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ, റൊണാൾഡോയുടെ കനത്ത വേതനം നല്കാൻ അവർക്കാവില്ല , മാത്രമല്ല അദ്ദേഹം മാഞ്ചസ്റ്ററിലോ അല്ലെങ്കിൽ പാരീസ് സെന്റ് ജെർമെയ്നിനൊപ്പം മറ്റൊരു വെല്ലുവിളി തേടി പോവും . “ട്യൂട്ടോസ്പോർട്ട് റിപ്പോർട്ട് ചെയ്തു .അതേ സമയം ഫിയോറന്റീനക്കെതിരായ യുവന്റസിന്റെ അവസാന മത്സരത്തിൽ റൊണാൾഡോയുടെ പ്രകടനത്തിന് വളരെ കുറഞ്ഞ റേറ്റിംഗാണ് ഇറ്റാലിയൻ മാധ്യമങ്ങൾ നൽകിയിരിക്കുന്നത്. ലാ ഗസറ്റ ഡെല്ലോ സ്പോർട് 10ൽ 5 റേറ്റിംഗും, കൊറിയർ ഡെല്ലോ സ്പോർട്, ടുട്ടോസ്പോർട്ട് എന്നിവർ 10ൽ ‌4.5 വീതം റേറ്റിംഗുമാണ് സൂപ്പർ താരത്തിന്റെ പ്രകടനങ്ങൾക്ക് കൊടുത്തിരിക്കുന്നത്.