യൂറോ കപ്പ് രണ്ടാം ക്വാർട്ടറിൽ ഉജ്ജ്വല ഫോമിലുള്ള ഇറ്റലിയെ വിറപ്പിച്ച് ഓസ്ട്രിയ കീഴടങ്ങി. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി വിജയം പിടിച്ചെടുത്തത്. ആദ്യമായി ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിലെത്തിയ ഓസ്ട്രിയ തകര്‍പ്പന്‍ പ്രകടനമാണ് കരുത്തരായ ഇറ്റലിക്കെതിരെ കാഴ്ച വെച്ചത്. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. രണ്ടാം പകുതിയില്‍ മാന്‍ചീനി കളത്തിലിറക്കിയ രണ്ട് സബ്ബുകളാണ് ഇറ്റലിക്ക് വേണ്ടി സ്കോര്‍ ചെയ്തത്. യൂറോ ചരിത്രത്തിലെ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് വിഖ്യാത വെംബ്ലി സ്റ്റേഡിയം സാക്ഷിയായത്. തോല്‍വി അറിയാത്ത 31ആം മത്സരമാണ് ഇറ്റലി ഇന്ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ഇറ്റലി വെംബ്ലിയില്‍ ഇമ്മോബൈല്‍, ബെറാര്‍ഡി, ഇന്സൈന് എന്നിവരെ മുന്നിലയച്ച് 4-3-3 ശൈലിയില്‍ കളത്തിലിറങ്ങി. അർനോട്ടോവിച്ചിനെ ആക്രമ ണത്തിന് നിയോഗിച്ച് ഓസ്ട്രിയ 4-2-3-1 എന്ന ശൈലിയിലും ഇറങ്ങി. ഇറ്റലിക്ക് എളുപ്പത്തിൽ വിജയിക്കാൻ ആകുമെന്നാണ് ഭൂരിഭാഗവും ഇന്നലത്തെ മത്സരത്തെ വിലയിരുത്തിയത് എങ്കിലും ഓസ്ട്രിയ ഇറ്റലിക്ക് കനത്ത പോരാട്ടമാണ് തുടക്കം മുതൽ നൽകിയത്. ഇറ്റാലിയൻ അറ്റാക്കുകളെ അച്ചടക്കത്തോടെ നേരിട്ടാണ് ഓസ്ട്രിയ ആദ്യ പകുതി ആരംഭിച്ചത്. ആദ്യ പകുതിയിൽ ഓസ്ട്രിയ ഡിഫൻസ് മറികടന്ന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇറ്റലി കഷ്ടപ്പെട്ടു.
ഇമ്മോബൈല്‍-ബെറാര്‍ഡി-ഇന്സൈന് ത്രയം ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് തുടക്കത്തിലെ എത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിനിന്നു. 17-ാം മിനുറ്റില്‍ ബരെല്ലായുടെ ഉഗ്രന്‍ ഷോട്ട് ഓസ്ട്രിയന്‍ ഗോളി കാലുകൊണ്ട് തടുത്തു. 31-ാം മിനുറ്റില്‍ ഇമ്മോബൈല്‍ ലോംഗ് റേഞ്ചർ വർഷിച്ചെങ്കിലും പന്ത് ബാറില്‍ത്തട്ടി തെറിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ നിരയെ വലിഞ്ഞുമുറുക്കികൊണ്ട് ഡേവിഡ് അലാബയും സംഘവും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഓസ്ട്രിയക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ക്യാപ്റ്റൻ അലാബ എടുത്ത കിക്ക് ഗോൾ പോസ്റ്റിന് തൊട്ടുരുമ്മിയാണ് പുറത്ത് പോയത്.
ഓസ്ട്രിയയുടെ ക്ഷമയോടെയുള്ള കളി 64ആം മിനുട്ടിൽ അവർക്ക് ഒരു ഗോൾ നൽകി എങ്കിലും വാർ അവർക്ക് ഒപ്പം നിന്നില്ല. അർണാടോവിചിന്റെ ഹെഡറിലൂടെ ഓസ്ട്രിയ വല കുലുക്കി എങ്കിലും താരം ഓഫ്സൈഡ് ആയിരുന്നു എന്ന് വാർ വിധിച്ചു. കളി നിയന്ത്രണത്തിലാക്കാൻ വേണ്ടി മാഞ്ചിനി ലോകടെല്ലിയെയും പെസ്സിനയെയും പകരക്കാരായി കളത്തിൽ എത്തിച്ചു. നിശ്ചിത സമയം ഗോള്‍രഹിതമായതോടെ മത്സരം അങ്ങനെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
ഇറ്റലിയെ മുന്നിലെത്തിക്കാന്‍ 93-ാം മിനുറ്റില്‍ കിയേസക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഓസ്ട്രിയന്‍ ഗോളിയെ മറികടക്കാനായില്ല .എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനിട്ടില്‍ ഫെഡറിക്കോ കിയെസയിലൂടെ ഇറ്റലി മത്സരത്തില്‍ ലീഡ് നേടി. പെനാല്‍റ്റി ബോക്സിന് വലതുഭാഗത്തേക്ക് സ്പിനാന്‍സോള നല്കിയ ഒരു വൈഡ് ക്രോസ് കിയെസ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഓസ്ട്രിയന്‍ ഗോള്‍ വല കുലുക്കുകയായിരുന്നു. 105 ആം മിനുട്ടിൽ ഡിഫൻഡർ ഫ്രാന്‍സെസ്കോ അസെര്‍ബിയുടെ പാസിൽ നിന്നും ഓസ്ട്രിയൻ ഗോൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിൽ നിന്നും മറ്റൊരു പകരക്കാരൻ പെസ്സിന ഇറ്റലിയുടെ ലീഡുയർത്തി. എങ്കിലും ഓസ്ട്രിയ പൊരുതി നോക്കി.
107ആം മിനുട്ടിലെ ഷവുബിന്റെ ഷോട്ട് ഡൊണ്ണരുമ്മ ഡൈവ് ചെയ്ത് അകറ്റിയത് ഇറ്റലിയുടെ ക്ലീൻ ഷീറ്റ് ഉറപ്പിച്ചെന്ന് കരുതി. എന്നാൽ 114ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കലാസിച് ചെയ്ത ഹെഡർ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി. ഇറ്റലി കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം വഴങ്ങുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്. ക്വാർട്ടറിൽ പോർച്ചുഗൽ ബെൽജിയം മത്സരത്തിലെ വിജയികളാവും ഇറ്റലിയുടെ എതിരാളികൾ.