❝അസൂറി പടക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ബെൽജിയം ; കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് ഇറ്റലി❞

ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ പരാജയപ്പെടുത്തി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചു, ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം . ഇറ്റാലിയുടെ അറ്റാക്കിംഗ് ഫുട്ബോളിന് മുന്നിൽ ബെൽജിയത്തിനു പിടിച്ചു നില്ക്കാൻ സാധിച്ചില്ല . ഇൻസൈൻ , ബറേല എന്നിവർ ആദ്യ പകുതിയിൽ നേടിയ മികച്ച ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. സൂപ്പർ സ്‌ട്രൈക്കർ ലുകാകു രണ്ടാം പകുതിയിൽ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് ബെൽജിയം വലിയ വില കൊടുക്കേണ്ടി വന്നു.

മ്യൂണിക്കിൽ അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ പരിക്കേറ്റ ഈഡൻ ഹസാഡ് ആദ്യ ടീമിൽ ഉണ്ടായില്ലെങ്കിലും സൂപ്പർ താരം ഡി ബ്രൂയിൻ ടീമിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്ര മിച്ചു കളിച്ചു തുടങ്ങിയത്. പതി മൂന്നാം മിനുട്ടിൽ ലിയോനാർഡോ ബൊനുചിയിലൂടെ ഇറ്റലി മുന്നിലെത്തെത്തിയെങ്കിലും ബിൽഡ്-അപ്പ് പ്ലേയിലെ ഒരു ഓഫ്‌സൈഡ് കാരണം ഇറ്റലിക്ക് ഗോൾ അനുവദിച്ചു കൊടുത്തില്ല. 22 ആം മിനുട്ടിൽ ബെൽജിയത്തിനു മത്സരത്തിലെ ആദ്യ അവസരം ലഭിച്ചു. മികച്ച സോളോ റണ്ണിന് ശേഷം കെവിൻ ഡി ബ്രൂയിൻ തൊടുത്ത മികച്ചൊരു ഷോട്ട് ഒരു മുഴുനീളൻ ഡൈവിലൂടെ ഇറ്റാലിയൻ ഗോൾ കീപ്പർ ഗിയാൻ‌ലൂയിഗി ഡോണറുമ്മ തട്ടിയകറ്റി ഇറ്റലിയുടെ രക്ഷകനായി മാറി.

25 ആം മിനുട്ടിൽ ഡി ബ്രൂയിൻ കൊടുത്ത പാസിൽ നിന്നും റൊമേലു ലുകാകുവിന്റെ ഇടം കാൽ ഷോട്ട് ജിയാൻ‌ലൂയിഗി ഡോണറുമ്മ തടുത്തിട്ടു. ഇരു ടീമുകളും ഗോൾ നേടനായി മത്സരിച്ച മുന്നേറി കൊണ്ടിരുന്നു.ലോറെൻസോ ഇൻ‌സൈൻ‌ ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയപ്പോൾ കിയെസയുടെ ഷോട്ട് ബെൽജിയൻ ഡിഫെൻഡറുടെ കാലിൽ തട്ടി ഗോൾകീപ്പർ കൈപ്പിടിയിൽ ഒതുക്കി. 31 ആം മിനുട്ടിൽ ഇറ്റലി മുന്നിലെത്തി . ബെൽജിയൻ ഡിഫെൻഡറുടെ പിഴവിൽ നിന്നും പന്ത് തട്ടിയെടുത്ത മാർകോ വെറാറ്റി നിക്കോളോ ബറേലയിലേക്ക് പാസ് ചെയ്യുകയും ഡിഫെൻഡർമാരെയും ഗോൾ കീപ്പർമാരെയും മറികടന്ന് ബറേല ബെൽജിയൻ വല കുലുക്കി. 40 ആം മിനുട്ടിൽ കോർണറിൽ നിന്നും കിയെസ തൊടുത്തു വിട്ട ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി .


ഇറ്റലിയുടെ നിരന്തരമുള്ള മുന്നേറ്റങ്ങൾക്ക് വീണ്ടും ഫലം കണ്ടു.44 ആം മിനുട്ടിൽ നാപോളി സ്‌ട്രൈക്കർ ലോറെൻസോ ഇൻസൈൻ ബൂട്ടിൽ നിന്നും പിറന്ന മനോഹരമായ ഗോളിലാണ് ഇറ്റലി സ്കോർ 2 -0 ആക്കി ഉയർത്തിയത്. ഇടതു വിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ ഇൻസൈൻ ബോക്സിനു പുറത്തു നിന്നും അടിച്ച ഷോട്ട് കീപ്പർ കോർട്ടോയിസിനെ മറികടന്ന് വലതു പോസ്റ്റിലേക്ക് കയറി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ ബെൽജിയം ഒരു ഗോൾ മടക്കി. ഇറ്റാലിയൻ ഡിഫൻഡർ ജിയോവന്നി ഡി ലോറെൻസോ ബെൽജിയൻ താരം ഡോക്കുവിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ലുകാകുവാണ് ഗോൾ നേടിയത്.

ആദ്യ പകുതിയിലെ പോരാട്ട വീര്യം രണ്ടാം പകുതിയിലും ഇരു ടീമുകളും പുറത്തെടുത്തു. സമനില ഗോൾ നേടാൻ ബെൽജിയവും ലീഡ് നിലനിർത്താൻ ഇറ്റലിയും ശ്രമിച്ചു കൊണ്ടേയിരുന്നു. 60 ആം മിനുട്ടിൽ സമനില ഗോൾ നേടണ ലുകാകുവിന് സുവർണാവസരം ലഭിച്ചു, ബോക്സിൽ നിന്നും ഡി ബ്രൂയിൻ കൊടുത്ത പാസ് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല . താരത്തിന്റെ ഷോട്ട് ഇറ്റാലിയൻ ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി. 70 ആം മിനുട്ടിൽ ബെൽജിയൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് രണ്ടു പകരക്കാരെ ഇറക്കി.തോമസ് മ്യുനിയറിനു പകരം നാസർ ചാഡ്‌ലിയും യൂറി ടൈലെമാൻ‌സിനായി ഡ്രൈസ് മെർട്ടൻസ് ഇറങ്ങി . തൊട്ടടുത്ത മിനുട്ടിൽ ചാഡ്‌ലിയുടെ ക്രോസിൽ നിന്നും ലുകാകുവിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും അവസരം മുതലക്കനായില്ല.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ സമനില ഗോളിനായി ബെൽജിയൻ കൂടുതൽ മുന്നേറി കളിച്ചു. ഡിഫൻഡർ ലിയനാർഡോ സ്പിനാസോള പരിക്കേറ്റു പുറത്തു പോയത് ഇറ്റലിക്ക് വലിയ തിരിച്ചടിയായി .83 ആം മിനുട്ടിൽ ഹസാർഡിനു പകരം ടീമിലെത്തി ഇടതു വിങ്ങിലൂടെ ബെൽജിയൻ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന ജെറെമി ഡോക്കുവിന്റെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. അവസാന മിനിറ്റുകളിൽ ബെൽജിയം കിണഞ്ഞു ശ്രമിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധം തകർക്കാനായില്ല. വെംബ്ലിയിൽ വെച്ച് നടക്കുന്ന സെമി ഫൈനലിൽ സ്പെയിനെ ആകും ഇറ്റലി നേരിടേണ്ടത്.