❝ യൂറോ 👑🔥കപ്പിലെ ശക്തന്മാർ 💥⚽
ഏറ്റു മുട്ടുമ്പോൾ വിജയം 😍✌️
ആർക്കൊപ്പം ✊⚽നിൽക്കും ❞

യൂറോ കപ്പിലെ ക്വാർട്ടർ പോരാട്ടങ്ങളിൽ ഏവരും ആക്ഷയോടെ ഉറ്റു നോക്കുന്നത് ഇറ്റലി ബെൽജിയം മത്സരമാണ്. യൂറോയിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള രണ്ടു ടീമുകൾ നേർക്കുനേർ വരുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. ബെൽജിയമാവട്ടെ തങ്ങളുടെ ആദ്യ യൂറോ കിരീടം ലക്‌ഷ്യം വെക്കുമ്പോൾ 1968 നു ശേഷമുള്ള ആദ്യ കിരീടമാണ് ഇറ്റലി ലക്‌ഷ്യം വെക്കുന്നത്. ഗ്രൂപ് ഘട്ടം മുതലുള്ള എല്ലാ മത്സരങ്ങളിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇരു ടീമുകളും ക്വാർട്ടറിലെത്തിയത്. പ്രമുഖ താരങ്ങളുടെ പരിക്ക് ബെൽജിയത്തിനു തിരിച്ചടിയാവുമെങ്കിലും കരുത്തരായ ഇറ്റാലിയൻ ടീമിനെതിരെ പൊരുതാൻ ഉറച്ചു തന്നെയാണ് മാർട്ടിനെസിന്റെ ബെൽജിയം വെള്ളിയാഴ്ച ഇറങ്ങുന്നത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആറു തവണ ബെൽജിയം യോഗ്യത നേടിയിട്ടുണ്ട്. 1980 ൽ നടന്ന യൂറോയിൽ രണ്ടാം സ്ഥാനം നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. അടുത്ത കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റെഡ് ഡെവിൾസ് തങ്ങളുടെ ആദ്യ ചാമ്പ്യൻഷിപ്പ് വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു. 2000 ത്തിലെ യൂറോ കപ്പിന് ശേഷം 2016 ലെ യൂറോയിലാണ് ബെൽജിയം യോഗ്യത നേടിയത്. ആ വർഷം ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനോട് 3-1 ന് പരാജയപെട്ടു പുറത്തു പോയി. 1968 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇറ്റലി 2000 ലും 2012 ലും റണ്ണറപ്പായി. 2004 ൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിനുശേഷം, 2020 പതിപ്പ് ഉൾപ്പെടെ എല്ലാ പതിപ്പുകളിലും ഇറ്റലി ക്വാർട്ടറിൽ എത്തി.


അന്തരാഷ്ട്ര മത്സരങ്ങളിൽ നേർക്ക്നേർ വന്നപ്പോൾ ഇറ്റലി റെഡ് ഡെവിൾസിനെതിരെ ശക്തമായ ആധിപത്യം പുലർത്തിയിട്ടുണ്ട്. ഇരു ടീമുകളും 22 തവണ ഏറ്റുമുട്ടിയപ്പോൾ 14 വിജയങ്ങൾ ഇറ്റലിയും നാല് വിജയങ്ങൾ ബെൽജിയവും നേടി.നാല് മത്സരങ്ങൾ സമനിലയായി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട് ഇറ്റലി രണ്ടുതവണ വിജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ സമനിലയിലായി. ഒരു മത്സരം ബെൽജിയം സ്വന്തമാക്കി. 2016 ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റലി വിജയിച്ചു.

ജർമനിയിലെ മ്യൂണിക്കിൽ വെള്ളിയാഴ്ച രാത്രി 12 .30 ക്കാന് ഇരു ടീമുകളും കൊമ്പുകോർക്കുന്നത് .ഇറ്റലിയും ബെൽജിയവും ഇതുവരെ തങ്ങളുടെ എല്ലാ ഗെയിമുകളും ജയിച്ചാണ് ക്വാർട്ടറിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ഓസ്ട്രിയയെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഫെഡറിക്കോ കിയെസ, മാറ്റിയോ പെസിന എന്നിവരുടെ ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തോർഗൻ ഹസാർഡ് നേടിയ ഗോളിന് പരാജയപെടുത്തിയാണ് ബെൽജിയം ഇറ്റലിയെ നേരിടാനെത്തുന്നത്. റോബർട്ടോ മാർട്ടിനെസിന്റെ ബെൽജിയത്തിനു തന്നെയാണ് മത്സരത്തിൽ മുൻ‌തൂക്കം.