❝തോൽവി അറിയാതെ 30 കളി, ​ഗോൾ വഴങ്ങാതെ 1055 മിനിറ്റ്; ഇറ്റലിയുടെ കുതിപ്പിന് ആര് തടയിടും ?❞

ലോക ഫുട്ബോളിലെ വലിയ ശക്തികളിലൊന്നായ ഇറ്റലിക്ക് നാല് തവണ ലോക കപ്പ് നേടാൻ സാധിച്ചെങ്കിലും യൂറോ കിരീടത്തിൽ ഒരു തവണ മാത്രമാണ് മുത്തമിടാൻ സാധിച്ചത്. രണ്ടു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ സാധിച്ചില്ല. 1968 ലാണ് ഇറ്റലി യൂറോപ്യൻ ചാമ്പ്യന്മാരായത്. എന്നാൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ കിരീട വരൾച്ചയ്ക്ക് ഒരു അവസാനം ഉണ്ടാക്കാൻ തന്നെയാണ് മാൻസിനിയുടെ കീഴിൽ ഇറ്റലി ഇത്തവണ ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഈ വർഷം കിരീടം തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിക്കുന്ന പ്രകടനം തന്നെയാണ് അസൂറികൾ പുറത്തടുത്തത്. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ഓസ്ട്രിയായാണ് അവരുടെ എതിരാളികൾ.2020 യൂറോ കപ്പിലെ മികച്ച ടീമുകളിലൊന്നായി പേരെടുത്ത് മുൻപോട്ട് പോകുന്ന ഇറ്റലിക്ക് തന്നെയാണ് സ്ഥിരത കണ്ടെത്താൻ സാധിക്കാത്ത ഓസ്ട്രിയക്ക് മുകളിൽ മുൻതൂക്കം.

കഴിഞ്ഞ 30 മത്സരങ്ങളിലായി തോൽവി അറിയാതെയാണ് ഇറ്റലിയുടെ പോക്ക്. കഴിഞ്ഞ 10 കളിയിൽ നിന്ന് അസൂരിപ്പട നേടിയത് 28 ​ഗോളുകൾ. ഓസ്ട്രിയയെ ഇന്ന് ഇറ്റലി തോൽപ്പിച്ചാൽ 1935-39 കാലത്തെ ഇറ്റലിയുടെ വിജയ കുതിപ്പിന്റെ റെക്കോർഡ് ഇറ്റലി ഇവിടെ മറികടക്കും. 82 വര്‍ഷങ്ങള്‍ക്ക് മുമ്പ്. വിറ്റോറിയോ പോസോ എന്ന വിഖ്യാത പരിശീലകന്റെ കീഴില്‍ പരാജയമറിയാതെ കളിച്ചത് 30 കളികള്‍. രണ്ടാം ലോകകപ്പ് കിരീടവും ഒളിപിക്‌സ് മെഡലുമടക്കം വാരിക്കൂട്ടിയ 1935-39 കാലഘട്ടം. ഇന്നത്തെ മത്സരം ജയിച്ചാല്‍ പോസോയുടെ ടീമിനെ മറികടക്കും മാന്‍ചീനിയുടെ പുതുനിര.

1993- 96 കാലഘട്ടത്തില്‍ ബ്രസീലും 2007- 2009ല്‍ സ്‌പെയിനും തോല്‍ക്കാതെ കളിച്ചത് 35 മത്സരങ്ങള്‍. ഈ യൂറോയില്‍ ഇറ്റലി കപ്പുയര്‍ത്തിയാല്‍ തോല്‍വിയറിയാത്ത മുപ്പത്തിനാലാം മത്സരമായിരിക്കും അത്. 31 മത്സരങ്ങളുടെ റെക്കോര്‍ഡുള്ള അര്‍ജന്റീനയാണ് ഇപ്പോള്‍ ഇറ്റലിക്ക് മുന്നിലുള്ള മറ്റൊരു ടീം. 2018 മുതല്‍ തോല്‍വിയറിയാതെ മുന്നേറുന്ന അല്‍ജീരിയയും ഇറ്റലിക്ക് പിന്നാലെയുണ്ട്. 27 മത്സരങ്ങളാണ് അല്‍ജീരിയയുടെ അക്കൗണ്ടിലുള്ളത്.


തോല്‍വിയറിയാത്ത 30മത്സരങ്ങള്‍. അവസാനമായി ഇറ്റലി തോറ്റത് 2018 സെപ്റ്റംബറില്‍ പോര്‍ച്ചുഗല്ലിനോട്. പിന്നീട് 25 ജയം, 5 സമനില. അവസാനത്തെ 11 മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇറ്റലിയുടെ വല കുലുക്കാനായിട്ടില്ല എതിരാളികള്‍ക്ക്.രാജ്യാന്തര ഫുട്ബോളിൽ ​ഗോൾ വഴങ്ങാതെ ഇറ്റലി 1055 മിനിറ്റ് പിന്നിട്ട് കഴിഞ്ഞു.2020 ഒക്ടോഅബാറിൽ യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം താരം വാൻ ഡി ബിക്കാണ് ഇറ്റാലിയൻ വലയിൽ അവസാനം ഗോൾ നേടിയത്.

പകരക്കാരടങ്ങിയ 26 അംഗ ടീമില്‍ 25 പേരും ഇതിനോടകം ഈ യൂറോയില്‍ കളിച്ചിട്ടുണ്ട്. 1990 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും കളത്തിലിറങ്ങാന്‍ അവസരം കിട്ടാതിരുന്ന താരമാണ് റോബോട്ടോ മാന്‍ചീനി.2018ൽ ലോകകപ്പ് കാണാതെ പുറത്തായിടത്ത് നിന്നും തങ്ങൾ ഉയർത്തെഴുന്നേറ്റെന്ന് ഉറപ്പിക്കാൻ ഇറ്റലിക്ക് കിരീടം വേണം. അതിലേക്കുള്ള യാത്രയിൽ ഇറ്റലിക്കിന്ന് ജയം അനിവാര്യമാണ്.

അവസാന മത്സരത്തിൽ നിന്നും എട്ട് മാറ്റങ്ങളോടെ ആയിരിക്കും ഓസ്ട്രിയക്കെതിരെ ഇറ്റലി ഇറങ്ങുക. മുന്‍നിരയില്‍ ബെര്‍നാഡെചി, ബെലോട്ടി, ചീസ എന്നിവര്‍ക്ക് പകരം ബെറാര്‍ഡി, ഇമ്മോബില്‍, ഇന്‍സൈന്‍ തിരിച്ചെത്തും. മിഡ്ഫീല്‍ഡില്‍ പെസിനക്ക് പകരം ബറേലയും വെറാട്ടിക്ക് പകരം ലുകാടെലിയും വരും. പ്രതിരോധത്തില്‍ ടോലോ, , എമേഴ്‌സന്‍ എന്നിവര്‍ക്ക് പകരം ലോറന്‍സോ, സ്പിന്‍സോല ഇടം പിടിക്കും.