ഇറ്റലി വീണ്ടും പ്ലെ ഓഫിലേക്ക് :ഇറ്റലിയെ പിന്തള്ളി സ്വിറ്റ്സർലാൻഡ് ലോകകപ്പിന് : ഡെന്മാർക്കിന് ആദ്യ തോൽവി : ഗോൾ വർഷവുമായി ഇംഗ്ലണ്ട് ഖത്തറിലേക്ക്

പോർച്ചുഗലിന് പിന്നാലെ മുൻ ചാമ്പ്യന്മാരായ ഇറ്റലിയും പ്ലെ ഓഫിലേക്ക്. ഇന്നലെ നോർത്തേൺ അയർലൻഡിനോട് 0-0ന് സമനില വഴങ്ങിയതോടെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യത നഷ്ടമായി. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ അസൂറികളെ വടക്കൻ അയർലണ്ട് സാം നിലയിൽ പൂട്ടുകയായിരുന്നു.ഗ്രൂപ്പ് സിയിൽ ഇറ്റലിക്കൊപ്പം തുല്യ പോയിന്റ് ഉണ്ടായിരുന്ന സ്വിറ്റ്സർലാൻഡ് ബൾഗേറിയയെ മറുപടിയില്ലാത്ത നാല് ഗോളിന് തകർക്കുക കൂടി ചെയ്തതോടെ, നേരിട്ട് യോഗ്യത നേടാമെന്ന മുൻ ലോകചാമ്പ്യൻമാരുടെ മോഹം അവസാനിച്ചു.

പ്ലേ ഓഫിൽ സ്വീഡനോട് പരാജയപ്പെട്ട ഇറ്റലിക്ക് കഴിഞ്ഞ റഷ്യൻ ലോകകപ്പ് നഷ്ടമായിരുന്നു.പാറ പോലെ ഉറച്ചു നിന്ന വടക്കൻ അയർലണ്ടിന്റെ പ്രതിരോധം ഭേദിക്കാൻ കിയേസയും ഇൻസീന്യയും ബെറാർഡിയും അടങ്ങുന്ന ഇറ്റാലിയൻ മുന്നേറ്റനിര നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. സിറോ ഇമ്മൊബൈലിന്റെ അഭാവത്തിൽ അംഗീകൃത സ്‌ട്രൈക്കറില്ലാതെ മൽസരം തുടങ്ങിയ ഇറ്റലിയുടെ ആക്രമണങ്ങൾക്ക് മൂർച്ച പോരായിരുന്നു.രണ്ടാം പകുതിയിൽ ബെലോട്ടി, സ്‌കമാകാ, ക്രിസ്റ്റാന്റെ എന്നിവരെ കോച്ച് റോബർട്ടോ മാഞ്ചിനി പരീക്ഷിച്ചെങ്കിലും ഐറിഷ് വല കുലുക്കാനായില്ല. യൂറോപ്യൻ ചാമ്പ്യൻമാർക്ക് ചേർന്ന കളിയല്ല അസൂറികൾ ബെൽഫാസ്റ്റിൽ കാഴ്ചവെച്ചത്.നോർത്തേൺ അയർലൻഡ് അവരുടെ മുൻ നാല് യോഗ്യതാ മത്സരങ്ങളിലും ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ വഴങ്ങിയിരുന്നില്ല, കൂടാതെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്കാരെ പിടിച്ചു കെട്ടാൻ അവർക്കായി.

നോർത്തേൺ അയർലൻഡ് അവരുടെ മുൻ നാല് യോഗ്യതാ മത്സരങ്ങളിലും ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ വഴങ്ങിയിരുന്നില്ല, കൂടാതെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്കാരെ വിറപ്പിക്കാൻ അവർക്കായി.സ്വിറ്റ്സർലാൻഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ജോർജീന്യോ പാഴാക്കി ജയം കൈവിട്ടതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.സ്വിറ്റ്സർലാൻഡിനെതിരെ വിജയം നേടിയിരുന്നെങ്കിൽ ഇന്നത്തെ സമനില പോലും ഇറ്റലിക്ക് യോഗ്യത നേടി കൊടുക്കുമായിരുന്നു. നാലുവട്ടം ലോകകിരീടം ഉയർത്തിയ ഇറ്റലിക്ക് തുടർച്ചയായ രണ്ടാം ലോകകപ്പും നഷ്ടമാകുമോ എന്നാണ് ഇനിയറിയേണ്ടത്. അതിനായി അടുത്ത മാർച്ച് വരെ കാത്തിരിക്കണം.

ജയം അനിവാര്യമായിരുന്ന അവസാന പോരാട്ടത്തിൽ ബൾഗേറിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലാൻഡ് യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ മറികടന്ന് ഖത്തർ ലോകകപ്പിന് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് സിയിൽ 18 പോയിന്റുമായാണ് സ്വിസ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. നാല് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ഒക്കഫോർ, വർഗാസ്, ഇറ്റൺ, ഫ്രോളർ എന്നിവരാണ് ബൾഗേറിയൻ വല കുലുക്കി സ്വിറ്റ്സർലാൻഡിന്റെ വിജയശിൽപ്പികളായത്.

സാൻമരിനോയെ മറുപടിയില്ലാത്ത 10 ഗോളിന് തകർത്ത് ഇംഗ്ലണ്ട് രാജകീയമായി ഖത്തറിലേക്ക്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയ ഹാരി കെയിൻ നാല് തവണ ലക്ഷ്യം കണ്ടു. 15 മിനിറ്റിനുള്ളിലായിരുന്നു ഇംഗ്ലണ്ട് നായകന്റെ നാല് ഗോളുകളും. കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ്‌ കെയിൻ അടിച്ച് കൂട്ടിയത്. 48 ഗോളുമായി ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഗോൾ വേട്ടക്കാരിൽ ഗാരി ലിനേക്കറിനൊപ്പം ഹാരി കെയിൻ മൂന്നാം സ്ഥാനത്തെത്തി. ഹാരി മഗ്വയർ, സ്മിത്ത് റോവ്, മിംഗ്സ്, സാക്ക, ടാമി എബ്രഹാം എന്നിവരും സാൻമരിനോ പോസ്റ്റിൽ ഗോൾ മഴ തീർത്തു. ഒന്ന് സെൽഫ് ഗോളായിരുന്നു. ഗ്രൂപ്പ് ഐയിൽ 26 പോയിന്റ് സ്വന്തമാക്കിയാണ് ത്രീലയൺസ് ലോകകപ്പ് ബെർത്ത് നേടിയത്.

മറ്റൊരു മത്സരത്തിൽ പോളണ്ടിനെ ഹംഗറി പരാജയപ്പെടുത്തി.ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വിശ്രമം അനുവദിച്ച മത്സരത്തൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹംഗറിയുടെ വിജയം.പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് പിന്നിൽ രണ്ട്മാതായി പോളണ്ട് പ്ലെ ഓഫിലേക്ക് യോഗ്യതെ നേടി.37-ാം മിനിറ്റിൽ ആന്ദ്രാസ് ഷാഫർ ഹംഗറിയെ മുന്നിലെത്തിച്ചു.61-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് മികച്ച ഹെഡ്ഡറിലൂടെ ഫോർവേഡ് കരോൾ സ്വിഡെർസ്‌കി പോളണ്ടിനെ ഒപ്പമെത്തിച്ചു .80-ാംആം മിനുട്ടിൽ ഡാനിയൽ ഗാസ്‌ഡാഗിലൂടെ ഹംഗറി വിജയം നേടി.

ലോകകപ്പ് യോഗ്യത റൗണ്ടിൽ തോൽവി അറിയാതെ മുന്നേറികൊണ്ടിരുന്ന ഡെന്മാർക്കിനു ആദ്യ തോൽവി . സ്കോട്ലൻഡ് ആണ് ഡെന്മാർക്കിനെ പരിചയപെടുത്തിയത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കോട്ടിഷ് ടീമിന്റെ ജയം. വിജയത്തോടെ സ്കോട്ലൻഡ് പ്ലെ ഓഫിന് യോഗ്യത നേടുകയും ചെയ്തു.ജോൺ സൗത്തട്ടർ (35′) ചെ ആഡംസ് (86′) എന്നിവരാണ് സ്കോട്ലൻഡിന്റെ ഗോളുകൾ നേടിയത്.