❝ഇവാൻ വുകൊമാനോവിച് കേരളത്തിലെത്തി ,ആരാധകർക്കൊപ്പം നൃത്തം ചെയ്ത് പരിശീലകൻ❞|Kerala Blasters

2022-23 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് കേരളത്തിലെത്തി .ഇന്ന് രാവിലെയാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്.പ്രിയ പരിശീലകന് വൻ വരവേൽപ്പാണ് വിമാനത്താവളത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയത്.

ഇവാനെക്കാത്ത് അതിരാവിലെ മുതൽ കാത്തു നിന്ന ആരാധകർ അദ്ദേഹത്തെക്കണ്ടതോടെ ആവേശത്തിലാറാടി. ആരാധകരെ കണ്ടതോടെ ഇവാനും ആവേശത്തിലായി. മഞ്ഞ പൂക്കളുമായി എത്തിയ ആരാധകർ കോച്ചിന് ജയ് വിളിച്ച് കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.കേരളത്തിൽ എത്തിയതിൽ വലിയ സന്തോഷം ഉണ്ട് എന്നും ഈ സീസണിൽ ഏറെ പ്രതീക്ഷ ഉണ്ട് എന്നും ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊപ്പം ഇവാന്‍ ചാന്റുകളുടെ ഭാഗമായി. സെല്‍ഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാന്‍ ഹോട്ടലിലേക്കു പോയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം താരങ്ങളും ഇന്നും നാളെയുമായി കൊച്ചിയിലെത്തും. വിദേശ താരങ്ങളും കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഉടന്‍ കൊച്ചിയില്‍ പരിശീലനമാരംഭിക്കും.

ഇവാൻ എത്തുന്നതോടെ വിദേശ താരങ്ങളും എത്തും. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ പ്രീസീസൺ തുടങ്ങിയിരുന്നു. അത് കേരളത്തിന് വലിയ ഗുണം ആവുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പ്രീസീസണായി പോകും. ഇവാൻ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സും ക്യാമ്പും ആരാധകരും കൂടുതൽ സജീവമാവുകയും ചെയ്യും. കഴിഞ്ഞ സീസൺ നഷ്ടപെട്ട കിരീടം ഇത്തവണ നേടിയെടുക്കും എന്ന വാശിയിലാണ് പരിശീലകനും ബ്ലാസ്റ്റേഴ്സും.