❝ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ആസ്റ്റൺ വില്ല താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്❞

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ആസ്റ്റൺ വില്ല താരം ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഏകദേശം 100 മില്യൺ പൗണ്ട് നൽകി ഗ്രീലീഷിനെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നത്. അഞ്ചു വര്ഷം നീണ്ടു നിലക്കുന്ന കരാറിലാവും താരം സിറ്റിയിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കേ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള പോൾ പോഗ്ബയുടെ ട്രാൻസ്ഫർ റെക്കോർഡ് തകർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 2016ൽ 93.2 മില്യൺ പൗണ്ട് നൽകിയാണ് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.

വില്ല അക്കാദമിയുടെ വളർന്ന 25 കാരൻ തന്റെ കരിയർ മുഴുവൻ വില്ലയിൽ തന്നെയാണ് ചിലവഴിച്ചത്.സിറ്റി, വില്ല, ഗ്രീലിഷ് പ്രതിനിധികൾ കരാറിന്റെ അവസാന ഘട്ട ചർച്ചകളിലാണ്. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയുടെ മുന്നേറ്റത്തിന് കരുത്തു കൂട്ടാനായി ബെയർ ലെവർകൂസനിൽ നിന്ന് ലിയോൺ ബെയ്‌ലിയെ 30 മില്യൺ ഡോളറിന് സ്വന്തമാക്കുകയും ചെയ്തു. ഗ്രീലീഷിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന ലഭിക്കുന്ന വരുമാനത്തിൽ നിന്നും ചെൽസി സ്‌ട്രൈക്കർ ടമ്മി എബ്രഹാമിനെയും സ്വന്തമാക്കാൻ വില്ല ഒരുങ്ങുന്നുണ്ട്.

സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഇഷ്ട താരം കൂടിയാണ് ഗ്രീലിഷ്. പെപ്പിന്റെ താല്പര്യത്തിന്റെ പുറത്താണ് ഗ്രീലിഷ് സിറ്റിയിൽ എത്താൻ പോകുന്നത്. പോൾ സ്കോൾസിനും, ലാംപാർടിനും, ജറാർഡിനും ശേഷം ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവു മികച്ച മിഡ്ഫീൽഡറായാണ് 25 കാരനെ കണക്കാക്കുന്നത്.. മൂന്നു സീസണുകൾക്കു ശേഷം 2019 ൽ ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിച്ച ഗ്രീലിഷ് കഴിഞ്ഞ രണ്ടു സീസണുകളിലായി ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡറായും,വിങ്ങറായും ഒരു പോലെ തിളങ്ങാൻ താരത്തിനാവും.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 26 മത്സരങ്ങളിൽ നിന്നും 6 ഗോളും 10 അസിസ്റ്റുമായി മികച്ചു നിന്നു. 2019 -2020 പ്രീമിയർ ലീഗ് സീസണിൽ 36 മത്സരങ്ങളിൽ നിന്നും 8 ഗോളും 6 അസിസ്റ്റുമായി ലീഗിലെ മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളായി തെരഞ്ഞെടുത്തു.പന്തിൽമേലുള്ള മികച്ച നിയന്ത്രണവും, വേഗതയും, ഡ്രിബ്ലിങ്ങും, ലോങ്ങ് റേഞ്ചിൽ നിന്നും ഗോൾ നേടാനുള്ള കഴിവും,ഒരു പ്ലെ മേക്കറുടെ ചടുലതയും എല്ലാം ചേർന്ന മിഡ്ഫീൽഡർ ജനറലാണ് ഗ്രീലിഷ്.