❝എനിക്ക് ചവിട്ടുന്നത് ഇഷ്ടമാണ്❞ : സൗഹൃദ മത്സരത്തിൽ നേർക്ക് നേർ ഏറ്റുമുട്ടി ക്ലബ് അമേരിക്ക ഗോൾകീപ്പർ ഒച്ചോവയും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാക്ക് ഗ്രീലിഷും

2022/23 ഫുട്ബോൾ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ക്ലബ്ബുകളും അവരുടെ പ്രീ-സീസൺ മത്സരങ്ങളുടെ തിരക്കിലാണ്. ജപ്പാൻ, മെക്സിക്കോ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ തങ്ങളുടെ പ്രീ-സീസൺ ടൂറുകൾ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ മെക്സിക്കൻ ടീമായ ക്ലബ് അമേരിക്കയെ നേരിട്ടു. യുഎസിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. മത്സരത്തിൽ സിറ്റിക്കായി കെവിൻ ഡിബ്രൂയ്‌നാണ് രണ്ട് ഗോളുകളും നേടിയത്.

സാധാരണയായി, പ്രീ-സീസൺ മത്സരങ്ങൾ ഓരോ ടീമും സൗഹൃദ മത്സരങ്ങളായിട്ടാണ് കാണുന്നത്. എന്നിരുന്നാലും, മാഞ്ചസ്റ്റർ സിറ്റി – ക്ലബ് അമേരിക്ക മത്സരത്തിലെ കാഴ്ചകൾ വ്യത്യസ്തമായിരുന്നു. മത്സരത്തിനിടെ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാക്ക് ഗ്രീലിഷും ക്ലബ് അമേരിക്കയുടെ ഗോൾകീപ്പർ ഒച്ചോവയും തമ്മിൽ വാക്കേറ്റമുണ്ടായി.

ഗ്രീലിഷ് ഒച്ചോവയെ ചവിട്ടുകയും ഇതിൽ രോഷാകുലനായ ഒച്ചോവ ഗ്രീലിഷുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഗ്രീലിഷ് ഒച്ചോവയെ കൈകൊണ്ട് തള്ളി. തുടർന്ന്, ഒച്ചോവ ഗ്രീലിഷിനെതിരെ പ്രതികരിച്ചു. പിന്നീട് ക്ലബ് അമേരിക്ക താരങ്ങൾ എത്തി ഗ്രീലിഷിന്റെ ജഴ്‌സിയിൽ കൈയിട്ട് പിടിക്കുന്ന നിലയിലേക്ക് പോരാട്ടം നീങ്ങി.ക്ലബ് അമേരിക്കയുടെ നമ്പർ 23 മിലിയോ ലാറ മുഷ്ടി ചുരുട്ടികൊണ്ടാണ് ഗ്രീലീഷിന്റെ അടുത്തേക്ക് നീങ്ങിയത്.ഗ്രീലിഷിനെ കളിയിലുടനീളം എതിർ താരങ്ങൾ കിക്ക് ചെയ്യുകയും ഫൗൾ ചെയ്യുകയും ചെയ്തു.

തനിക്ക് ചവിട്ടുന്നത് ഇഷ്ടമാണെന്നാണ് സംഭവത്തിനു ശേഷം മാഞ്ചസ്റ്റർ സിറ്റി താരം അഭിപ്രായപ്പെട്ടത്.“എനിക്ക് കുറച്ച് കിക്കുകൾ കിട്ടിയിരുന്നു , പക്ഷേ ഇതെല്ലാം വ്യക്തമായും ഗെയിമിന്റെ ഭാഗമാണ്.ഇതൊരു കടുപ്പമേറിയ ഗെയിമാണെന്നും ആക്രമണാത്മക ഗെയിമാണെന്നും ഞങ്ങൾക്കറിയാമായിരുന്നു. അവർ നമ്മളേക്കാൾ ഫിറ്റായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു,കാരണം ഇത് ഞങ്ങളുടെ ആദ്യ ഗെയിമായിരുന്നു” ഗ്രീലിഷ് പറഞ്ഞു.