❝ നിർത്താതെയുള്ള ⚽🔥ഗോളടി, റാഞ്ചാൻ
ഒരുങ്ങി ✍️💰 പണച്ചാക്കുകൾ രംഗത്ത് ❞

എഴുതി തള്ളിയവർക്ക് മുന്നിൽ ഗോളുകളിലൂടെ മറുപടി നൽകുകയാണ് വെസ്റ്റ് ഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ജെസ്സി ലിംഗാർഡ്. യുണൈറ്റഡിൽ നിന്നും വെസ്റ്റ് ഹാമിൽ എത്തിയത് മുതൽ മിന്നുന്ന ഫോമിലാണ് ലിംഗാർഡ്.പ്രീമിയർ ലീ​ഗിലെ ഉജ്ജ്വല പ്രകടനം യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളുടെയും ശ്രദ്ധയിൽപെട്ടിരിക്കുകയാണ്. പി.എസ്.ജിയടക്കമുള്ള ക്ലബുകൾ താരത്തെ നോട്ടമിടുന്നതായി റിപ്പോർട്ട് വരികയും ചെയ്തു .ഈ ജനുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലിൻ​ഗാർഡ് വെസ്റ്റ്ഹാമിലെത്തുന്നത്. എന്നാൽ വെസ്റ്റ്ഹാമിൽ ലിൻ​ഗാർഡ് തീപ്പൊരിയായി മാറുകയായിരുന്നു.

ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ നേടിയ ഡബിളടക്കം ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് തവണയാണ് ലിൻ​ഗാർഡ് പ്രീമിയർ ലീ​ഗിൽ വലകുലുക്കിയത്. ലിംഗാർഡിനെ നൽകി വെസ്റ്റ് ഹാമിന്റെ ഡക്ലൻ റയ്‌സിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വെസ്റ്റ് ഹാം അതിനു തയ്യാറായേക്കില്ല. യൂറോപ്പിലെ വൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, പി എസ് ജി, റയൽ മാഡ്രിഡ് എന്നിവരൊക്കെ ലിംഗാർഡിനായി രംഗത്തുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


മാഞ്ചസ്റ്ററിൽ അവസരം ലഭിക്കാതെ ആണ് ലിംഗാർഡ്‌ വെസ്റ്റ് ഹാമിലേക്ക് പോയത്. അവിടെ നിന്നാണ് ലിംഗാർഡ് ഫോമിലേക്ക് ഉയർന്നത്.അതേസമയം തന്നെ ലോണിലെത്തിയ താരത്തെ സ്ഥിരമായി നിലനിർത്താനാകും വെസ്റ്റ് ഹാമിന്റെ ശ്രമം. യുണൈറ്റഡുമായി താരത്തിന് ഒരു വർഷത്തെ കൂടി കരാറെ ബാക്കിയുള്ളു. അതിനാൽ തന്നെ മികച്ച ട്രാൻസ്ഫർ തുക ലഭിച്ചാൽ ലിൻ​ഗാർഡിനെ വിൽക്കാൻ യുണൈറ്റഡ് തയ്യാറായേക്കും. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീ​ഗ് കളിക്കാൻ ആ​ഗ്രഹിക്കുന്ന ലിൻ​ഗാർഡ് ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ലിൻ​ഗാർഡിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ചെൽസിയെയും, ടോട്ടൻഹാമിനെയും ,ലിവര്പൂളിനെയും മറികടന്നു ലീഗിൽ നാലാം സ്ഥാനത്തെത്താൻ വെസ്റ്റ് ഹാമിനായി. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാണ് അവർ ശ്രമിക്കുന്നത്.