❝ യൂറോ🏆🔥 കപ്പിൽ 💪🇮🇹 ഇറ്റലിയുടെ നട്ടെല്ല്,
മിഡ്ഫീൽഡ് ⚽⭐ ജനറൽ ജോർജ്ജിഞ്ഞോ ❞

ഇന്ന് രാത്രി റോമിൽ യൂറോ 2020 ന്റെ ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ ഇറ്റലി ഇറങ്ങുമ്പോൾ ഒരു പ്രധാന ടൂർണമെന്റിലേക്കുള്ള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തും.2018 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട അസൂറി പട പരിശീലകൻ റോബർട്ടോ മാൻസിനിയിലൂടെ വലിയൊരു ഉയർത്തെഴുന്നേൽപ്പാണ്‌ നടത്തിയത്.2018 ഒക്ടോബർ ശേഷം തോൽവി അറിയാതെ തുടർച്ചയായി 27 മത്സരങ്ങൾ കളിച്ച ഇറ്റലി കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന്റെ വേദന മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.

2018 ൽ റഷ്യയിൽ യോഗ്യത നേടാൻ സാധിക്കാത്തത് ഇറ്റാലിയൻ ഫുട്ബോളിനെ വളരെ ആഴത്തിൽ ബാധിച്ചിരുന്നു.ലോകകപ്പ് ഫൈനലിൽ ആറ് തവണ കളിച്ച ഇറ്റലി നാല് തവണ കിരീടം നേടി .മൂന്ന് യൂറോ ഫൈനലുകളിൽ എത്തിയ അസ്സുറി 1968 ലാണ് അവരുടെ ഒരേയൊരു വിജയം നേടിയത് . 2000 ത്തിലും 2012 ലും ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിനോടേയും സ്പെയിനിനോടും ഫൈനലിൽ പരാജയപെടാനായിരുന്നു വിധി. 50 വർഷത്തിലധികമായി യൂറോപ്യൻ കിരീടത്തിനായുള്ള കാത്തിരിപ്പ് ഈ വര്ഷം അവസാനിപ്പിക്കാനാണ് ഇറ്റലിയുടെ ശ്രമം.

1990 കളുടെ തുടക്കത്തിലും പിന്നീട് ലാസിയോയ്‌ക്കൊപ്പവും സാംപ്‌ഡോറിയയിലും മാൻസിനിയുടെ ഇഷ്ടപെട്ട ശൈലിയായ 4-3-3 ലേക്ക് ഇറ്റലി മാറിയതോടെ പ്രതിരോധത്തിനൊപ്പം മുന്നേറ്റത്തിനും കൂടുതൽ സാദ്ധ്യതകൾ തെളിഞ്ഞു. ഈ ശൈലിയിലൂടെ മുന്നേറ്റ നിരക്ക് പന്തെത്തിക്കാൻ ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ പൊസിഷൻ ടീമിൽ കൊണ്ട് വരികയും ചെയ്തു. ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ റോളിൽ ഇറ്റാലിയൻ ടീമിൽ തിളങ്ങി നിന്ന താരമാണ് ചെൽസി താരം ജോർജിഞ്ഞോ. പിച്ചിന്റെ മധ്യത്തിൽ ഇറ്റലിയുടെ ബിൽഡ്-അപ്പ് പ്ലേയിൽ ക്രിയേറ്റീവ് മിഡ്ഫീൽഡറായ ജോർ‌ജിൻ‌ഹോ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരായി എത്താൻ സാധ്യതയുള്ള സിറോ ഇമ്മൊബൈൽ,ആൻഡ്രിയ ബെലോട്ടി, ലോറെൻസോ ഇൻസൈൻ എന്നിവർക്ക് പിന്നിൽ ഒരു ഡീപ് ലയിങ് പ്ലെ മേക്കറുടെ റോളിലാവും ജോർ‌ജിൻ‌ഹോ കളിക്കുക.

ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ താരങ്ങളായ നിക്കോളോ ബറേല ,ലോകട്ടെല്ലി എന്നിവരോടൊപ്പം മിഡ്ഫീൽഡിൽ ജോർജിഞ്ഞോ മികച്ച ഒത്തിണക്കമാണ് പുറത്തെടുത്തത്. ജോർജിഞ്ഞോയുടെ മിഡ്ഫീൽഡിലെ മികവ് ഇന്റർ മിലൻ യുവ താരം നിക്കോളോ ബറേലക്ക് കൂടുതൽ സ്വാത്യന്ത്രത്തോടെ കളിക്കാനും സാധിക്കുന്നു. ജോർജിഞ്ഞോയുടെ ബുദ്ധിയും ,ഊർജ്ജവും , വിഷനും എല്ലാം ഇറ്റലിയെ ഒരു ടീമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.തന്ത്രപരമായി നോക്കുകയാണെങ്കിൽ മാൻസിനിയുടെ കീഴിൽ ഇറ്റലി ആസ്വദിച്ച വിജയത്തിന്റെ പിന്നിലെ മൂലക്കല്ലാണ് ഈ 29 കാരൻ എന്ന് മനസ്സിലാവാൻ സാധിക്കും .

സാങ്കേതികത, വർക്ക് റേറ്റ് ,പന്ത് കൈവശം വയ്ക്കാനുള്ള കഴിവ്,കൃത്യത ,പാസിംഗ് എന്നിവയെല്ലാം താരത്തെ മിഡ്ഫീൽഡിലെ ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തരാക്കുന്നു .ബോക്സ്-ടു-ബോക്സ് മിഡ്ഫീല്ഡറുടെ റോളിലോ ഒരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ റോളിലോ കളിക്കാൻ ജോർജിഞ്ഞോക്ക് സാധിക്കും.എന്നാൽ ജോർജിഞ്ഞോയുടെ ഏറ്റവും മികച്ച പ്രകടനം പലപ്പോഴും വന്നിരിക്കുന്നത് ഡീപ് ലയിങ് പ്ലെ മേക്കറുടെ റോളിലാണ്. ഇറ്റാലിയൻ ഫുട്ബോൾ പദപ്രയോഗത്തിൽ രജിസ്റ്റ റോൾ എന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്.

2018 ൽ നാപോളിയിൽ നിന്നും ചെൽസിയിലെത്തിയ 29 കാരൻ കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ ജോർജിഞ്ഞോ വഹിച്ച പങ്ക് മികച്ചതായിരുന്നു. യൂറോ കപ്പിൽ ഇറ്റാലിയൻ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഈ ബ്രസീലിൽ ജനിച്ച താരത്തിന് വലിയ പങ്കു തന്നെ വഹിക്കാനാവും. മികച്ചൊരു യുവനിരയുടെ കരുത്തിലെത്തുന്ന ഇറ്റാലിയൻ ടീമിന് യൂറോയിൽ വലിയ കിരീട പ്രതീക്ഷ തന്നെയുണ്ട്.

2018 ലെ ചാരത്തിൽ നിന്ന് ഈ ഇറ്റാലിയൻ ടീമിനെ കെട്ടിപ്പടുക്കിയ റോബർട്ടോ മാൻസിനി യുവത്വവും പരിചയസമ്പത്തും ഒരു പോലെ സമന്വയിപ്പിച്ച ഒരു ടീമുമായാണ് യൂറോയുടെ ആദ്യ മത്സരത്തിനിതുന്നത്. ഇന്ന് രാത്രി തുർക്കിക്കെതിരെ മികച്ച വിജയത്തോടെ ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ വേദനാജനകമായ ഒരു കാലഘട്ടത്തിലെ തെറ്റുകൾ ശരിയാക്കി തിരിച്ചു വരാനുള്ള അവസരമായാണ് കണക്കാക്കുന്നത്.