“റെക്കോർഡുകളുടെ പെരുമഴ തീർത്ത് ബട്ട്ലർ ;വീണ്ടും സെഞ്ച്വറി,ഓറഞ്ച് ക്യാപ്പ് “

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 റൺസ് ജയം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ, 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ്‌ റൈഡേഴ്‌സിന് 210 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. എന്നിരുന്നാലും ഒരുനിമിഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ ആരാൺ ഫിഞ്ചിന്റെയും ബാറ്റിംഗ് പ്രകടനം കെകെആറിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം സഞ്ജുവും രാജസ്ഥാനും വിജയം നേടിയെടുത്തു.

ഇംഗ്ലീഷ് ഓപ്പണർ ബട്ട്ലർ ഈ സീസണിൽ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തുകയും ചെയ്തു.61 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 103 റൺസാണ് ഇംഗ്ലീഷ് ബാറ്റർ നേടിയത്. നേരത്തെ, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ജോസ് ബറ്റ്ലർ സെഞ്ച്വറി (100) നേടിയിരുന്നു.

ഇതോടെ ഒരുപിടി റെക്കോർഡുകളും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഓപ്പണർ. ബറ്റ്ലറെ കൂടാതെ, ശിഖർ ധവാൻ (2020), ഷെയ്ൻ വാട്സൺ (2018), ഹാഷിം അംല (2017), ക്രിസ് ഗെയ്ൽ (2011) എന്നിവരും 2 സെഞ്ച്വറികളുമായി ഈ എലൈറ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 2016 ഐപിഎൽ സീസണിൽ 4 സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയാണ്‌ പട്ടികയിൽ ഒന്നാമത്.

കൂടാതെ, ഐപിഎൽ 2022-ൽ ഇതിനോടകം ഏറ്റവും കൂടുതൽ തവണ 50+ സ്കോർ ചെയ്യുന്ന ബാറ്ററായും ബറ്റ്ലർ മാറി. ബറ്റ്ലർ 4 തവണ 50+ സ്കോർ ചെയ്തപ്പോൾ, 3 തവണ 50+ സ്കോർ ചെയ്ത മറ്റൊരു ഇംഗ്ലീഷ് താരമായ പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിങ്സ്റ്റൺ ആണ് പട്ടികയിൽ രണ്ടാമത്. മാത്രമല്ല, ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ ഐപിഎൽ ചരിത്രത്തിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ബാറ്ററായി മാറിയിരിക്കുകയാണ് ബറ്റ്ലർ.

എല്ലാത്തിനുമുപരി, ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റർ എന്ന റെക്കോർഡും ജോസ് ബറ്റ്ലർ സ്വന്തം പേരിലാക്കി. 3 സെഞ്ച്വറികളുമായിയാണ് രാജസ്ഥാൻ റോയൽസിനായി 2 സെഞ്ച്വറികൾ നേടിയ അജിങ്ക്യ രഹാനെ, ഷെയ്ൻ വാട്സൺ എന്നിവരെ മറികടന്ന് ബറ്റ്ലർ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന സെഞ്ച്വറി നേട്ടക്കാരനായത്.