❝ഈ സീസണിലെ മൂന്നാമത്തെ സെഞ്ചുറിയുമായി ജോസ് ബട്ട്ലർ , കൂടെ ഒരു പിടി റെക്കോർഡുകളും❞ |IPL 2022

ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ജോസ് ബട്‌ലറുടെ ബാറ്റിങ് വെടിക്കെട്ട് തുടരുകയാണ് . ഡല്‍ഹിക്കെതിരേയും സെഞ്ച്വറി നേടിയതോടെ സീസണിലെ മൂന്നാം സെഞ്ച്വറിയെന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയിരിക്കുന്നത്.നേരത്തെ, മുംബൈ ഇന്ത്യൻസിനെതിരെ മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ തന്റെ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ ബറ്റ്ലർ, മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അനായാസ ജയത്തിലേക്ക് നയിച്ചിരുന്നു.

തുടർന്ന്, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബറ്റ്ലർ, ഐപിഎൽ 2022-ലെ അദ്ദേഹത്തിന്റെ രണ്ടാം സെഞ്ച്വറിയും നേടി, ആ മത്സരത്തിലും രാജസ്ഥാൻ റോയൽസ് ആവേശകരമായ ജയം സ്വന്തമാക്കിയിരുന്നു. കൂടാതെ, ടൂർണമെന്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും അദ്ദേഹം അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ലെ 34-ാം മത്സരത്തിലേക്ക് വന്നാൽ, ബറ്റ്ലർ തന്റെ സ്വാഭാവിക രീതിയിലാണ് കളിച്ചു തുടങ്ങിയത്. ആദ്യ 10 പന്തുകളിൽ ജാഗ്രതയോടെ ബാറ്റ് ചെയ്ത ബറ്റ്ലർ, പവർപ്ലേ അവസാനിച്ചതോടെ, തന്റെ ഇന്നിംഗ്‌സ് വേഗത്തിലാക്കുകയും അസാധാരണമായ ചില ഷോട്ടുകൾ പായിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്റെ അർദ്ധ സെഞ്ച്വറി തികക്കുകയും ചെയ്തു. കൂടാതെ, 16-ാം ഓവറിൽ പടിക്കൽ പുറത്താകുന്നതിന് മുമ്പ് ദേവദത്ത് പടിക്കലിനൊപ്പം 91 പന്തിൽ 155 റൺസും കൂട്ടിച്ചേർത്തു.ഇതിനിടെ ഖലീൽ അഹമ്മദ് എറിഞ്ഞ 16-ാം ഓവറിൽ ജോസ് ബട്ട്‌ലർ സെഞ്ച്വറി തികച്ചു. ഒടുവിൽ, 19-ാം ഓവറിൽ മുസ്തഫിസുർ റഹ്മാന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ, ബറ്റ്ലർ 65 പന്തിൽ പന്തിൽ 9 ഫോറും 9 സിക്സും ഉൾപ്പെടെ 177.19 സ്ട്രൈക്ക് റേറ്റിൽ 116 റൺസ് നേടിയിരുന്നു.

ഇതോടെ, വിരാട് കോഹ്‌ലിക്ക് ശേഷം ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ രണ്ട് സെഞ്ച്വറികളിൽ കൂടുതൽ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി ജോസ് ബട്ട്‌ലർ മാറി.ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ബട്‌ലര്‍ക്കായി. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയ്ല്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ബട്‌ലര്‍ക്കൊപ്പം ഷെയ്ന്‍ വാട്‌സനും ഡേവിഡ് വാര്‍ണറും നാല് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സ് മൂന്ന് സെഞ്ച്വറിയാണ് നേടിയത്.

ഒരു ടീമിനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കും ബട്‌ലറെത്തി. ആര്‍സിബിക്കായി അഞ്ച് സെഞ്ച്വറി വീതം നേടിയ വിരാട് കോലിയും ക്രിസ് ഗെയ്‌ലുമാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ബട്‌ലര്‍ക്കായി. 2016ല്‍ നാല് സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ശിഖര്‍ ധവാന്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം ഒരു സീസണില്‍ രണ്ട് സെഞ്ച്വറി വീതം നേടിയവരാണ്.116 റണ്‍സുമായി ഈ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ബട്‌ലര്‍ സ്വന്തം പേരിലാക്കി. ഏഴ് മത്സരത്തില്‍ നിന്ന് 81.83 ശരാശരിയില്‍ 491 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 41 ഫോറും 32 സിക്‌സും അദ്ദേഹം പറത്തി.