❝യൂറോ കപ്പിൽ പറങ്കി കോട്ടക്ക് കാവലായെത്തുന്ന പ്രായം തളർത്താത്ത പോരാളി❞

യൂറോ കപ്പിനൊരുങ്ങുന്ന പോർച്ചുഗീസ് ടീമിന്റെ പ്രതിധിരോധത്തിന് ശക്തി പകരുന്നത് 37 ,38 വയസ്സുള്ള രണ്ടു വെറ്ററൻ താരങ്ങളായ ജോസേ ഫോണ്ടേയും , പെപ്പെയും . ഇന്നലെ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ കുത്തക അവസാനിപ്പിച്ച് ലില്ലേ ചാമ്പ്യന്മാരായപ്പോൾ ഏറ്റവും ഉയർന്നു കേട്ട പേരുകളിലൊന്നായിരുന്നു പോർച്ചുഗീസ് വെറ്ററൻ ഡിഫൻഡർ ജോസേ ഫോണ്ടേയുടെ. നിലവിലെ ഫോമിൽ ഫ്രഞ്ച് ലീഗിലെ തന്നെയല്ല ,യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻഡറായി 37 കാരൻ മാറി.2017 നു ശേഷം പി.എസ്.ജി അല്ലാതെ ഒരു ലീഗ് ചാമ്പ്യൻ ഫ്രാന്‍സില്‍ ഉണ്ടായിരിക്കുകയാണ്. സീസണിന്റെ തുടക്കത്തില്‍ ആരും തന്നെയും പ്രതീക്ഷ അര്‍പ്പിക്കാത്ത ലില്ലെയുടെ കിരീട വിജയത്തിൽ പ്രധിരോധ താരങ്ങൾ വഹിച്ച പങ്കു വില മതിക്കാനാവാത്തതാണ്.താരത്തിന്റെ മികച്ച ഫോം വരുന്ന യൂറോ കപ്പിൽ പോർചുഗലിനും വലിയ ഗുണം ചെയ്യും.

“സ്‌ട്രൈക്കേഴ്‌സ് മത്സരങ്ങൾ ജയിപ്പിക്കും എന്നാൽ ഡിഫെൻഡർമാർ കിരീടങ്ങൾ നേടിത്തരും” ആഴ്സണലിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഡിഫന്‍ഡര്‍ ആയിരുന്ന കോലോ ടൂറെ ഒരിക്കല്‍ നടത്തിയ പരാമര്‍ശം ആയിരുന്നു ഇത്. ഇതിനെ അടിവരയിടുന്ന ഒരു ഉദാഹരണമാണ് ഈ സീസണിലെ ലീല്‍. ലീഗ് മത്സരങ്ങളില്‍ ലീല്‍ അകെ വഴങ്ങിയത് 23 ഗോളുകള്‍ മാത്രം. 38 മത്സരങ്ങളില്‍ നിന്ന് അവര്‍ 21 ക്ലീന്‍ ഷീറ്റും നേടിയെടുത്തിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെന്‍സിവ് റെക്കോര്‍ഡ് ആണ് ഇത്.അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ സെന്‍ട്രല്‍ ഡിഫെന്‍സിലെ ജോസേ ഫോണ്ടെ – ഡച്ച് താരം സ്വെൻ ബോട്ട്മാന്‍ കൂട്ടുകെട്ടും.

ഇതില്‍ എടുത്ത് പരാമര്‍ശിക്കേണ്ട താരം ഫോണ്ടെ ആണ്. സതാംപ്ടണ്‍ – വെസ്റ്റ് ഹാം എന്നീ പ്രീമിയര്‍ ലീഗ് ടീമുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ഫുട്ബോള്‍ പണ്ഡിതര്‍ പുകഴ്ത്താതെ പോയ ഒരു താരം. എന്നാല്‍ അതിനേക്കാള്‍ വേദനാജനകം അദ്ദേഹം പോര്‍ച്ചുഗലിന് വേണ്ടി നടത്തിയ പ്രകടനം പെപ്പെയുടെ പ്രഭയില്‍ മങ്ങി പോയതാണ്. 2016 യൂറോ കപ്പ്, 2019 നേഷന്‍സ് കപ്പ് എന്നിവ പോര്‍ച്ചുഗലിന് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ഫോണ്ടെ. യൂറോ കപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഫോണ്ടെ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ വഴങ്ങിയത് 4 ഗോളുകള്‍ ആയിരുന്നു, അതും ദുര്‍ബലരായ എതിരാളികളുടെ മുന്നില്‍. എന്നാല്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെ പോര്‍ച്ചുഗല്‍ വഴങ്ങിയതാകട്ടെ വെറും ഒരു ഗോളും. സംശയിക്കണ്ട, അതില്‍ പ്രധാന കാരണക്കാരന്‍ പെപ്പെയുടെ സഹായത്തിന് വന്ന ഫോണ്ടെ തന്നെ.


സ്പോർട്ടിങ് ലിസ്ബണിലൂടെ കരിയർ ആരംഭിച്ച ഫോണ്ടെക്ക് ആദ്യത്തെ സീസണുകൾക്കു ശേഷം മികവ് തുടരാനായില്ല. 2007 -08 സീസണിൽ ക്രിസ്റ്റൽ പാലസിലെത്തിയതോടെ കരിയർ വീണ്ടും തിരിച്ചു പിടിക്കാനായി. രണ്ടു വർഷത്തിന് ശേഷം 2010 ൽ സതാംപ്ടണിലെത്തിയ ഫോണ്ടെ 2017 വരെ അവിടെ തുടർന്നു. 33 വയസ്സിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം ഫോണ്ടെയെ സ്വന്തമാക്കി . 2018 ൽ ഫ്രഞ്ച് ക്ലബ് ലില്ലേ 35 വയസ്സിൽ ടീമിലെത്തിച്ചു.ഫ്രഞ്ച് ലീഗ് കിരീടം നേടിയ ഈ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു 37 കാരൻ .പ്രായം വെറും അക്കങ്ങള്‍ ആണെന്ന് പറയാനൊക്കെ എളുപ്പമാ – പക്ഷെ എംബപ്പേ പോലുള്ള വേഗതയേറിയ താരങ്ങള്‍ കളിക്കുന്ന ലീഗില്‍, ഈ മികവ് പുലര്‍ത്താന്‍ പ്രത്യേക കഴിവ് തന്നെ വേണ്ടി വരും.

2014 ൽ 31 വയസ്സിൽ സതാംപ്ടണിൽ തിളങ്ങി നിന്ന കാലത്താണ് ഫോണ്ടെക്ക് പോർച്ചുഗീസ് ടീമിൽ ഇടം ലഭിക്കുന്നത്. പോർച്ചുഗലിന്റെ അണ്ടർ 21 താരമായ ഫോണ്ടെയുടെ ആദ്യ അന്താരാഷ്ട്ര മത്സരം ഫ്രാൻസിനെതിരെയായിരുന്നു. 2016 യൂറോ കപ്പിലും 2018 വേൾഡ് കപ്പിലും പോർച്ചുഗീസ് ടീമിന്റെ നേടും തൂണായി നിന്ന ഫോണ്ടെ രാജ്യത്തിനായി 45 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന യൂറോ കപ്പിൽ മരണ ഗ്രൂപ്പിലാക്കപ്പെട്ട പോർച്ചുഗലിന് ശക്തി പകരുന്നത് അവരുടെ ഉറച്ച പ്രതിരോധം തന്നെയാണ്. സിറ്റി താരം റൂബൻ ഡയസ് – പെപെ – ഫോണ്ടെ അടങ്ങുന്ന പരിചയ സമ്പന്നരായ താരങ്ങൾ അണിനിരക്കുമ്പോൾ ഗോൾ നേടാൻ എതിർ ടീം കുറച്ചു വിയർക്കുമെന്നുറപ്പാണ്.

(കടപ്പാട് )