❝ ചരിത്ര നേട്ടവുമായി ലെസ്റ്റർ സിറ്റി ; നാടകീയ പോരാട്ടത്തിൽ ഇന്ററിനെ വീഴ്ത്തി യുവന്റസ് ; ബുണ്ടസ്ലീഗയിൽ ഗോളടി റെക്കോർഡുമായി ലെവൻഡോസ്‌കി ❞

എഫ് എ കപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ലെസ്റ്റർ സിറ്റി. വെബ്ലി സ്റ്റേഡിയത്തിൽ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ് എ കപ്പ് നേടുന്നത്. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്.രണ്ടാം പകുതിയിലാണ് ലെസ്റ്റർ സിറ്റിയുടെ വക ഗോൾ വന്നത്. ഒരു വെംബ്ലി ക്ലാസിക്കായിരുന്നു ആ ഗോൾ. 63ആം മിനുറ്റിൽ യൂറി ടൈലമൻസ് 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോൾവലയുടെ ടോപ് കോർണറിൽ പതിച്ചു.

ഇതിനു ശേഷം ഹവേർട്സിനെയും പുലിസിചിനെയും ജിറൂഡിനെയും ഒക്കെ ഇറക്കി ചെൽസി തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു. ഹവേർട്സിന്റെ ഒരു ഹെഡർ സമർത്ഥമായി തടഞ്ഞ് കൊണ്ട് കാസ്പർ ഷിമൈക്കിൾ ലെസ്റ്ററിന്റെ രക്ഷകനായി.86ആം മിനുട്ടിൽ മേസൺ മൗണ്ടിന്റെ ഷോട്ടും ഷിമൈക്കിൾ ലോകനിലവാരമുള്ള സേവോടെ ഗോൾ വലയിൽ നിന്ന് അകറ്റി. 90ആം മിനുട്ടിൽ ചെൽസി പന്ത് വലയിൽ എത്തിച്ച് സമനില ആഘോഷിച്ചു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ച് ചെൽസി ആരാധകരുടെ ഹൃദയം തകർത്തു. കളിയുടെ അവസാന നിമിഷം വരെ ചെൽസി അറ്റാക്ക് തുടർന്നു എങ്കിലും സമനില ഗോൾ പിറന്നില്ല.ചെൽസി ഇത് തുടർച്ചയായ രണ്ടാം വർഷമാണ് എഫ് എ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.


ഇറ്റാലിയൻ സിരി എ യിൽ നിർണായകമായ മത്സരത്തിൽ ചാമ്പ്യന്മാരായ ഇന്റർ മിലാനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ കാത്ത് യുവന്റസ് അവസാന മിനുട്ടിൽ നേടിയ ഗോളിൽ ആണ് യുവന്റസ് 3-2ന്റെ വിജയം ഉറപ്പിച്ചത്.മത്സരത്തിന്റെ 23ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് യുവന്റസിന്റെ ആദ്യ ഗോൾ വന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത പെനാൾട്ടി ഹാൻഡനോവിച് സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. ഇന്റർ സമനില നേടിയതും പെനാൾട്ടിയിൽ നിന്നായിരുന്നു. 34ആം മിനുട്ടുൽ ലുകാകു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കൊഡ്രാഡോയിലൂടെ യുവന്റസ് ലീഡ് തിരികെയെടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെന്റക്കുർ ചുവപ്പ് കണ്ട് പുറത്തു പോയത് യുവന്റസിനെ പ്രതിരോധത്തിലാക്കി. 83ആം മിനുട്ടിൽ യുവന്റസ് ക്യാപ്റ്റൻ കിയെലിനി സെൽഫ് ഗോൾ വഴങ്ങിയതോടെ ഇന്റർ സമനില പിടിച്ചു. 88ആം മിനുട്ടിൽ വീണ്ടും ഒരു പെനാൾട്ടി യുവന്റസിന് അനുകൂലമായി വന്നതോടെ അവർക്ക് വിജയം ഉറപ്പിക്കാൻ ആയി. റൊണാൾഡോ സബ്ബായി പോയതിനായി കൊഡ്രാഡോ ആണ് യുവന്റസിന്റെ രണ്ടാം പെനാൾട്ടി എടുത്ത് ലക്ഷ്യത്തിൽ എത്തിച്ചത്.ഈ വിജയത്തോടെ യുവന്റസ് 75 പോയിന്റിൽ എത്തി.

സീരി എയിൽ മറ്റൊരു വിജയവുമായി അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അറ്റലാന്റയുടെ വിജയം.ഒമ്പതാം മിനുട്ടിൽ സപാറ്റയുടെ ഗോളിലാണ് അറ്റലാന്റ ഗോൾപട്ടിക തുറന്നത്. 26ആം മിനുട്ടിൽ മലിനൊവേസ്കിയും 44ആം മിനുട്ടിൽ ഗൊസൻസും അറ്റലാന്റയ്ക്കായി ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷൊമുർദോവിലൂടെ ഒരു ഗോൾ മടക്കാൻ ജെനോവയ്ക്ക് ആയി. എന്നാൽ 51ആം മിനുട്ടിലെ പസിലിചിന്റെ ഗോൾ മൂന്ന് ഗോൾ ലീഡ് പുനസ്ഥാപിച്ചു.67ആം മിനുട്ടിലെ പാൻഡേവിന്റെ പെനാൾട്ടിയും 84ആം മിനുട്ടിൽ ഷൊമുർദോവിന്റെ ഗോളും സ്കോർ 4-3 എന്നാക്കി എങ്കിലും അറ്റാലാന്റയുടെ വിജയം തടയാൻ ജെനോവയ്ക്ക് ആയില്ല. ഈ വിജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി അറ്റലാന്റ ലീഗിൽ രണ്ടാം സ്ഥാനത്തേ് നിൽക്കുകയാണ്. ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്.

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ഫ്രെയ്ബർഗ്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ചു പോയന്റ് പങ്കിട്ട് മടങ്ങി. തുടർച്ചയായ ഒൻപതാം കിരീടം കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ബയേൺ സ്വന്തമാക്കിയിരുന്നു.ബയേൺ മ്യൂണിക്കിന് വേണ്ടി റോബർട്ട് ലെവൻഡോസ്കിയും ലെറോയ് സാനെയും ഗോളടിച്ചു. ഫ്രെയ്ബർഗിന് വേണ്ടി മാനുവൽ ഗുൽഡേയും ഗന്തറും ഗോളടിച്ചു. ഈ സീസണിൽ ബുണ്ടസ് ഉൽ ലീഗയിൽ 40 ഗോളുകൾ അടിച്ച് ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോസ്കി. ഈ സീസണിലെ അവസാന മത്സരത്തിൽ ഗോളടിച്ചാൽ മുള്ളറുടെ റെക്കോർഡും പോളിഷ് സൂപ്പർ സ്റ്റാറിന് സ്വന്തമാക്കാം. മറ്റു പ്രധാന മത്സരങ്ങളിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഷാൽക്കെ ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി.