” അനായാസം ചെൽസി ക്വാർട്ടറിൽ ; യുവന്റസ് പുറത്ത് ;അഴ്സണലിനെ കീഴടക്കി സിറ്റിക്ക് തൊട്ടരികിലെത്തി ലിവർപൂൾ “

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ പുറത്ത്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ സ്പാനിഷ് ക്ലബ് വിയ്യ റയലിനോട് മൂന്നു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെട്ടത്. ആദ്യ ആപാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. 4 -1 ന്റെ അഗ്രഗേറ്റ് സ്‌കോറിൽ വിജയിച്ചാണ് വിയ്യറയൽ അവസാന എട്ടിൽ എത്തിയത്.

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ യുവന്റസ് നിരവധി ഗോൾ അവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. വ്ലാഹോവിച്ചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി ഗോളായില്ല. 73 ആം മിനിറ്റിലാണ് കളിയുടെ ഗതിമാറ്റിയ സംഭവം. ബോക്സിനുള്ളിൽ വിയ്യാറയൽ താരം കോക്വിലിനെ റുഗാനി വീഴ്ത്തിയതിന് VARന്റെ സഹായത്തോടെ പെനാൽറ്റി അനുവദിച്ചതോടെ കളി മാറി. കിക്ക് എടുത്ത ജെറാർഡോ മൊറേനോയ്ക്ക് പിഴച്ചില്ല.പിന്നാലെ 85ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ പോ ടോറസ് ലീഡ് ഇരട്ടിയാക്കി.

90ആം മിനുട്ടിൽ ഒരു പെനാൾട്ടി ഗോൾ കൂടെ വന്നതോടെ യുവന്റസ് തോൽവി സമ്മതിച്ചു. ഡാഞ്ചുമ ആണ് ഈ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.ബോക്സിനുള്ളിൽ വെച്ച് പന്ത് ഡിലിറ്റിന്റെ കയ്യിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു വിയ്യാറയലിന്റെ മൂന്നാം ഗോൾ. യുവന്റസ് കൂടി പുറത്തായതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മത്സരിക്കാൻ ഒറ്റ ഇറ്റാലിയൻ ടീം പോലുമില്ലാതായി.

നിലവിലെ ചാമ്പ്യന്മാരായ ചെൽസി ക്വാർട്ടറിൽ സ്ഥാനം പിടിച്ചു.ഫ്രഞ്ച് ക്ലബ് ലില്ലെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്. 4-1ന്റെ അഗ്രിഗേറ്റിൽ ആനി ചെൽസി വിജയിച്ചത്.പെനാൽറ്റിയിലൂടെ യിൽമാസ്‌ ലീലിനെ ആദ്യം മുന്നിൽ എത്തിച്ചെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് ചെൽസി ജയം പിടിച്ചെടുക്കുകയായിരുന്നു. ക്രിസ്റ്റിയൻ പുലിസിക്കും ക്യാപ്‌റ്റൻ സെസാർ അസ്പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്‌സനലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം കൂടുതൽ ശക്തമാക്കി ലിവർപൂൾ.ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറക്കാൻ ഈ ജയത്തോടെ ലിവർപൂളിനായി. ആദ്യപകുതിയിലെ കളിയിൽ ആഴ്സനൽ മികച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ ലിവർപൂളിന് മുന്നിൽ അടിപതറി. 55 ആം മിനുട്ടിൽ തിയാഗോയുടെ പാസ് സ്വീകരിച്ച് ജോട്ടയാണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്.

62 ആം മിനുട്ടിൽ പകരകകരണയി ഇറങ്ങിയ ഫർമീനോ റൊബേർട്സന്റെ പാസിൽ നിന്ന് രണ്ടാം ഗോളും നേടി. 29 മത്സരങ്ങളിൽ നിന്ന് റെഡ്സിന് 69 പോയിന്റായി. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണുള്ളത്. ആഴ്സണൽ 51 പോയിന്റുമായി നാലാമതാണ്.ഏപ്രിൽ 10ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ സൂപ്പർ പോരാട്ടം ഈ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളെ നിർണയിക്കുന്നതിൽ നിർണായകമാകും.