പിർലോയുടെ കീഴിൽ യുവന്റസിന് വിജയ തുടക്കം

ഇറ്റാലിയൻ സീരി എ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് വിജയ തുടക്കം. പുതിയ പരിശീലകൻ പിർലോയുടെ കീഴിലിറങ്ങിയ റൊണാൾഡോയും കൂട്ടരും സാംപ്‌ഡോറിയക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്. അവസാന സീസണുകളിൽ വ്യത്യസ്തമായി വളരെ വേഗത്തിൽ നീക്കങ്ങൾ നടക്കുന്ന ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുന്ന യുവന്റസിനെ ആണ് ഇന്നലെ കണ്ടത്.പുതിയ സൈനിങ്‌ കുലുസെവ്സ്കി , ബൊനൂച്ചി ,റൊണാൾഡോ എന്നിവരാണ് യുവന്റസിന്റെ ഗോളുകൾ നേടിയത്.

പുതുതായി ടീമിലെത്തിയ അമേരിക്കൻ മക്കെന്നിയെയും സ്വീഡിഷ് താരം കുലുസെവേസ്കിയെയും ആദ്യ ഇലവനിൽ എത്തിച്ച് കാര്യമായ മാറ്റത്തോടെയുള്ള ഒരു ടീമിനെ ആയിരുന്നു ഇന്ന് പിർലോ ഇറക്കിയത്. തുടക്കം മുതൽ തന്നെ മികച്ച രീതിയിൽ കളിച്ച യുവന്റസ് 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു ഈ സീസണിൽ അറ്റലാന്റയിൽ നിന്നും ടൂറിനിൽ എത്തിയ ഡെജാൻ കുലുസെവ്സ്കി മത്സരത്തിൽ തന്റെ ആറാമത്തെ ടച്ചിൽ തന്നെ ഗോൾ സ്വന്തമാക്കി.കളിയുടെ 24 ആം മിനുട്ടിൽ സൂപ്പർ താരം റൊണാലോഡോയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി .

ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ യുവന്റസിന് നിരവധി അവസരങ്ങൾ ലഭിച്ചു. 79 ആം മിനുട്ടിൽ ഡിഫൻഡർ ബൊനൂച്ചിയിലൂടെയാണ് യുവന്റസ് രണ്ടാം ഗോൾ നേടിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ 89ആം മിനുട്ടിലാണ് വന്നത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു