❝പതിറ്റാണ്ടിന് ശേഷം യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാവുമോ ❞

2010-11 സീസണിലാണ് അവസാനമായി യുവന്റസ് യുവേഫാ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാനാവതെ പുറത്തായത്. ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷവും ഇറ്റാലിയന്‍ സൈഡിന് യോഗ്യത ലഭിച്ചിരുന്നില്ല. ഈ രണ്ട് വര്‍ഷവും ഇറ്റലിയിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇതിന് ശേഷമുള്ള 10 വര്‍ഷങ്ങളിലും സീരി എ കിരീടം നേടിയായിരുന്നു ബ്ലൂ ലേഡിയുടെ ചാംപ്യന്‍സ് ലീഗ് പ്രവേശനം. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാനാവാത്ത ഉയരത്തിലായി യുവന്റസിന്റെ കുതിപ്പ്.

എന്നാല്‍ ഇക്കുറി 2010ന്റെ അതേ അവസ്ഥയിലേക്കാണ് യുവന്റസിന്റെ പോക്ക്. കിരീടം നഷ്ടപ്പെട്ട യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഇക്കുറി തുലാസിലാണ്. യൂറോപ്പാ ലീഗ് പ്രവേശനമെങ്കിലും ക്ലബ്ബിന് ലഭിക്കുമോ എന്നാണ് യുവ് ആരാധകരുടെ ചിന്ത. 33 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുവന്റസ് സീരി എയില്‍ അഞ്ചാം സ്ഥാനത്താണ്. ലീഗില്‍ യുവന്റസിന് ശേഷിക്കുന്നത് അഞ്ച് മല്‍സരങ്ങളാണ്. ഈ അഞ്ച് മല്‍സരങ്ങളില്‍ യുവന്റസ് ജയിച്ചാലും ടോപ് ഫോറിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ടീമിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത.


ഉഡിനീസ്, ഇന്റര്‍മിലാന്‍, സസുഓള, എസി മിലാന്‍, ബോലോണ എന്നീ ടീമുകള്‍ക്കെതിരേയാണ് യുവന്റസിന്റെ ശേഷിക്കുന്ന മല്‍സരങ്ങള്‍.ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടക്കുന്നത് വന്‍ മല്‍സരങ്ങള്‍. യുവേഫാ ചാംപ്യന്‍സ് ലീഗ് ലക്ഷ്യം മാത്രം ലക്ഷ്യവച്ച് പ്രമുഖരാണ് ഇന്നിറങ്ങുന്നത്.ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ, നാലാം സ്ഥാനത്തുള്ള നപ്പോളി, അഞ്ചാം സ്ഥാനത്തുള്ള യുവന്റസ്, ആറാം സ്ഥാനത്തുള്ള ലാസിയോ എന്നിവരാണ് ഇന്ന് പോരിനിറങ്ങുന്നത്.

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബെനവെന്റോയെ തോല്‍പ്പിച്ച് എ സി മിലാന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോഴാണ് യുവന്റസ് അഞ്ചിലേക്ക് വീണത്. അറ്റ്‌ലാന്റയുടെ ഇന്നത്തെ എതിരാളി സസുഓളയാണ്. യുവന്റസ് എതിരിടുന്നത് ഉഡിനീസുമായാണ്. നപ്പോളി കൊമ്പുകോര്‍ക്കുന്നത് കാഗ്ലിയാരിയുമായും ലാസിയോ ജനോവയെയുമായാണ് ഏറ്റുമുട്ടുക.