അർജന്റീന സൂപ്പർ താരം ബെക്കാമിന്റെ ക്ലബ്ബിലേക്ക്

അർജന്റീനയുടെ യുവന്റസ് സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വയിൻ അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക്. മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ ഇന്റർ മിയാമിയിൽ ചേരുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അമേരിക്കൻ സോക്കർ ലീഗിൽ ഈ സീസൺ മുതൽ കളിക്കാൻ തുടങ്ങിയ ക്ലബാണ് ഇന്റർ മിയാമി. ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ഇതിനകം തന്നെ യുവന്റസിൽ നിന്ന് മധ്യനിര താരം മാറ്റ്യുഡിയെ സൈൻ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹിഗ്വയിനെയും സൈൻ ചെയ്യാനുള്ള ശ്രമം.

ഹിഗ്വയിന് യുവന്റസിൽ ഇനിയും കരാർ ഉണ്ട് എങ്കിലും താരത്തിന്റെ കരാർ റദ്ദാക്കാൻ യുവന്റസ് തീരുമാനിച്ചിരുന്നു. ഇതിനായി ഹിഗ്വയിന് ഒരു തുക യുവന്റസ് നൽകുകയും ചെയ്യും. രണ്ടു വർഷത്തെ കരാറിനാണ് 32 കാരൻ അമേരിക്കയിലെത്തുന്നത്. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കൈമാറ്റങ്ങളിലൊന്നായി 2016 ൽ ടൂറിനിലെത്തിയ അർജന്റീന താരം കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. യുവന്റസിനൊപ്പം മൂന്ന് സിരി എ കിരീടങ്ങൾ നേടി, 2017 ൽ കാർഡിഫിൽ റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ട ടീമിലും ഹിഗ്വയിൻ ഉണ്ടായിരുന്നു.