” ഒരു കളിക്കാരനെന്ന നിലയിൽ വലിയ പുരോഗതി കൈവരിച്ച താരമാണ് സഹൽ ” : ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയത്തിൽ എടുത്തു പറയേണ്ട പേരാണ് സഹൽ അബ്ദുൽ സമദ് എന്ന കേരള യുവ താരത്തിന്റെ. ഈ സീസണിന്റെ തുടക്കത്തിൽ ഗോളുകൾ അടിച്ചു കൂട്ടി കഴിഞ്ഞ സീസണിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാൻ താരത്തിനായി. ലീഗിന്റെ ആദ്യ ഘട്ടത്തിൽ നാല് ഗോളുകൾ നേടുകയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ സ്ഥിരംഗമായിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ തന്റെ ഫോമും സ്കോറിങ്ങും നിലനിർത്താൻ താരത്തിനായില്ല. അതോടെ ആദ്യ ടീമിൽ നിന്നുള്ള സ്ഥാനവും നഷ്ടപ്പെട്ടു. എന്നാൽ ഇന്നലെ മുബൈക്കെതിരെ നേടിയ ഗോളോടെ ശക്തമായ തിരിച്ചു വരവാണ് താരം നടത്തിയത് .

ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സഹൽ നേടിയ ഗോളിൽ ഇവാൻ വുകോമാനോവിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.“ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ വലിയ മുന്നേറ്റം നടത്തുന്ന ആളാണ് സഹൽ .ഇത്തരത്തിലുള്ള കാര്യങ്ങൾ കരിയറിന്റെ ചില ഭാഗങ്ങളിൽ അൺലോക്ക് ചെയ്യണം. സഹൽ സ്‌കോർ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സീസണിൽ ഇതിനകം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. അവൻ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന ആളാണ്, ഞാൻ കരുതുന്നു. അവൻ മാത്രമല്ല, ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്ന് ഞങ്ങൾക്കുണ്ട്.ഐ‌എസ്‌എല്ലിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത നിരവധി യുവാക്കൾ ഇപ്പോൾ ഞങ്ങളുടെ ടീമിൽ കളിക്കുന്നു അവരിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ അവരെക്കുറിച്ച് അഭിമാനിക്കുന്നു, അവർ വളരെയധികം മെച്ചപ്പെടുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക മത്സരത്തിലെ വിജയത്തില്‍ സഹൽ സന്തോഷം പ്രകടിപ്പിച്ചു.ടീമിലെ എല്ലാവരുടെയും ഒത്തൊരുമയാണ് കളിയിലെ വിജയത്തിന്റെ പിന്നിലെന്നും കളിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും സഹല്‍ പ്രതികരിച്ചു. പ്രതിരോധ നിരയും മുന്നേറ്റവും എല്ലാവരും ഒരു പോലെ ഉത്തരവാദിത്വത്തോടെ കളിച്ചുവെന്നും ജയത്തില്‍ വളരെ സന്തോഷമുണ്ടെന്നും സഹല്‍ പറഞ്ഞു.ഇതുവരെ കളിച്ച അതേ രീതിയില്‍ തന്നെ അടുത്ത കളിയിലും മാറ്റുരയ്ക്കുമെന്ന് സഹല്‍ പറഞ്ഞു. അടുത്ത മത്സരവും നിര്‍ണായകമായാണ് കാണുന്നത് അത് കൊണ്ട് മികച്ച പ്രകടനം കാഴ്ച വെക്കാനായിരിക്കും ടീമിലെ എല്ലാവരും ശ്രമിക്കുക സഹൽ പറഞ്ഞു.

ഇന്നലെ നേടിയ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 19 മത്സരങ്ങളിൽ നിന്നും 33 പോയിന്റുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മാർച് ആറിന് ഗോവക്കെതിരെ നടക്കുന്ന മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിൽ സ്ഥാനം പിടിക്കും.