❝ മറ്റൊരു ധോണിയെ ഞാൻ ആ താരത്തിൽ കാണുന്നു❞ ; ഇന്ത്യൻ ക്യാപ്റ്റനെ പുകഴ്ത്തി പാകിസ്ഥാൻ താരം

ശ്രീലങ്ക പര്യടനത്തിൽ ടീം ഇന്ത്യ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ശിഖർ ധവാന്റെ ക്യാപ്റ്റന്സിയേ പുകഴ്ത്തി മുൻ താരങ്ങൾ അടക്കം പലരും രംഗത്തെത്തിയിരുന്നു. ആദ്യമായി ഇന്ത്യയെ നയിക്കുന്ന ധവാന്റെ കീഴിൽ അനായാസം ഏകദിന പരമ്പര നേടുകയും ചെയ്തു.ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ആദ്യ ടി20യിലും ഇന്ത്യ വിജയിച്ചു. ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാന്‍. വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും അതിനെ അതിജീവിച്ച് പരമ്പര ഉയര്‍ത്താനും മുന്നില്‍ നിന്ന് നയിക്കാനും ധവാനായി.

ഇപ്പോഴിതാ ശിഖര്‍ ധവാനില്‍ മറ്റൊരു ധോണിയെ കാണാനാവുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ആദ്യ ടി20യിലെ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി മനോഹരമായിരുന്നു. ബൗളിങ് വ്യത്യാസങ്ങളും ഫീല്‍ഡിങ്ങിലെ വിന്യാസങ്ങളും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. കൂള്‍ നായകനായാണ് ധവാനെ കണ്ടത്. ധവാന്റെ ശാന്തതയോടെയുള്ള ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ ചില ശൈലികളുടെ സ്വാധീനമുണ്ടെന്നും കമ്രാന്‍ പറഞ്ഞു.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മനോഹരമായി തീരുമാനങ്ങളെടുക്കാന്‍ ധവാന് സാധിക്കുന്നു. മികച്ച തുടക്കം ശ്രീലങ്കയ്ക്ക് ലഭിച്ചപ്പോഴും വിറച്ചില്ല. രണ്ടോവറില്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ് നേടിയടുത്തുനിന്ന് 38 റണ്‍സ് വിജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. ഇതില്‍ ധവാന്‍ വലിയ പ്രശംസ അര്‍ഹിക്കുന്നു. ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതായിരുന്നു’-കമ്രാന്‍ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ അതിവേഗ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഒന്നാം ടി20യില്‍ തന്റെ മികവ് കാട്ടാന്‍ ധവാന് സാധിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇരുവര്‍ക്കും ആദ്യ ഓവറുകളില്‍ തല്ലുകിട്ടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയെക്കൊണ്ടുവന്ന് കൂട്ടുകെട്ട് പൊളിച്ച ധവാന്‍ ക്യാപ്റ്റന്‍സി പ്രശംസ അര്‍ഹിക്കുന്നതാണ്.

ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെയും കമ്രാന്‍ പ്രശംസിച്ചു. ‘വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍ തന്റെ പരിചയസമ്പത്തിനെ നന്നായി ഉപയോഗിച്ചു, ക്ലാസ് ബൗളറാണവന്‍. 165 റണ്‍സ് വിജയലക്ഷ്യം ഇന്നത്തെ ക്രിക്കറ്റില്‍ അത്ര വലുതല്ല. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നു. ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാനുമായില്ല’-കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.