❛❛ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മജീഷ്യൻ ❜❜ : കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മികച്ച താരമായി ലൂണ |Kerala Blasters

കഴിഞ്ഞ എട്ടു സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ 29 കാരൻ വഹിച്ച പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും ലൂണ ബ്ലാസ്റ്റേഴ്സിനായി നിറഞ്ഞു കളിച്ചെങ്കിലും കലാശ പോരാട്ടത്തിൽ വിജയത്തിൽ എത്തിക്കാൻ മാത്രം സാധിച്ചില്ല.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്തട്ടിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ നയിച്ച ക്യാപ്റ്റൻ ലൂണയെ ആണ് ആരാധകർ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി തിരഞ്ഞെടുത്തത്.കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകർക്ക് വോട്ട് ചെയ്താണ് വിജയിയെ കണ്ടെത്തിയത്.

അൽവാരോ വാസ്‌കസ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൽ സമദ്, പ്രഭ്സുഖാൻ ഗിൽ, ഹോർമിപാം, പൂയ്ടിയ, ജീക്സൺ സിംഗ്, മാർകോ ലെസ്‌കോവിച്ച്, ഹർമൻജ്യോത് കാബ്ര, പെരേര ഡയസ് എന്നിവരാണ് വോട്ടിങ്ങിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. 26700 വോട്ടുകളാണ് ആകെ പോൾ ചെയ്യപ്പെട്ടത്. ഇതിൽ 44 ശതമാനം വോട്ടുകൾ നേടിയാണ് ലൂണയുടെ വിജയം. 11800 വോട്ടുകളാണ് ലൂണ ആകെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ പ്രതിരോധ താരം ഹോർമിപാം 5700 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള അൽവാരോ വാസ്‌കസ് 3500 വോട്ടുകളും, നാലാം സ്ഥാനത്തുള്ള സഹൽ 2700 വോട്ടുകളും നേടി.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളും കളിച്ച ലൂണ ആറ് ഗോളുകളും 7 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഉപനായകനായാണ് ഉറുഗ്വേൻ സീസൺ ആരംഭിച്ചത്, എന്നാൽ ജെസൽ കാർനെയ്‌റോയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ജനുവരിയിൽ ലൂണ ടീമിന്റെ ക്യാപ്റ്റനായി മാറി.ഒരു സീസൺ കൊണ്ട് തന്നെ മഞ്ഞപ്പടയുടെ ഇടയിൽ ഐതിഹാസിക പദവി നേടാനും താരത്തിനായി.

Rate this post