❝ 🇧🇷 സ്‌കൊളാരി മുതൽ മുൻ ബാഴ്‌സ
🔴🔵 താരം വരെ, 💛💙 ബ്ലാസ്റ്റേഴ്‌സ്
പരിശീകലരുടെ ലിസ്റ്റിൽ വമ്പൻമാർ മാത്രം ❞

ഓരോ സീസൺ ആരംഭിക്കുമ്പോഴും ടീമിൽ എത്തിക്കുന്ന പരിശീലകരെ സീസണിന് ഇടയിലോ അല്ലെങ്കിൽ സീസൺ അവസാനിപ്പിക്കുമ്പോഴോ പുറത്താക്കുന്നതിൽ കുപ്രസിദ്ധി നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ടീം കളിച്ച സീസണുകളെക്കാൾ കൂടുതൽ പരിശീലകർ ക്ലബ്ബിനെ കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്.പരിശീലകരെ തുടർച്ചയായി മാറ്റുന്നതിന് യാതൊരു മടിയുമില്ലാത്ത ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ് മാറി . എല്ലാ സീസണുകളിലും പരിശീലകരെ മാറ്റിക്കൊണ്ടേയിരിക്കുന്ന അവർ 2021-22 സീസണ് മുന്നോടിയായും പുതിയ പരിശീലകനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്.

കഴിഞ്ഞ സീസണിൽ വൻ പ്രതീക്ഷകളോടെയെത്തിയ സ്പാനിഷ് പരിശീലകൻ കിബു വിക്കൂന, സീസണിന്റെ അവസാന ഘട്ടമെത്തിയപ്പോൾ സ്ഥാനമൊഴിഞ്ഞിരുന്നതിനാലാണ് ഇക്കുറി പുതിയ പരിശീലകനെ കണ്ടെത്താൻ കൊമ്പന്മാർ നിർബന്ധിതരായിരിക്കുന്നത്.ക്ലബ് രൂപീകരിച്ചതിന്റെ ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ നിലവിൽ തേടുന്നത് പത്താമത്തെ പരിശീലകനായാണ്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകരെ കണ്ടെത്തുന്നതിൽ ധാരാളം പിഴവുകൾ വരുത്തിയിട്ടുണ്ടെന്ന് മുൻ സീസണുകളിലെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനാൽ തന്നെ പുതിയ സീസണിലേക്ക് ഒരു പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ദിക്കേണ്ടതുണ്ട്.

മുൻ വർഷങ്ങളിലെപ്പോലെ ഇക്കുറിയും ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരായിരിക്കുമെന്നുള്ള കാര്യത്തിൽ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. എല്ലാത്തവണത്തേയും പോലെ ഇക്കുറിയും ഒരു പറ്റം സ്റ്റാർ പരിശീലകരുടെ പേരുകളാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്ന് മുൻ ബ്രസീലിയൻ പരിശീലകനായ ലൂയി ഫിലിപ് സ്കൊളാരിയുടേതാണ്.


മുൻ ബാഴ്സലോണ താരവും, റയൽ സോസിദാദ്, ജിറോണ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുമുള്ള യൂസേബിയോ സാക്രിസ്റ്റന്റെ പേരും ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി പറഞ്ഞു കേൾക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവാൻ ഏറ്റവുമധികം സാധ്യതകളുള്ളത് യൂസേബിയോക്കാണെന്നാണ് സൂചനകൾ.ജര്‍മന്‍ ക്ലബ്ബുകളായ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്, ബയേര്‍ ലേവര്‍ക്യൂസന്‍ തുടങ്ങിയ വന്‍ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഡച്ചുകാരനായ പീറ്റ് ബോഷാണ് അഭ്യൂഹങ്ങളില്‍ മുന്നിൽ തന്നെയുണ്ട്.

ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിയുടെ പരിശീലകനായിരുന്ന കെവിൻ മസ്ക്കറ്റ്, പോർട്ടോ, ഫെനർബാഷെ, ഒളിമ്പ്യാക്കോസ് തുടങ്ങിയ വമ്പൻ ക്ലബ്ബുകളെ കളി പഠിപ്പിച്ചിട്ടുള്ള വിക്ടർ പെരേര, മൊറോക്കൻ സൂപ്പർ ക്ലബ്ബായ മൊഗ് ഹ്രബ് ടെട്ടാനെ കളി പഠിപ്പിച്ചിട്ടുള്ള ഏഞ്ചൽ വിയാഡെറോ, എന്നിവരും ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചനകൾ. ഇതിൽ പലതും വെറും അഭ്യൂഹങ്ങൾ മാത്രമാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇക്കുറിയും ഏതെങ്കിലും വമ്പൻ പരിശീലകനെ ടീമിലേക്ക് കൊണ്ടു വരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനെ മുമ്പ് പരിശീലിപ്പിച്ച സ്റ്റീവ് കോപ്പല്‍, എല്‍കോ ഷെട്ടോരി, കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ച ജൈറാര്‍ഡ് നൂസ് എന്നിവരും പട്ടികയിലുണ്ടെന്നും വാര്‍ത്തകളുണ്ടായി.

മുഖ്യപരിശീലകനെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് രണ്ടാഴ്ച്ച മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ഇതേകുറിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.ഒന്നിലധികം സീസണ്‍ ടീമിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന പരിശീലകനെയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍പരിശീലകര്‍ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യം സ്‌കിന്‍കിസ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.