❝സെർബിയയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് പുതിയ അമരക്കാരൻ ❞

കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ആരു നയിക്കും എന്ന നീണ്ട കാലത്തെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അന്വേഷണത്തിന് അവസാനം. സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാവും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാനെത്തുന്ന പത്താമത്തെയാളാണ് വികുമാനോവിച്ച്.‌കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത കരാർ ഇവാൻ വുകമാനോവിച് അംഗീകരിച്ചു കഴിഞ്ഞു. കരാറിൽ അദ്ദേഹം ഒപ്പും വെച്ചു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.

സ്പാനിഷ് പരിശീലകനായ കിബു ‌വിക്കൂനയായിരുന്നു 2020-21 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് . എന്നാൽ ടീമിന്റെ പ്രകടനങ്ങൾ മോശമായതോടെ സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച ബ്ലാസ്റ്റേഴ്സ് പല സ്റ്റാർ പരിശീലകരേയും സമീപിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ സെർബിയക്കാരനായ വുകുമാനോവിച്ചിനെ ക്ലബ്ബ് തങ്ങളുടെ പുതിയ പരിശീലകനായി തീരുമാനിച്ചത്.


സൈപ്രസ് ക്ലബായ അപോളോൻ ലിമാസോളിന്റെ പരിശീലകനായാണ് അവസാനം ഇവാൻ പ്രവർത്തിച്ചത്. അന്ന് അദ്ദേഹത്തിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഫകുണ്ടോ പെരേര കളിച്ചിരുന്നു. 2013-14 സീസണിൽ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് വുകുമാനോവിച്ച് തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ മുഖ്യ പരിശീലകനായ അദ്ദേഹം 2017 ൽ അവരെ സ്ലൊവാക്യൻ സൂപ്പർ കപ്പ് കിരീടത്തിലേക്ക് നയിച്ചു. ഏറ്റവുമവസാനം സൈപ്രിയറ്റ് ഒന്നാം ഡിവിഷൻ ക്ലബ്ബായ അപോലൻ ലിമസോളിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാറിൽ ആകും 43കാരനായ ഇവാൻ എത്തുന്നത്. ഫുട്ബോൾ കളിക്കാരൻ ആയിരിക്കെ ഡിഫൻഡർ ആയിരുന്ന ഇവാൻ 1999ൽ ബോർഡക്സിനൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്.


കഴിഞ്ഞ സീസണിൽ ബ്ലാസ്റ്ററിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല 20 കളികളിൽ നിന്ന് 17 പോയിന്റുമായി താഴെ നിന്ന് രണ്ടാം സ്ഥാനത്തായിരുന്നു. പുതിയ പരിശീലകനെ പ്രഖ്യാപിച്ചതോടെ അടുത്ത സീസണിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. ഐ‌എസ്‌എൽ സീസൺ 8 ന് മുന്നോടിയായി കേരളം രോഹിത് കുമാറിനെ ക്ലബ് വിട്ടുകൊടുത്തെങ്കിലും ഹർമൻജോത് ഖബ്ര, സഞ്ജീവ് സ്റ്റാലിൻ, റുവ ഹോർമിപാം എന്നിവരെ ടീമിലെത്തിച്ചു . ഡിഫെൻഡർമാരായ ദെനേചന്ദ്ര മൈതെയ്, സന്ദീപ് സിംഗ് എന്നിവരുമായി കരാർ പുതുക്കുകയും ചെയ്തു.